എമ്പുരാനിൽ ദുൽഖർ സൽമാനും മോഹൻലാലിനൊപ്പം? ഒടുവിൽ പൃഥ്വിരാജിന്റെ പ്രതികരണം എത്തി
കൊച്ചി: തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം മോഹൻലാലിന്റെ വൻ തിരിച്ചുവരവ് ഒരുക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ 'L2 എമ്പുരാൻ' (L2 Empuraan)ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രത്തിന്റെ ഭൂതകാലം പറയാനിരിക്കുന്ന ചിത്രം എങ്ങനെയാണ് പൃഥ്വിരാജ് എന്ന സംവിധായകൻ അവതരിപ്പിക്കുകയെന്ന കൗതുകം ആരാധകർക്ക് ഉണ്ട്.
വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഗംഭീര ഫൈറ്റ് സീനുകളടക്കം ചിത്രത്തിലുണ്ടെന്ന സൂചനകൾ നൽകുന്ന പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. രണ്ടാം ഘട്ടം ചെന്നൈയിലായിരിക്കും ചിത്രീകരിക്കുക.

അതിനിടെ ചിത്രത്തിൽ വൻ താരനിര തന്നെയുണ്ടാകുകയെന്ന വാർത്തകൾ നേരത്തേ പുറത്തുവന്നിരുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മോഹൻലാലിന്റെ നായികയായി എത്തുന്നത് പാകിസ്ഥാനിലെ മുൻനിര നായികയായ മഹിറ ഖാൻ ആണെന്നുള്ള വാർത്തകളും വന്നിരുന്നു. സിനിമയിൽ ദുൽഖർ സൽമാനും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ അടുത്തിടെ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ച് പൃഥ്വിരാജ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
'എമ്പുരാനിൽ ആരൊക്കെ ഉണ്ടാകുമെന്നത് സംബന്ധിച്ച വിവരങ്ങളൊന്നും ഞാൻ പുറത്തുവിട്ടിട്ടില്ല. മോഹൻലാല്‍ ഉണ്ടാകും എന്ന് മാത്രമാണ് ഇപ്പോൾ പറയാനാകുക. ദുല്‍ഖറിനൊപ്പം എനിക്ക് ഒരു മലയാള സിനിമയില്‍ വേഷമിടണമെന്നുണ്ട്. ദുല്‍ഖറിനും അത്തരത്തിൽ ഒരു ആഗ്രഹം ഉണ്ട്. തീർച്ചയായും ഞങ്ങളെ രണ്ടു പേരെയും ഒരുമിച്ച് ഒരു സിനിമയിൽ കാണാൻ പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ടാകും. എന്നാൽ മികച്ച ഒരു തിരക്കഥ സംഭവിക്കണം. അപ്പോൾ മാത്രമേ അത്തരമൊരു പ്രൊജക്ടിന് ഇരുവരും തയ്യാറാകുകയുള്ളൂ. ഞങ്ങള്‍ക്ക് ഒന്നിച്ചെത്തുന്ന ഒരു സിനിമ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്', പൃഥ്വിരാജ് വ്യക്തമാക്കി.
അതേസമയം എമ്പുരാനിൽ തന്റെ റോളിനെ കുറിച്ചും താരം നേരത്തേ പ്രതികരിച്ചിരുന്നു. സിനിമയിൽ സ്റ്റീഫനൊപ്പം സയിദ് മൂസയായി താനും എത്തും. എന്നാൽ എമ്പുരാനിലും സയിദ് മസൂദായി എത്തുന്ന തനിക്ക് ആക്ഷൻ ചെയ്യണമെങ്കില്‍ 2024 ജൂണോടെ മാത്രമേ സാധിക്കുകയുള്ളൂവെന്നാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്. വിലായത്ത ബുദ്ധ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരുക്കേറ്റിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് മാസത്തെ വിശ്രമവും താരത്തിന് എടുക്കേണ്ടി വന്നു. അന്നത്തെ ആ പരിക്ക് പൂർണ്ണമായി ഭേദമാകാത്തതിനാലാണ് ഇതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
മലയാളത്തിലെ വമ്പൻ ഹിറ്റുകളുലൊന്നായിരുന്നു പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച മോഹൻലാൽ ചിത്രം 200 കോടിയായിരുന്നു നേടിയത്. ബോക്‌സോഫീസില്‍ നിന്നും കോടികള്‍ വാരിക്കൂട്ടിയ സിനിമ കേരളത്തിലെ രണ്ടാമത്തെ വേള്‍ഡ് വൈഡ് ഗ്രോസര്‍ ചിത്രമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.












Click it and Unblock the Notifications