സെറ്റില്‍ മോശം പെരുമാറ്റം; രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ കോസ്റ്റ്യൂം ഡിസൈനര്‍
സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാളിനെതിരെ കോസ്റ്റ്യൂം ഡിസൈനര്‍ ലിജി പ്രേമന്‍. സംവിധായകനില്‍ നിന്ന് മോശം പെരുമാറ്റമാണ് നേരിടേണ്ടി വന്നത് എന്ന് ലിജി പ്രേമന്‍ പറഞ്ഞു. മനോരമ ഓണ്‍ലൈനിനോടായിരുന്നു അവരുടെ പ്രതികരണം. രതീഷിന്റെ ഏറ്റവും പുതിയ ചിത്രമായ 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'യില്‍ ലിജി ജോലി ചെയ്തിരുന്നു.
എന്നാല്‍ ചിത്രത്തിന്റെ ക്രെഡിറ്റ് ലൈനില്‍ പേര് ഉള്‍പ്പെടുത്തിയില്ല എന്നും നിശ്ചയിച്ചുറപ്പിച്ച പ്രതിഫലം തന്നില്ലെന്നും ലിജി ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി എറണാകുളം മുന്‍സിഫ് കോടതിയെ സമീപിച്ചിരിക്കുകയാണ് ലിജി. രതീഷില്‍ നിന്ന് കടുത്ത കളിയാക്കലും അപമാനവും നേരിടേണ്ടി വന്നിട്ടുണ്ട് എന്നും ലിജി കൂട്ടിച്ചേര്‍ത്തു. 35 ദിവസത്തെ വര്‍ക്ക് ഉണ്ടാകും എന്ന് പറഞ്ഞ് രതീഷ് തന്നെയാണ് തന്നെ സമീപിച്ചത് എന്ന് ലിജി പറയുന്നു.

'2.25 ലക്ഷം രൂപയാണ് പ്രതിഫലമായി ഞാന്‍ ചോദിച്ചത്. ഒരു ലക്ഷം രൂപ മുന്‍കൂറായി തന്നു. പ്രിപ്രൊഡക്ഷനും ഷൂട്ടിങ്ങും അടക്കം 110 ദിവസമാണ് ഞാനീ സിനിമയ്ക്ക് വേണ്ടി ജോലി ചെയ്തത്. പ്രിപ്രൊഡക്ഷന്‍ സമയത്തും എനിക്ക് അദ്ദേഹത്തില്‍ നിന്ന് പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നെങ്കിലും എന്നോടു തുടരാന്‍ പ്രൊഡക്ഷന്‍ ടീം ആവശ്യപ്പെടുകയായിരുന്നു.' ലിജി പ്രേമന്‍ പറയുന്നു.
സംവിധായകന്റെ ഈഗോയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നും വേലക്കാരിയോടു പെരുമാറുന്ന പോലെയാണ് തന്നോട് അദ്ദേഹം പെരുമാറിയിരുന്നത് ലിജി കൂട്ടിച്ചേര്‍ത്തു. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നത് പോലെയായിരുന്നു സംവിധായകന്റെ പെരുമാറ്റം. അങ്ങനെയാണ് പറ്റില്ലെന്നു പറഞ്ഞ് പിന്മാറിയത്. അപ്പോഴേക്കും ആ സിനിമയ്ക്ക് വേണ്ട എല്ലാ കോസ്റ്റ്യൂമും തയാറാക്കിയിരുന്നു.
സിനിമയുടെ ക്രെഡിറ്റില്‍ തന്റെ പേര് വെക്കുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ ഫെഫ്കയില്‍ പരാതി നല്‍കി. റിലീസിന് മുന്‍പ് ഫെഫ്കയുടെ നേതൃത്വത്തില്‍ പ്രൊഡ്യൂസര്‍ അസോസിയേഷന്റെ ഓഫീസില്‍ വെച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി. തന്റെ പേര് ക്രെഡിറ്റില്‍ വെക്കാമെന്ന് ഉറപ്പ് അവിടെ വെച്ച് നല്‍കിയതാണ് എന്നും ലിജി പറഞ്ഞു. നിര്‍മാതാക്കള്‍ക്ക് പേര് വെക്കുന്നതില്‍ പ്രശ്‌നമില്ലായിരുന്നു എന്നും എന്നാല്‍ സംവിധായകന്റെ പിടിവാശി കാരണമാണ് പേര് ഒഴിവാക്കിയത് എന്നും ലിജി പറഞ്ഞു.
സിനിമ ഇറങ്ങിയപ്പോള്‍ അതിലെ ക്രെഡിറ്റ് ലൈനില്‍ അസിസ്റ്റന്റ് എന്ന ലേബലിലാണ് തന്റെ പേര് വന്നത് എന്നും കോസ്റ്റ്യൂം ഡിസൈനറുടെ ക്രെഡിറ്റില്‍ മറ്റൊരാളുടെ പേരാണ് നല്‍കിയത് എന്നും ലിജി പറഞ്ഞു. ഇതോടെയാണ് നിയമപരമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. ഒരു സിനിമാ സെറ്റിലും ആര്‍ക്കും ഇതുപോലൊരു അവസ്ഥ ഉണ്ടാകരുത് എന്നും അതിനാല്‍ സംവിധായകനെതിരെയാണ് കേസ് കൊടുത്തത് എന്നും അവര്‍ വ്യക്തമാക്കി.
സെറ്റില്‍ എല്ലാവരുടെയും മുമ്പില്‍ വെച്ച് അപമാനിക്കുന്ന രീതിയിലാണ് രതീഷ് സംസാരിക്കുക എന്നും തന്നോട് മാത്രമല്ല മറ്റ് ചിലരോടും ഇതുപോലെ പെരുമാറിയിട്ടുണ്ട് എന്നും ലിജി ആരോപിച്ചു. തന്റെ പ്രതിഫലത്തില്‍ ഇനിയും 75000 രൂപ കിട്ടാനുണ്ട്. താന്‍ നേരിടേണ്ടി വന്ന മാനസിക സംഘര്‍ഷത്തിന് നഷ്ടപരിഹാരം കൂടി ആവശ്യപ്പെട്ടാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത് ലിജി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications