'5 കോടി സർക്കാരിന് കൊടുക്കേണ്ടെന്ന് ഇന്നസെന്റിനോട് പറഞ്ഞു,പക്ഷെ;ഭാര്യ വഴക്കിടുന്നത് ഇതിന്';ധർമ്മജൻ
സിനിമ മേഖലയിൽ ഒരാളോട് നന്നായി പെരുമാറി എന്നത് കൊണ്ട് തിരിച്ചും അത്തരത്തിലുള്ള പ്രതികരണം പ്രതീക്ഷിക്കരുതെന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി. സൗഹൃദങ്ങൾ ആലോചിച്ച് തന്നെയാണ് തനിക്ക് ജീവിത്തിൽ പശ്ചാതാപം തോന്നിയിട്ടുള്ളതെന്നും ധർമ്മജൻ പറഞ്ഞു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. നടന്റെ വാക്കുകളിലേക്ക്
'സിനിമയിൽ ആത്മാർത്ഥത ഉള്ള സൗഹൃദവും ഇല്ലാത്ത സൗഹൃദവും ഉണ്ട്. നമ്മൾ ഒരാളോട് നന്നായി പെരുമാറി എന്നതുകൊണ്ട് അയാൾ നമ്മളോട് തിരിച്ച് അതുപോലെ പെരുമാറണമെന്ന് ഇല്ല. ഞാൻ എല്ലാവരോടും നന്നായാണ് പെരുമാറുന്നത്. എല്ലാവരും എല്ലായപ്പോഴും വിളിക്കാറില്ല. കുറച്ച് സുഹൃത്തുക്കൾ വിളിക്കും. എനിക്ക് ഏറ്റവും പശ്ചാതാപം തോന്നുന്നത് സൗഹൃദങ്ങളുടെ കാര്യത്തിലാണ്. ഭാര്യ വഴക്കുണ്ടാക്കുന്ന് പോലും സൗഹൃദത്തിന്റെ പേരിലാണ്. സൗഹൃദത്തിന് ഞാൻ അളവ് വെച്ചിട്ടില്ല. ആര് വിളിച്ചാലും പോകും.

തുറന്ന് പ്രതികരിക്കുന്ന ആളായതിനാൽ സോഷ്യൽ മീഡിയയിൽ ശത്രുക്കൾ കൂടുതലാണ്. ഞാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുന്നത് കുറവാണ്. എന്നാൽ പോസ്റ്റ് ഇട്ടാൽ തന്നെ അതിന് നെഗറ്റീവ് കമന്റുകൾ വരും. അത് നമ്മളെ അറിയാൻ പാടില്ലാത്തത് കൊണ്ടാണ്. ഞാൻ ആരാണെന്ന് അറിഞ്ഞാൽ അങ്ങനെ പറയാൻ തോന്നില്ല. എന്റെ വ്യക്തി ജീവിതത്തിൽ എന്നെ അറിയുന്നവർക്ക് എന്നോട് ശത്രുത കാണിക്കാനാകില്ല. സിനിമയിലും രാഷ്ട്രീയത്തിലും ഇല്ല. ഇനി ഒളിയമ്പ് ചെയ്യുന്നുണ്ടോയെന്ന് അറിയില്ല.
താരസംഘടന അമ്മയിൽ മത്സരിക്കുന്നോയെന്ന് എന്നോട് ചോദിച്ചിരുന്നു. എന്നാൽ ഞാൻ നിന്നില്ല. എല്ലാവരും നന്നായി പ്രവർത്തിക്കുന്നവരാണ്. ആര് വന്നാലും അമ്മ നന്നായി പോയാൽ മതി. അതിപ്പോൾ ലാലേട്ടനായാലും മറ്റുള്ളവർ ആയാലും. മര്യാദക്ക് കൊണ്ടുനടന്നാൽ മാത്രം മതി. ഹേമ കമ്മിറ്റിക്ക് പിന്നാലെ വന്ന തുറന്നുപറച്ചിലുകൾ അമ്മ സംഘടനയുടെ പ്രതിച്ഛായയെ കുറച്ചൊക്കെ ബാധിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും ഇതുപോലെ സംഭവങ്ങൾ ഉണ്ട്. ഇപ്പോഴത്തെ തുറന്ന് പറച്ചിലുകളിൽ സത്യമുണ്ടാകാം, ഉണ്ടാകാതിരിക്കാം.
യുവ തലമുറ അമ്മയുടെ തലപ്പത്തേക്ക് വരണം. ചിലർ യോഗങ്ങളിൽ പങ്കെടുക്കാറില്ല, വരാറില്ല, അവരൊക്കെ വല്യ കോടീശ്വരൻമാരായിരിക്കും, പക്ഷെ സംഘടന മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ എല്ലാവരും ഒത്തുപിടിക്കണം. നമ്മളൊക്കെ പെട്രോളും ഡീസലും അടിച്ചിട്ടാണ് ഈ യോഗത്തിനൊക്കെ പോകുന്നത്. വർഷത്തിലൊരിക്കൽ എല്ലാവരേയും കാണണമെന്നൊക്കെ കരുതിയാണ് പോകുന്നത്. ഒത്തുചേരൽ രസമാണ്.
സംഘടനയുടെ പേരിൽ ആരും മുതലെടുപ്പ് നടത്താറില്ല. ഇടവേള ബാബു ചേട്ടനൊക്ക ഉണ്ടായ സമയത്ത് ഫോൺ രണ്ട് റിങ് അടിക്കുമ്പോൾ തന്നെ എന്താ ധർമ്മ എന്ന് ചോദിച്ച് എടുക്കും, അത്രമാത്രം കണക്ഷൻ ഉണ്ട്. ലാലേട്ടനെ വിളിക്കുമ്പോൾ കിട്ടണമെന്നില്ല. ഇപ്പോഴും പുള്ളി ഉണ്ട്. മോഹൻലാൽ ആ സ്ഥാനത്ത് ഇല്ലെങ്കിലും അദ്ദേഹം ഉണ്ട്. ബാബു ചേട്ടനെ പോലുള്ളവർക്ക് ഓരോ താരങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാം. അത് എല്ലാവർക്കും അറിയണമെന്നില്ല.
അമ്മയിൽ മാറ്റങ്ങൾ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്ന കാര്യം ഉണ്ടായിട്ടില്ല. മുൻപ് പ്രളയത്തിന്റെ സമയത്ത് അമ്മ സംഘടന സർക്കാരിന് 5 കോടി കൈമാറിയിരുന്നു. ഞാനും പിഷാരടിയും മോഹൻലാൽ അടക്കമുള്ള താരങ്ങളും തങ്ങളുടേതായ രീതിയിലും പൈസ കൊടുത്തിട്ടുണ്ട്. അന്ന് ഞാൻ ഇന്നതെന്റ് ചേട്ടനോട് പറഞ്ഞിരുന്നു സർക്കാരിന് ആ പണം കൊടുക്കാതെ 2 കോടിക്ക് സ്ഥലം വാങ്ങി 3 കോടിക്ക് ദുരിതബാധിതർക്ക് വീട് വെച്ച് നൽകിക്കൂടെയെന്ന്. എന്നാൽ ചെവികൊണ്ടില്ല, എന്റെ രാഷ്ട്രീയം വേറെ ആയത് കൊണ്ടായിരിക്കാം അദ്ദേഹം കേൾക്കാതിരുന്നത് ' ധർമ്മജൻ പറഞ്ഞു.












Click it and Unblock the Notifications