ധർമ്മജന്റെ 'രണ്ടാം വിവാഹത്തിന്' കാരണം പിഷാരടിയുടെ ആ ചോദ്യം; നാണമില്ലേയെന്ന് ചോദിച്ചവർക്ക് മറുപടി
നടൻ ധർമ്മജന്റെ 'രണ്ടാം വിവാഹം' സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. തന്റെ ഭാര്യയെ തന്നെ വീണ്ടും വിവാഹം ചെയ്താണ് ധർമ്മജന്റെ ആരാധകരെ ഞെട്ടിച്ചത്. നടനും ഭാര്യ അനൂജയും തമ്മിലുള്ള വിവാഹം നേരത്തേ നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. ഇതോടെയാണ് 16 വർഷങ്ങൾക്കിപ്പുറം തന്റെ ഭാര്യയെ വീണ്ടും വിവാഹം കഴിക്കാൻ ധർമ്മജൻ തീരുമാനിച്ചത്. യഥാർത്ഥത്തിൽ രമേഷ് പിഷാരടിയുടെ ഒരു ചോദ്യമാണ് ഇത്തരമൊരു തീരുമാനം എടുത്തതിന് പിന്നിൽ എന്ന് പറയുകയാണ് താരം. മനോരമ ഓൺലനിനോടാണ് ധർമ്മജന്റെ പ്രതികരണം. താരത്തിൻറെ വാക്കുകളിലേക്ക്
16 വർഷം മുൻപ് ഒരു ദേവസ്വം ക്ഷേത്രത്തിൽ വെച്ചാണ് അനൂജയുടെ കഴുത്തിൽ താലി ചാർത്തുന്നത്. അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം എന്നത് കൊണ്ട് തന്നെ വിവാഹം രജിസ്റ്റർ ചെയ്തൊന്നുമില്ല. പ്രോഗ്രാമുകളും സിനിമകളുമൊക്കെയായി ജീവിതം തിരക്ക് പിടിച്ചതോടെ രജിസ്റ്റർ ചെയ്യണമെന്ന കാര്യമൊക്കെ പാടെ മറന്ന് പോയി. പിന്നെ ഭയക്കേണ്ട കാര്യമൊന്നുമില്ലാലോ, അമ്പലത്തിൽ രജിസ്റ്റർ ചെയ്ത രേഖ ഉണ്ടല്ലോ എന്നതായിരുന്നു ധൈര്യം. എന്നാൽ ചില ഔദ്യോഗിക ആവശ്യങ്ങൾ വന്നപ്പോൾ അമ്പലത്തിലെ രേഖ മാത്രം പോരെന്ന് മനസിലായി. ഒരിക്കൽ ഇക്കാര്യം അറിഞ്ഞ് നീ ഇതുവരെ രജിസ്റ്റർ ചെയ്തില്ലേയെന്ന് പിഷാരടി ചോദിച്ചു. അങ്ങനെയാണ് എന്നാൽ രജിസ്റ്റർ ചെയ്യാമെന്ന് തീരുമാനിച്ചത്. പിന്നെ മക്കളും വലുതായി വരികയാണല്ലോ, വിവാഹത്തിന് ഒരു നിയമസാധുത വേണമെന്ന് തോന്നി.

ഞങ്ങൾ വിവാഹം രജിസ്റ്റർ ചെയ്ത ഓഫീസിന്റെ മുൻപിലൊരു ക്ഷേത്രമുണ്ട്. അവിടെ ചെന്നാണ് മാലയിട്ടത്. 16 വർഷം മുൻപ് കഴിഞ്ഞ വിവാഹമാണല്ലോ, വിവാഹ ഫോട്ടോയൊന്നും ഉണ്ടായിരുന്നില്ല, അങ്ങനെ ഒരു ഫോട്ടോയും എടുക്കാമെന്ന് കരുതി. പിന്നെ മക്കളാണ് വിവാഹ മാലയൊക്കെ എടുത്ത് തന്നത് . അവരും ആവേശത്തിലായിരുന്നു. ഭാഗ്യം ചെയ്ത മക്കളാണല്ലോ , മാതാപിതാക്കളുടെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചല്ലോ. വിവാഹ വാർത്ത അറിഞ്ഞപ്പോൾ വളരെ സന്തോഷത്തോടെയാഅ പലരും സ്വീകരിച്ചത്. നിരവധി പേർ വിളിച്ച് അഭിനന്ദിച്ചു. ചിലർ എങ്ങമെയാണ് രജിസ്റ്റർ ചെയ്യേണ്ട നടപടിയെന്നൊക്കെ ചോദിച്ചിരുന്നു. അമ്മ താരസംഘടനയുടെ ജനറൽ ബോഡി യോഗത്തിന് പോയപ്പോൾ നിരവധി പേരാണ് ഇക്കാര്യത്തിൽ സന്തോഷവും സ്നേഹവും അറിയിച്ചത്', നടൻ വ്യക്തമാക്കി.
സൈബർ അധിക്ഷേപത്തിന് യാതൊരു കുറവുമില്ല
അതേസമയം ഇങ്ങനെയൊക്കെ ആണെങ്കിലും സൈബർ അധിക്ഷേപത്തിനും പരിഹാസത്തിനും യാതൊരു കുറവും ഉണ്ടായിരുന്നില്ലെന്ന് പറയുകയാണ് ധർമ്മജൻ. ചിലർ തന്നോട് നാണമില്ലേയെന്ന് ചോദിച്ചിരുന്നതായി നടൻ പറയുന്നു. 'എന്തിനാണ് ഞാൻ നാണിക്കുന്നത് .എന്റെ ഉദ്ദേശ്യം എന്താണെന്ന് കൃത്യമായി അറിയാം. പിന്നെ, നാണിക്കാൻ എന്താണിരിക്കുന്നത്. പിന്ന വിവാഹം കഴിച്ച് മണവാളനും മണവാട്ടിയുമായി നടക്കാൻ ഒന്നുമായിരുന്നില്ലലോ', താരം പറയുന്നു. വിവാഹം ശരിക്കും ആഘോഷമാക്കിയത് മാധ്യമങ്ങളാണ്. ചെറിയൊരു ചടങ്ങായിരുന്നു ആലോചിച്ചത്. എന്നാൽ ഒരു ദിവസം നീണ്ടുനിന്ന ചടങ്ങായിപ്പോയി. മാധ്യമങ്ങളാണ് അതിന് കാരണമായത്', ധർമ്മജൻ പറഞ്ഞു.












Click it and Unblock the Notifications