അന്നത്തോടെ അഭിപ്രായം പറച്ചില്‍ നിര്‍ത്തി; അച്ഛനെപ്പോലെ പൊളിറ്റിക്കല്‍ സറ്റയര്‍ സിനിമ എടുക്കാത്തതിന്റെ കാരണം
നടന്‍ ശ്രീനിവാസന്റെ മകന്‍ എന്നതിലുപരി മലയാള സിനിമാ ലോകത്ത് സ്വന്തമായ ഒരു ഇടമുണ്ടാക്കാന്‍ ധ്യാന്‍ ശ്രീനിവാസന് കഴിഞ്ഞിട്ടുണ്ട്. സിനിമകളേക്കാള്‍ ഉപരി അഭിമുഖങ്ങളിലൂടെയാണ് ഈ താരപുത്രന്‍ കൂടുതല്‍ പ്രശസ്തി നേടിയിട്ടുള്ളത്. രസകരമായ മറുപടികളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടാന്‍ ധ്യാന് കഴിഞ്ഞിട്ടുണ്ട്.
നടന്മാരുടെ നാട്യങ്ങളില്ലാത്ത തുറന്നുപറച്ചിലുകളും കുറിക്കു കൊള്ളുന്ന മറുപടിയുമാണ് ധ്യാനിന്റെ അഭിമുഖങ്ങളുടെ സവിശേഷത. പലപ്പോഴും അച്ഛന്‍ ശ്രീനിവാസനെയും ചേട്ടന്‍ വിനീത് ശ്രീനിവാസനെയും അഭിമുഖങ്ങളില്‍ നര്‍മത്തിലൂടെ വിമര്‍ശിക്കുന്നതും പതിവാണ്. ഇപ്പോഴിതാ എന്തുകൊണ്ടാണ് അച്ഛനെപ്പോലെ പൊളിറ്റിക്കല്‍ സറ്റയര്‍ സിനിമകള്‍ എടുക്കാത്തത് എന്ന് വിശദീകരിക്കുകയാണ് ധ്യാന്‍.

ധ്യാന്റെ വാക്കുകള്‍: അച്ഛന്‍ 35 വയസൊക്കെ ആയപ്പോഴാണ് സിനിമകള്‍ എഴുതിത്തുടങ്ങുന്നത്. എനിക്കാ പ്രായം ഇപ്പോള്‍ കഴിഞ്ഞിട്ടേയുള്ളൂ. നമ്മള്‍ കരിയര്‍ തുടങ്ങിയിട്ടേയുള്ളൂ. സിനിമയില്‍ എത്തിയിട്ട് 12-13 വര്‍ഷമേ ആയിട്ടേയുള്ളൂ. 13 വര്‍ഷം എന്നത് ഞാന്‍ കണക്കാക്കുന്നത് 13 വയസായിട്ടാണ്. ഇപ്പോള്‍ ഒരു ബേസായി. അച്ഛന്റെ പേരില്‍ അല്ലാതെ സിനിമാക്കാര്‍ക്ക് ഇടയില്‍ ഒരു പേരുണ്ട്. ഇനി മുന്നോട്ട് എന്തു ചെയ്യുന്നു എന്നതിലാണ് കാര്യം.
സിനിമകളെക്കുറിച്ച് അച്ഛനുമായി അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നതിനെകുറിച്ചും ധ്യാന്‍ പറഞ്ഞു. അച്ഛനോട് പല കാര്യങ്ങളും നേരിട്ട് പറയാനുള്ള ധൈര്യം ഉണ്ടാകാറില്ല. അതുകൊണ്ട് ഇന്റര്‍വ്യൂവില്‍ പറയും. പണ്ടൊക്കെ അച്ഛന്‍ സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ നേരിട്ട് ചോദിച്ചിരുന്നു. ഒരു തവണ എഴുതിയ സിനിമയെ കുറിച്ചുള്ള അഭിപ്രായം നേരിട്ട് ചോദിച്ചു. അന്ന് അഭിപ്രായം പറഞ്ഞപ്പോള്‍ ഭയങ്കരമായി ക്ഷോഭിക്കുകയും ദേഷ്യപ്പെടുകയും ചെയ്തു. അതോടെ മനസിലായി അത്രയ്ക്ക് ഓപ്പണ്‍ മൈന്റഡ് ആയിട്ടുള്ള ആളല്ല എന്റെ അച്ഛന്‍ എന്ന്. അഭിപ്രായം ചോദിച്ചപ്പോഴുള്ള മറുപടിയായാണ് സിനിമയെ വിമര്‍ശിച്ചത്. പിന്നീട് ഇതുവരെ സിനിമയെക്കുറിച്ച് ഒരു അഭിപ്രായം പറയാന്‍ പോയിട്ടില്ല.
ശരിക്കും ഒരു ആഗ്രഹങ്ങളും ഉണ്ടായിരുന്നില്ല. അവസാന കാലത്ത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് കാലുനീട്ടി ഇരിക്കാന്‍. ഞാന്‍ ആദ്യമേ ചെയ്യാന്‍ ആഗ്രഹിച്ചത് ഇതാണ്. 40 വയസില്‍ റിട്ടയര്‍മെന്റിനാണ് ഞാന്‍ ആലോചിക്കുന്നത്. കുറേ കൊല്ലം ജോലി ചെയ്തു. ഇനി മുന്നോട്ടു ജീവിക്കാന്‍ എത്ര പണം വേണം. അച്ഛന്‍ സമ്പാദിച്ചതെല്ലാം വിറ്റുകിട്ടുന്ന പൈസ ഫിക്‌സഡ് ഡെപ്പോസിറ്റ്് ഇടുന്നതൊക്കെ കണക്കുകൂട്ടിയ ഒരു കാലമുണ്ടായിരുന്നു പണ്ട്.
അച്ഛനും ചേട്ടനും സിനിമയോട് അതിയായ അഭിനിവേശം ഉള്ളവരാണ്. എനിക്ക് അതൊന്നും ഇല്ല. ചേട്ടന്‍ ഒരവസരം തന്നപ്പോള്‍ സിനിമയില്‍ എത്തിയാണ്. ഫിലിം മേക്കിങ് ആണ് എന്റെ അഭിനിവേശം എന്നത് അടുത്തിടെ തിരിച്ചറിഞ്ഞ കാര്യമാണ്. ലവ് ആക്ഷന്‍ ഡ്രാമ ഒരു പരീക്ഷണ ചിത്രം ആയിരുന്നു. സാമ്പത്തികമായി സ്‌റ്റേബിള്‍ ആയതിന് ശേഷം ആഗ്രഹങ്ങള്‍ക്കു പിന്നാലെ പോകാമെന്നു കരുതി. അടുത്ത വര്‍ഷം വീണ്ടും സംവിധാനം ചെയ്യണമെന്നാണ് ആഗ്രഹം.












Click it and Unblock the Notifications