ദീപിക പദുക്കോണും ആലിയയും മുന്നില്‍, പ്രതിഫലം 15 കോടി: മൂന്നാമത് ആരെന്ന് അറിയുമോ?
സമീപകാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പഴികേട്ടുകൊണ്ടിരിക്കുന്ന സിനിമ മേഖലയാണ് ബോളിവുഡ്. വലിയ പ്രതീക്ഷയുമായി എത്തിയ പല സിനിമകളും ബോക്സ് ഓഫീസില്‍ മൂക്കും കുത്തി വീണു. റിമേക്ക് വുഡ് എന്ന ഒരു പരിഹാസപ്പേര് തന്നെ അടുത്തിടെ ബോളിവുഡിന് ലഭിച്ചു. ഈ സാഹചര്യത്തില്‍ നിന്നും പഠാന്‍, ഗദ്ദർ 2, ജവാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ വലിയൊരു തിരിച്ച് വരവിന്റെ സൂചനയും ബോളിവുഡ് നല്‍കുന്നു.
സിനിമകള്‍ വലിയ തോതില്‍ വിജയിച്ചില്ലെങ്കിലും താരങ്ങള്‍ തങ്ങളുടെ പ്രതിഫലം വലിയ തോതില്‍ കൂട്ടിച്ചൊണ്ടിരിക്കുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്. ഇതിന് നടന്‍, നടീ എന്നീ വ്യത്യാസങ്ങളൊന്നുമില്ല. കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ദീപിക പദുക്കോൺ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങിയവരാണ് ഒരു സിനിമയ്ക്കായി ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടിമാരുടെ പട്ടികയില്‍ കുറേക്കാലമായി മുന്നിലുള്ളത്.

ദീപിക പദുക്കോണിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ പ്രധാന ചിത്രം പത്താനായിരുന്നു. റിപ്പോർട്ടുകള്‍ പ്രകാരം ചിത്രത്തില്‍ 15 കോടി രൂപവരെയാണ് അവർ പ്രതിഫലമായി ചോദിച്ചത്. ഏറ്റവും പുതിയ ഹിറ്റായ റോക്കി ഔർ റാണി കി പ്രേം കഹാനിക്ക് ആലിയ ഭട്ട് ഈടാക്കിയതാവട്ടെ 10 കോടി രൂപയും. ഡാർലിംഗ്സിന് വേണ്ടി 15 കോടി ഈടാക്കിയതായും ബ്രഹ്മാസ്ത്രയ്ക്ക് 12 കോടി ലഭിച്ചതായും റിപ്പോർട്ടുണ്ട്.
തെന്നിന്ത്യയിലേക്ക് വരുമ്പോള്‍ ഇതുവരേയുള്ള പ്രതിഫല കണക്കില്‍ മുന്നിലുള്ളത് നയന്‍താരയാണ. അടുത്തിടെ, ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം നയന്‍താര തന്റെ വേഷത്തിനനുസരിച്ച് ഒരു സിനിമയ്ക്ക് 5 മുതൽ 10 കോടി രൂപ വരെ പ്രതിഫലം ഈടാക്കി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഏകദേശം 200 കോടി രൂപയുടെ ആസ്തിയും താരത്തിനുണ്ട്. 2018ൽ ഫോർബ്‌സിന്റെ 15 കോടിയിലധികം വരുമാനമുള്ള സെലിബ്രിറ്റികളുടെ പട്ടികയിൽ ഇടംനേടിയ ഏക തെന്നിന്ത്യൻ നടിയായും നയന്‍താര ചരിത്രം സൃഷ്ടിച്ചിരുന്നു.
സ്വന്തമായി ഒരു ജെറ്റ് വിമാനവും ആഡംബര വസതിയും താരത്തിന് സ്വന്തമായിട്ടുണ്ട്. ജവാനാണ് നയന്‍താരയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഡിയർ സ്റ്റുഡന്റ്സ്, ലേഡി സൂപ്പർസ്റ്റാർ 75, ദ ടെസ്റ്റ്, തനി ഒരുവൻ 2 എന്നിവയുൾപ്പെടെ നിരവധി സിനിമകളും നയന്‍സിന്റേതായി പുറത്ത് വരാനുണ്ട്.
അതേസമയം, കമല്‍ഹാസന്‍-മണി രത്നം ചിത്രത്തിനായി തൃഷയ്ക്ക് 2 കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തതായുള്ള റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന താരമായി നയന്‍താരയെ മറികടന്ന് തൃഷയായി മാറും. ദുൽഖർ സൽമാനും ജയം രവിയും ചിത്രത്തില്‍ അഭിനയിക്കുന്നതായി സൂചനയുണ്ട്.












Click it and Unblock the Notifications