ധർമ്മജന്റെ ഭാര്യ വീണ്ടും വിവാഹിതയായി: മക്കള്‍ സാക്ഷി, സന്തോഷം പങ്കുവെച്ച് ധർമ്മജന്‍
മിമിക്രി വേദിയില്‍ നിന്ന് ടെലിവിഷന്‍ പരിപാടിയിലേക്കും അതുവഴി സിനിമയിലേക്കും എത്തിയ താരമാണ് ധർമ്മജന്‍ ബോള്‍ഗാട്ടി. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥി കൂടിയായിരുന്നു ധർമ്മജന്‍. സിനിമയിലൊക്കെ വരുന്നതിന് മുമ്പ് തന്നെ സജീവ കോണ്‍ഗ്രസ് പ്രവർത്തകനായിരുന്ന ധർമ്മജന്‍ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ജയില്‍വാസം വരെ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ ഇന്ന് ധർമ്മജന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ഫോട്ടോയും അതിന് നല്‍കിയ അടിക്കുറിപ്പുമാണ് വൈറലായി മാറിയിരിക്കുന്നത്. ഭാര്യ അനൂജയ്ക്കൊപ്പമുള്ള ഫോട്ടോയായിരുന്നു ധർമ്മജന്‍ പങ്കുവെച്ചത്. എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു എന്നായിരുന്നു അടിക്കുറിപ്പിലെ ആദ്യ വരി. എന്നാല്‍ വരൻ ഞാൻ തന്നെയാണെന്നും മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണമെന്നും ധർമ്മജന്‍ കുറിപ്പിലൂടെ ആവശ്യപ്പെടുന്നുണ്ട്.

ഇതോടെ എന്താണ് ധർമ്മജന്‍ ഉദ്ധേശിക്കുന്നതെന്ന ആകാംക്ഷയിലായിരുന്നു ആരാധകർ. വിവാഹ വാർഷികമായിരിക്കും ഇന്നെന്നാണ് പലരും തെറ്റിദ്ധരിച്ചത്. എന്നാല്‍ യഥാർത്ഥത്തില്‍ ഇന്നായിരുന്നു ഇരുവരുടേയും ഔദ്യോഗിക വിവാഹം. ക്ഷേത്രത്തില്‍ വെച്ച് ഇരുവരും താലികെട്ടുകയും ചെയ്തു. ഇതേക്കുറിച്ച് ധർമ്മജന്‍ തന്നെ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
ഒളിച്ചോടി വിവാഹം കഴിച്ചവരാണ് ഞങ്ങള്‍. ക്ഷേത്രത്തില്‍ വെച്ച് താലി കെട്ടിയിരുന്നെങ്കിലും രജിസ്ട്രേഷന്‍ നടത്തിയിരുന്നില്ല. ഇപ്പോഴാണ് അത് നടത്തിയത്. മക്കളുടെ സാന്നിധ്യത്തില്‍ കല്യാണം കഴിച്ചുവെന്ന് മാത്രമല്ല, ഒരു ഔദ്യോഗിക രേഖ പല കാര്യങ്ങള്‍ക്കും ആവശ്യമാണ്. അതിന് വേണ്ടി കൂടിയാണ് ഇപ്പോഴത്തെ ഈ വിവാഹമെന്നും ധർമ്മജന്‍ പറഞ്ഞു.
മക്കളൊക്കെ വലിയ സന്തോഷത്തിലാണ്. അച്ഛന്റേയും അമ്മയുടേയും കല്യാണം കാണാനുള്ള ഭാഗ്യം കിട്ടിയല്ലോയെന്നും അവരുടെ കൂട്ടുകാർ പറയും. അന്ന് ഒരു വീട്ടുകാർ ഇല്ലായിരുന്നെങ്കിലും ഇപ്പോള്‍ എല്ലാവരുടേയും സാന്നിധ്യത്തില്‍ വിവാഹം കഴിക്കാനായി. അതില്‍ വലിയ സന്തോഷമുണ്ട്. വേണ്ടപ്പെട്ട കുറച്ചുപേർ ഇന്ന് ജീവിച്ചിരിപ്പില്ല. അതില്‍ വലിയ വിഷമം ഉണ്ടെന്നും ധർമ്മജനും ഭാര്യയും പറയുന്നു.
ഞങ്ങള്‍ ഇതുവരെ വിവാഹം രജിസ്റ്റർ ചെയ്തില്ലെന്ന് അറിഞ്ഞതോടെ പിഷാരടിയൊക്കെ വിളിച്ച് ചീത്ത പറഞ്ഞു. നീ ചത്ത് പോയാല്‍ അവള്‍ക്ക് ഇന്‍ഷൂറന്‍സ് പോലും കിട്ടില്ലെന്നും പറഞ്ഞിരുന്നു. അധികം ആരേയും അറിയിക്കാതെ രഹസ്യമാക്കി തന്നെയാണ് ഈ ചടങ്ങുകള്‍ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ ഒളിച്ചോട്ടത്തെക്കുറിച്ച് നേരത്തെ പലതവണ ധർമ്മജന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. പ്രണയത്തിന് വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് കരുതി, ഒരു രാത്രി ഒരു ഇന്നോവ കാറിൽ ഒളിച്ചോടിപ്പോയി വിവാഹം കഴിക്കുകയായിരുന്നു എന്നാണ് ധർമ്മജൻ പറഞ്ഞത്. അന്ന് ധർമ്മജനൊപ്പം ഇറങ്ങിപ്പോന്നത് എന്ത് ധൈര്യത്തിലാണ് എന്ന് ചോദിച്ചപ്പോള്‍, എനിക്കറിയില്ല എന്നായിരുന്നു ഒരു അഭിമുഖത്തില്‍ അനൂജയുടെ മറുപടി.
ഭയങ്കര ടെന്‍ഷനായിരുന്നു, കാറിലിരുന്ന് വിറക്കുകയായിരുന്നു. നാല് ചുവരുകള്‍ക്കുള്ളില്‍ അടങ്ങിക്കൂടി കഴിഞ്ഞിരുന്ന പെണ്‍കുട്ടിയായിരുന്നു. ഒളിച്ചോടിപ്പോയി വിവാഹം ചെയ്തു എന്ന് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല. പക്ഷെ ജീവിതം വളരെ സന്തോഷത്തിലാണ്. പിന്നീട് വീട്ടുകാരൊക്കെ ബന്ധം അംഗീകരിച്ചു. എന്റെ പേരും പ്രശസ്തിയും കണ്ടിട്ട് കൂടെ പോന്നതല്ല. എന്നോടുള്ള സ്‌നേഹം കൊണ്ട് മാത്രം വന്നതാണെന്ന് എനിക്ക് ഇപ്പോഴും പറയാന്‍ പറ്റും. കാരണം, ഒരു കലാകാരന്‍ എന്ന നിലയില്‍ അന്ന് വലിയ നേട്ടങ്ങളൊന്നും ഞാന്‍ നേടിയിരുന്നില്ലെന്നുമായിരുന്നു ധർമ്മജന്‍ പറഞ്ഞത്.












Click it and Unblock the Notifications