'സ്തുതി' ഗാനത്തിനെതിരായ വിമർശനം; നടി ജ്യോതിർമയിക്ക് പറയാനുള്ളത് ഇതാണ്
അമൽ നീരദ് സംവിധാനം ചെയ്ത 'ബോഗൻവില്ല' എന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ചിത്രത്തിന്റേതായി എത്തിയ ട്രെയിലറും പാട്ടുകളുമെല്ലാം ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു. 'സ്തുതി പാട്ടാണ്' പ്രധാനമായും ആരാധകർ ഏറ്റെടുത്തത്. സോഷ്യൽ മീഡിയയിലെല്ലാം ഈ ഗാനം ട്രെന്റിങ് ആയിരുന്നു.
എന്നാൽ ഈ പാട്ടിനെതിരെ ചിലർ വിമർശനവും ഉയർത്തി. സാത്താൻ സേവയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന തരത്തിലായിരുന്നു വിമർശനങ്ങൾ. ക്രൈസ്തവ വിശ്വാസത്തെ വികലമാക്കുന്നതാണ് ഗാനം എന്ന് ആരോപിച്ച് മലബാർ സഭയും രംഗത്തെത്തിയിരുന്നു. എന്നാലിതാ ഇത്തരം വിമർശനങ്ങളോട് പ്രതികരിക്കുകയാണിപ്പോൾ ഗാനരംഗത്തിൽ എത്തിയ നടി ജ്യോതിർമയി. ഏതെങ്കിലും ഒരു മതവിഭാഗത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നില്ല അത്തരമൊരു പാട്ടൊരുക്കിയതെന്നും സിനിമ പുറത്തിറങ്ങിക്കഴിയുമ്പോൾ ഈ തെറ്റിധാരണകൾ എല്ലാം മാറുമെന്നും അവർ പറഞ്ഞു. മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'ഒരു മതവിഭാഗത്തേയും ആരേയും വ്രണപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല ആ പാട്ട് ചെയ്തിരിക്കുന്നത്. ആളുകൾ അനാവശ്യമായി തെറ്റിധരിച്ചുവെച്ചിരിക്കുകയാണ്. സിനിമ കാണുമ്പോൾ ആളുകൾക്ക് എന്താണ് എങ്ങനെയാണ് എന്നുള്ളത് മനസിലാകുമെന്നാണ് കരുതുന്നത്. വളരെ ശുദ്ധമായൊരു മനസോടെയാണ് ആ പാട്ട് ചെയ്തിരിക്കുന്നത്. ഇത്രയും ആളുകൾ കർത്താവിന് സ്തുതി പാടുമ്പോൾ ഒരു പോസിറ്റീവ് എനർജി ഉണ്ടാകുകയാണല്ലോ ചെയ്യുക. നല്ലത് ചെയ്തിട്ട് ഇങ്ങനെ കേൾക്കുമ്പോൾ സങ്കടമുണ്ട്', ജ്യോതിർമയി വ്യക്തമാക്കി.
നേരത്തേ സ്തുതി ഗാനത്തിന്റെ ഗാനരചയിതാവ് വിനായക് ശശികുമാറും വിഷയത്തിൽ പ്രതികരിച്ചിരുന്നു. കാളപെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കരുതെന്നാണ് ഇക്കൂട്ടരോട് പറയാൻ ഉള്ളത് എന്നായിരുന്നു റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ വിനായക് പറഞ്ഞത്. പാട്ടിൽ മുഴുവൻ ദൈവത്തെ സ്തുതിച്ചും പ്രണയത്തെ പുകഴ്ത്തിയുമാണ് പറയുന്നതെന്നും പാട്ടിൽ അഭിനയിച്ച കഥാപാത്രങ്ങളുടെ വസ്ത്രത്തിന് ഒരു കൊമ്പ് ഉണ്ടെന്ന് കരുതി അതൊരിക്കലും സാത്താനെ സ്തുതിക്കൽ ആകില്ലെന്നുമായിരുന്നു വിനായക് തുറന്നടിച്ചത്.
സംഗീത സംവിധായകൻ സുഷിൻ ശ്യാം, ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ എന്നിവരാണ് ഗാനരംഗത്തെത്തിൽ ഉള്ളത്. സുഷിൻ ശ്യാം തന്നെയാണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. സുഷിനും മേരി ആൻ അലക്സാണ്ടറും ചേർന്നാണ് ഗാനം ആലപിച്ചത്. അതേസമയം ജ്യോതിർമയി, ഫഹദ് ഫാസിൽ ,കുഞ്ചാക്കോ ബോബൻ എന്നിവരെ പ്രധാനകഥാപാത്രമാക്കിയാണ് അമൽനീരദ് ബോഗൻവില്ല ഒരുക്കിയിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജ്യോതിർമയി അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.












Click it and Unblock the Notifications