തൃഷക്കെതിരായ മാനനഷ്ടക്കേസ്: മന്‍സൂര്‍ അലി ഖാന് തിരിച്ചടി, പിഴയിട്ട് തള്ളി കോടതി
ചെന്നൈ: നടി തൃഷക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത നടന്‍ മന്‍സൂര്‍ അലി ഖാന് കോടതിയില്‍ നിന്ന് തിരിച്ചടി. മന്‍സൂര്‍ അലി ഖാന്റെ കേസ് ഒരു ലക്ഷം രൂപ പിഴയിട്ട് കോടതി തള്ളി. മദ്രാസ് ഹൈക്കോടതിയുടേതാണ് നടപടി. പിഴത്തുക മന്‍സൂര്‍ അലി ഖാന്‍ രണ്ടാഴ്ചയ്ക്ക് അകം അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കണം എന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
നേരത്തെ നടി തൃഷ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് കാണിച്ച് മന്‍സൂര്‍ അലി ഖാന് എതിരെ പരാതി നല്‍കിയിരുന്നു. ലിയോ ചിത്രത്തില്‍ തൃഷയാണ് നായിക എന്ന് അറിഞ്ഞപ്പോള്‍ ബലാത്സംഗ സീനുകള്‍ ഉണ്ടാകും എന്ന് താന്‍ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് തൃഷ രംഗത്തെത്തിയിരുന്നു.

മന്‍സൂര്‍ അലി ഖാനൊപ്പം ഇനി അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞതിനെ വളച്ചൊടിക്കുകയായിരുന്നു എന്നും തന്നെ അപകീര്‍ത്തിപ്പെടുത്തി എന്നും ആരോപിച്ച് ഇതിന് പിന്നാലെ മന്‍സൂര്‍ അലി ഖാന്‍ രംഗത്തെത്തി. പിന്നാലെ തൃഷയ്ക്കെതിരെ മന്‍സൂര്‍ അലി ഖാന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയായിരുന്നു. തൃഷയെ കൂടാതെ ഖുശ്ബു, ചിരഞ്ജീവി എന്നിവരെ കൂടി ഉള്‍പ്പെടുത്തിയായിരുന്നു മന്‍സൂര്‍ അലി ഖാന്റെ മാനനഷ്ടക്കേസ്.
ഒരു കോടി രൂപയാണ് മന്‍സൂര്‍ അലി ഖാന്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പ്രശസ്തിക്ക് വേണ്ടിയാണ് മന്‍സൂര്‍ അലി ഖാന്‍ കേസുമായി സമീപിച്ചതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എന്‍ സതീഷ് കുമാര്‍ ആണ് കേസ് തള്ളി മന്‍സൂര്‍ അലി ഖാന് പിഴ ചുമത്തിയത്. നേരത്തെ നടന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേസ് നല്‍കേണ്ടത് തൃഷയാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം സംഭവത്തില്‍ മന്‍സൂര്‍ അലി ഖാനെ പ്രതിയാക്കി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മന്‍സൂര്‍ അലി ഖാന് മുന്‍കൂര്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും അത് തള്ളുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് അദ്ദേഹം നിരുപാധികം മാപ്പ് പറയുകയും ചെയ്തിരുന്നു. ഖേദം പ്രകടിപ്പിച്ചതിനാല്‍ തൃഷ തന്നോട് ക്ഷമിച്ചു എന്ന് മന്‍സൂര്‍ അലി ഖാന്‍ അവകാശപ്പെട്ടിരുന്നു.
തൃഷക്കെതിരായ പരാമര്‍ശത്തില്‍ മന്‍സൂര്‍ അലി ഖാനെതിരെ സിനിമാ ലോകത്ത് നിന്ന് വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ലിയോ സംവിധായകന്‍ ലോകേഷ് കനകരാജും താരത്തിനെതിരെ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications