'അന്നത്തെ ഓര്‍മകള്‍ ഇപ്പോഴും മനസില്‍'; വടക്കന്‍ വീരഗാഥയുടെ റീറിലീസില്‍ പ്രതികരിച്ച് മാധവി
സിനിമാ പ്രേമികളെയും താരങ്ങളെയും സംവിധായകരെയും എന്നും വിസ്മയിപ്പിക്കുന്ന ചിത്രമാണ് എം.ടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥ. 1989 ല്‍ റിലീസ് ചെയ്ത ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോഴും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകമാണ് ഈ ചിത്രം.
സിനിമയിലെ മമ്മൂട്ടിയുടെ ഡയലോഗുകള്‍ പുതുതലമുറയ്ക്കു പോലും കാണാപ്പാഠമാണ്. സുരേഷ് ഗോപി, മാധവി, ബാലന്‍ കെ. നായര്‍, ക്യാപ്റ്റന്‍ രാജു, ഗീത, ചിത്ര തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്.

മമ്മൂട്ടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയതടക്കം ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളുടെ ഒരു നീണ്ട നിരയാണ് ഈ ചിത്രത്തെ തേടിയെത്തിയത്. പഴയ ക്ലാസിക് ചിത്രങ്ങളുടെ റീ റിലീസുകള്‍ ഇപ്പോള്‍ സിനിമാ മേഖയില്‍ ട്രെന്‍ഡായി മുന്നേറുകയാണ്. 36 വര്‍ഷങ്ങള്‍ക്കു ശേഷം വടക്കന്‍ വീരഗാഥയും ഡിജിറ്റല്‍ മികവോടെ തിയറ്ററുകളിലെത്തുകയാണ്. ഫെബ്രുവരി ഏഴിനാണ് ചിത്രം വീണ്ടും തിയറ്ററുകളിലെത്തുന്നത്. റീറിലീസിന് മുന്നോടിയായുള്ള പ്രിവ്യൂ ഷോ ചെന്നൈയില്‍ നടന്നു. സംവിധായകന്‍ ഹരിഹരന്‍, സിനിമയില്‍ കണ്ണപ്പന്‍ ഉണ്ണിയായി അഭിനയിച്ച റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു. 4കെ ദൃശ്യമികവിലും ഡോള്‍ബി അറ്റ്‌മോസ് ശബ്ദത്തിലുമാണ് ചിത്രം പുനരവതരിപ്പിക്കുന്നത്.
റീറിലീസില്‍ സന്തോഷം പങ്കുവെച്ച് ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയായി വേഷമിട്ട മാധവിയും രംഗത്തെത്തി. തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് വടക്കന്‍ വീരഗാഥയെന്നും ചിത്രം വീണ്ടും റിലീസ് ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും മാധവി പ്രതികരിച്ചു. ഒരു ക്ലാസിക് ചിത്രം കാണാനുള്ള അസുലഭ അവസരമാണ് പുതുതലമുറയ്ക്ക് ലഭിച്ചിരിക്കുന്നത്. അന്നത്തെ ഷൂട്ടിങ് അനുഭവങ്ങള്‍ ഇപ്പോഴും തന്റെ മനസിലുണ്ടെന്നും മാധവി പറഞ്ഞു. എംടിയുടെ വിയോഗം നികത്താനാകാത്തതാണെന്നും മാധവി പറഞ്ഞു.
1989ല്‍ റിലീസ് ചെയ്ത ചിത്രം അക്കാലത്ത് വന്‍ തരംഗം സൃഷ്ടിച്ചിരുന്നു. കെ. രാമചന്ദ്രബാബുവാണ് ഛായാഗ്രഹണം. ചിത്രത്തിലെ പാട്ടുകള്‍ ഏക്കാലലെത്തയും വലിയ ഹിറ്റുകളാണ്. ബോംബെ രവിയാണ് സംഗീതമൊരുക്കിയത്. എം.എസ്. മണിയാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.
സാങ്കേതിക വിദ്യ ഇത്രത്തോളം വികസിച്ചിട്ടില്ലാത്ത കാലത്ത് ഇറങ്ങിയ ചിത്രത്തിന്റെ മികവു കൊണ്ട് തന്നെ ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. അടുത്തിടെ അന്തരിച്ച എംടി വാസുദേവന്‍ നായരോടുള്ള ആദരം കൂടിയായാണ് ഒരു വടക്കന്‍ വീരഗാഥ വീണ്ടും തിയറ്ററുകളില്‍ എത്തിക്കുന്നത്.












Click it and Unblock the Notifications