'ഇത് ഓവറായി പോയി'; പ്രാങ്ക് കോള്‍ കൈവിട്ടു; ആര്‍ജെ ആഞ്ജലിക്കെതിരേ സൈബര്‍ ആക്രമണം: ഖേദപ്രകടനം
സമൂഹ മാധ്യമങ്ങളില്‍ ഏറെ ഫോളോവേഴ്‌സുള്ള വ്‌ളോഗറാണ് ആര്‍ജെ അഞ്ജലി. റേഡിയോ ജോക്കി കൂടിയായ അഞ്ജലിയുടെ പരിപാടികള്‍ക്ക് ഏറെ ആരാധകരുണ്ട്. അഞ്ജലിയുടെ തിരുവനന്തപുരത്തെ ഗ്രാമീണ ശൈലിയിലുള്ള സംസാരവും പെരുമാറ്റവുമാണ് വ്‌ളോഗുകളെ ശ്രദ്ധേയമാക്കുന്നത്.
എന്നാല്‍ ഇപ്പോള്‍ സ്വന്തം ഇന്‍സ്റ്റഗ്രാം പേജില്‍ അഞ്ജലി പോസ്റ്റ് ചെയ്ത ഒരു പ്രാങ്ക് വീഡിയോ കൈവിട്ടു പോയ അവസ്ഥയാണ്. ആര്‍ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോള്‍ ആണ് വലിയ വിവാദമായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് അഞ്ജലിയെയും നിരഞ്ജനയെയും വിമര്‍ശിക്കുന്നത്.

പ്രാങ്ക് കോള്‍ എന്ന പേരില്‍ ഇവര്‍ നിരവധി പേരെ ഫോണ്‍ വിളിച്ച് കബളിപ്പിക്കാറുണ്ട്. ഏറ്റവും ഒടുവിലാണ് ഇത് പ്രാങ്ക് കോളാണെന്ന് വെളിപ്പെടുത്തുന്നത്. പൊതുവേ ഇതെല്ലാം ഒരു കോമഡിയുടെ ഗണത്തിലാണ് കണക്കാക്കുന്നത് എന്നാല്‍ കഴിഞ്ഞ ദിവസം ചെയ്ത പ്രാങ്ക് കോള്‍ കൈവിട്ടു പോയതാണ് വിമര്‍ശനത്തിന് കാരണം. നിരവധി യൂട്യൂബര്‍മാരും ഈ പ്രാങ്ക് വീഡിയോ എടുത്ത് വിമര്‍ശിക്കുന്നുണ്ട്.
പ്രാങ്ക് എന്ന് പറഞ്ഞ് എന്ത് തോന്ന്യവാസവും ചെയ്യാനുള്ള ലൈസന്‍സ് അല്ല എന്നാണ് സമൂഹ മാധ്യമങ്ങളിലെ പല കമന്റുകളും ഓര്‍മിപ്പിക്കുന്നത്. ഇവരുടെ പരിപാടി വള്‍ഗറായി തുടങ്ങിയിട്ടുണ്ട്, എന്തും വിളിച്ചു പറയാം എന്ന രീതിയിലേക്ക് മാറി... എന്നാണ് ഒരാള്‍ വിമര്‍ശിച്ചിരിക്കുന്നത്.
ഒരു മെഹന്ദി ആര്‍ട്ടിസിനെ ഫോണ്‍ വിളിച്ച് പറ്റിക്കുന്നതാണ് ഇപ്പോഴുള്ള വിവാദത്തിന് കാരണം. പ്രാങ്ക് കോളിനിടെയുള്ള ഒരു ചോദ്യം സഭ്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നതാണെന്ന് നിരവധി പേര്‍ വിമര്‍ശിക്കുന്നു. കല്യാണത്തിന് മെഹന്ദി ഇടാന്‍ എന്ന പേരിലാണ് നിരഞ്ജന മെഹന്ദി ആര്‍ട്ടിസ്റ്റിനെ വിളിക്കുന്നത്. എല്ലായിടത്തും മെഹന്ദി ഇടുമോ എന്നാണ് ആദ്യം ചോദിക്കുന്നത്. കൈകളിലും കാലുകളും മെഹന്ദി ഇടുമോ എന്നും അതിന് എത്രയാണ് റേറ്റ് എന്നും ചോദിക്കുന്നുണ്ട്. ഇതിനുള്ള മറുപടിയും റേറ്റും മെഹന്ദി ആര്‍ട്ടിസ്റ്റ് നല്‍കുന്നുണ്ട്.
തുടര്‍ന്നാണ് വിവാദമായ ചോദ്യം വരുന്നത്. സ്വകാര്യ ഭാഗത്ത് മെഹന്ദി ഇടുമോ എന്നാണ് ആര്‍ട്ടിസ്റ്റിനോട് പരസ്യമായി ചോദിക്കുന്നത്. പ്രതിശ്രുത വരന് ഒരു സര്‍പ്രൈസ് കൊടുക്കാനാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഇത് കേട്ട ഉടനെ മെഹന്ദി ആര്‍ട്ടിസ്റ്റ് ഫോണ്‍ കട്ട് ചെയ്യുന്നു. തുടര്‍ന്ന് അഞ്ജലിയും നിരഞ്ജനയും ചിരിക്കുകയും ചെയ്യുന്നുണ്ട്.
മാന്യമായി ജോലി ചെയ്യുന്നവരെ അപമാനിക്കുന്നതാണ് ഈ ചോദ്യമെന്ന് കമന്റുകളില്‍ വിമര്‍ശനം ഉയരുന്നുണ്ട്. മെഹന്ദി ആര്‍ട്ടിസ്റ്റിന്റെ മാന്യത കൊണ്ടാണ് തിരിച്ച് മറുപടി പറയാത്തത് എന്നും പലരും ചൂണ്ടിക്കാട്ടുന്നു. ഒരാളെ മാനസികമായി ടോര്‍ച്ചര്‍ ചെയ്യുന്ന ഇത്തരം പ്രാങ്കുകള്‍ നിരോധിക്കണമെന്ന അഭിപ്രായവും പലരും പങ്കുവയ്ക്കുന്നുണ്ട്. അര്‍ച്ചന രാമചന്ദ്രന്‍ ആചാരി എന്ന പ്രൊഫൈലില്‍ വന്ന കമന്റ് ഇങ്ങനെ:
ഇത് കാണുമ്പോ ഒരു enterprenuer ക്ക് ഉണ്ടാവുന്ന ഒരു pain ഉണ്ട്, ഓരോ enquiry call ഉം ഞങ്ങളുടെ പ്രതീക്ഷയാണ്, ഭാവിയിലേക്കുള്ള വെളിച്ചം ആണ്, മനുഷ്യരുടെ ആകാംഷയെ ആത്മാർത്ഥതയെ പ്രതീക്ഷയെ ആണ് നിങ്ങൾ പരിഹസിക്കുന്നത്. .. !! അവർ ചിലപ്പോ നാളെ അടക്കണ്ട emi yude വേവലാതിയിൽ നില്കുമ്പോഴോ, മക്കളുടെ ഫീസ് ന്റെയോ അഡ്മിഷൻ ന്റെയോ കാര്യത്തിന് നിക്കുമ്പോഴോ ആണ് ഈ കാൾ attend ചെയ്തതെങ്കിൽ അവരുടെ ആത്മാസങ്കർഷം നിങ്ങൾക്കു ഊഹിക്കാൻ പറ്റുമോ? ?
ഒരു പുരുഷന്‍ ആയിരുന്നു ഇങ്ങനെ ചോദിച്ചതെങ്കില്‍ എന്താകും അവസ്ഥയെന്നും പലരും ചോദിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ അഞ്ജലി ഇന്‍സ്റ്റഗ്രാം പേജിലൂടെ ക്ഷമാപണം നടത്തിയിട്ടുണ്ട്. എങ്കിലും ഇരുവരും ചെയ്ത വീഡിയോ സൈബറിടത്ത് പറന്നുനടക്കുകയാണ്. നിരവധി പേരാണ് അഞ്ജലിക്കും സുഹൃത്ത് നിരഞ്ജനയ്ക്കും നേരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നത്.












Click it and Unblock the Notifications