'ടിനി ടോം വെറുതെ പറഞ്ഞതല്ല; അഭിനയിക്കാൻ അറിയാത്തവരാണ് ഡ്രഗ്സ് കഴിക്കുന്നത്, എന്തൊരു പെർഫോമെൻസ് എന്ന് തോന്നും'
കൊച്ചി: സിനിമ മേഖലയിൽ ലഹരി ഉപയോഗം ഉണ്ടെന്നും അഭിനയിക്കാൻ അറിയാത്തവരാണ് ലഹരി ഉപയോഗിക്കുന്നതെന്നും നടൻ ദേവൻ. ലഹരിയെ സംബന്ധിച്ച് മുൻപ് നടൻ ടിനി ടോം നടത്തിയ വെളിപ്പെടുത്തൽ വെറുതെ അല്ലെന്നും സിനിമ മേഖലയിലെ ലഹരി വിഷയത്തിൽ പോലീസ് ശക്തമായാണ് നീങ്ങുന്നതെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ദേവൻ പറഞ്ഞു. 'കാൻ മീഡിയ' യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
നടന്റെ വാക്കുകളിലേക്ക്-'സിനിമയാണ് എന്റെ അന്നം. അതുകൊണ്ട് തന്നെ സിനിമയുടെ ഇപ്പോഴത്തെ പോക്ക് കാണുമ്പോൾ ദുഃഖം തോന്നുന്നുണ്ട്.
നല്ല സിനിമകൾ ഉണ്ടാകുന്നുണ്ട്. അതേസമയം തന്നെ പല മോശമായ കാര്യങ്ങളും സിനിമ മേഖലയിൽ ഉണ്ടാകുന്നുണ്ട്. അങ്ങനെ ഇല്ലെന്നോ പോലീസ് അന്വേഷണം നടത്തരുതെന്നോ പറയാൻ പാടില്ല, അതിലൊന്നും അർത്ഥമില്ല. അന്വേഷണം നടത്തലൊക്കെ പോലീസിന്റെ ജോലിയാണ്. അവർക്ക് എവിടെ വേണമെങ്കിലും കയറാം. എന്റെ വീട്ടിലും കയറാം. എന്റെ വീട്ടിൽ പോലീസ് കയറരുതെന്ന് പറയാൻ ഒരു സിനിമാക്കാരനോ, അസോസിയേഷനോ അർഹത ഇല്ല.

വിഷയത്തിൽ പോലീസ് ശക്തമായി തന്നെ നീങ്ങുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. പോലീസ് ഓഫീസേഴ്സും ചിന്തിക്കുന്നത് എന്റെ മക്കളുണ്ടല്ലോ ഇതിനകത്ത് എന്നാണ്. അടുത്ത് കൊല്ലത്ത് വെച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. അദ്ദേഹത്തിന് ആകാംക്ഷയുണ്ട്. നമ്മുടെ വീടിന്റെ വാതിലിൽ വന്ന് തട്ടുമ്പോഴാണ് നമ്മൾ അലർട്ട് ആവുക, ഇപ്പോൾ ഈ ദുരന്തം നമ്മുടെ വീടിന്റെ വാതിലിലും വന്ന് തട്ടി തുടങ്ങി എന്നാണ് പറഞ്ഞത്. പോലീസ് വളരെ സീരിയസ് ആണ്.
റോഡിൽ കൂടി പോകുമ്പോൾ എത്ര പേരെ കാണുന്നു. എല്ലാം ഇതിന്റെ ഫോമിലാണ്. വെറുതെ വാഹനം ഓടിച്ച് റോഡിലൂടെ പോകുമ്പോൾ ഒന്ന് ഹോൺ അടിച്ചാൽ പോലും ചിലർ പ്രകോപിതരാകുകയാണ്. എന്തുകൊണ്ടാണ്? സാധാരണ മനുഷ്യൻ പ്രകോപിതനാകുമോ? പ്രകോപിതനായി തന്റെ കൂട്ടുകാരെ വിളിച്ച് കൊണ്ട് വന്ന് മറ്റേയാളെ കൊല്ലുകയാണ്. എത്രയോ സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. എത്രയോ മൃഗീയമായ കൊലപാതകങ്ങൾ ഇവിടെ ഉണ്ടാകുന്നു. ആൽക്കഹോൾ അല്ല പ്രശ്നം, ലഹരിയാണ്, ഇത് വളരെ എളുപ്പം ലഭിക്കുന്നുമുണ്ടെന്നതാണ്. സർക്കാർ ഈ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിച്ചുവരുന്നുണ്ടെന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്.
സിനിമ മേഖലയിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. ടിനി ടോം ഒക്കെ പറഞ്ഞില്ലേ, അതൊക്കെ അവന്റെ മനസിൽ നിന്ന് വന്നതാണ്. അല്ലാതെ വെറുതെ സ്റ്റേജിൽ കയറി വായിൽ വന്ന് പറഞ്ഞതല്ല, അതാണ് ഇവിടുത്തെ ചിത്രം. സിനിമ മേഖലയെ സംരക്ഷിക്കാൻ വേണ്ടി ഇതൊന്നും ഇല്ലെന്ന് പറയാനാകില്ലല്ലോ. ഒരു നടനെന്ന നിലയിൽ എനിക്ക് തോന്നിയത് എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നും സ്വാഭാവികമായി സംഭവിക്കേണ്ട ഒന്നാണ് അഭിനയം. എന്നാൽ കഥാപാത്രമായി മാറാൻ വേറെ എന്തെങ്കിലും സാധനം വായിലിടണമെന്ന് പറഞ്ഞാൽ എങ്ങനെയുണ്ടാകും. ഡ്രഗ് ആണ് ഇപ്പോൾ അഭിനയിക്കുന്നത്. പണ്ടൊക്കെ അങ്ങനെ അല്ലല്ലോ.
സ്റ്റാർട്, ക്യാമറ, ആക്ഷൻ എന്ന് പറയുമ്പോൾ നമ്മുക്ക് സംഭവിക്കുന്ന മാറ്റമുണ്ടല്ലോ. അഭിനയിക്കാൻ അറിയാത്തവരാണ് ഇത് കഴിക്കുന്നത്. അപ്പോൾ പലതും അവരിൽ സംഭവിക്കും. എന്തൊരു പെർഫോമെൻസ് ആണെന്ന് തോന്നും. പെർഫോം ചെയ്യുന്നത് ആർട്ടിസ്റ്റ് അല്ല, ഡ്രഗ് ആണ്'.












Click it and Unblock the Notifications