'നിവിൻ പോളി തന്നോട് കള്ളം പറഞ്ഞതോ? അജിത്ത് എന്തുകൊണ്ട് രാഷ്ട്രീയത്തിൽ ഇറങ്ങുന്നില്ല'; അൽഫോൺസ് പുത്രൻ
കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും പ്രതികരിക്കുന്ന താരമാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. പൊതുവിഷയങ്ങളിലും തന്റെ സിനിമയുമായി ബന്ധപ്പെട്ടുമെല്ലാം അൽഫോൺസ് പോസ്റ്റ് പങ്കിടാറുണ്ട്. ഇപ്പോഴിതാ താരം പങ്കിട്ട പുതിയ പോസ്റ്റാണ് ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. തമിഴ് നടൻ അജിത് എന്തുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാത്തതെന്നാണ് അൽഫോൺസിന്റെ കുറിപ്പിലെ ചോദ്യം.
താങ്കൾ രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഉദ്ദേശിക്കുന്നതായി നിവിൻ പോളിയോട് പറഞ്ഞിരുന്നില്ലേയെന്നും എന്നിട്ടും എന്തുകൊണ്ടാണ് പ്രഖ്യാപനങ്ങളൊന്നും ഇല്ലാത്തത് എന്നുമാണ് അൽഫോൺല് ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ-'ഇത് അജിത് കുമാർ സാറിനുള്ളതാണ്. താങ്കൾ രാഷ്ട്രീയത്തിലേക്ക് കടക്കാൻ പോകുകയാണെന്ന് നിവിൻ പോളിയിൽ നിന്നും സുരേഷ് ചന്ദ്രയിൽ നിന്നും ഞാൻ കേട്ടിരുന്നു. പ്രേമം ഫീച്ചർ ഫിലിമിലെ നിവിൻ പോളിയുടെ പ്രകടനം നിങ്ങളുടെ മകൾ അനൗഷ്‌കയ്ക്ക് ഇഷ്ടപ്പെട്ടതിനാൽ നിങ്ങൾ നിവിൻ പോളിയെ വീട്ടിലേക്ക് ക്ഷണിക്കുകയും സംസാരിക്കുകയും ചെയ്തതിന് ശേഷമായിരുന്നു ഇത്. എന്നാൽ ഇതുവരേയും പൊതുരംഗത്തോ രാഷ്ട്രീയ മുന്നണിയിലോ ഞാൻ നിങ്ങളെ കണ്ടിട്ടില്ല.

ഒന്നുകിൽ അവർ എന്നോട് കള്ളം പറഞ്ഞു, അല്ലെങ്കിൽ നിങ്ങൾ അത് മറന്നു അതുമല്ലെങ്കിൽ നിങ്ങൾക്ക് എതിരായി ആരെങ്കിലും ഉണ്ട്. മേൽപ്പറഞ്ഞ 3 കാര്യങ്ങളും അല്ലാത്ത പക്ഷം, പൊതുസ്ഥലത്ത് ഒരു കത്ത് മുഖേന എനിക്ക് നിങ്ങളിൽ നിന്ന് ഒരു വിശദീകരണം ആവശ്യമാണ്. കാരണം ഞാൻ നിങ്ങളെ വിശ്വസിക്കുന്നു, പൊതുജനങ്ങൾ നിങ്ങളെ വിശ്വസിക്കുന്നു', എന്നാണ് അൽഫോൺസ് കുറിച്ചത്.
അൽഫോൺസിന്റെ പോസ്റ്റിന് താഴെ ചിലർ അമ്പരപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരത്തിലൊരു പോസ്റ്റ് എന്തിനാണ് ഇപ്പോൾ പങ്കിട്ടതെന്നാണ് ചിലർ ചോദിക്കുന്നത്. സുഹൃത്ത് പറഞ്ഞൊരു രഹസ്യം എന്തിനാണ് പങ്കുവെച്ചതെന്നും മറ്റ് ചിലർ കമന്റ് ചെയ്യുന്നുണ്ട്.
അതേസമയം അടുത്തിടെ താൻ സിനിമ കരിയർ അവസാനിപ്പിക്കുകയാണെന്ന് അൽഫോൺസ് പറഞ്ഞിരുന്നു. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ആണെന്ന് ഞാൻ സ്വയം കണ്ടെത്തി ആർക്കും ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു താരത്തിന്റെ വാക്കുകൾ.ഞാന്‍ എന്റെ സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വിഡിയോയും പാട്ടുകളും പരമാവധി ഒടിടിക്ക് വേണ്ടിയും ചെയ്യും. എനിക്ക് സിനിമ ഉപേക്ഷിച്ച് പോകണമെന്ന് ആഗ്രഹമില്ല, പക്ഷേ എനിക്കു വേറെ മാർഗമില്ല. എനിക്ക് പാലിക്കാൻ കഴിയാത്ത വാഗ്ദാനം നൽകാൻ സാധിക്കില്ല. ആരോഗ്യം മോശമാകുമ്പോൾ ഇന്റർവൽ പഞ്ചിൽ വരുന്നതുപോലുള്ള ട്വിസ്റ്റുകൾ ജീവിതത്തിൽ സംഭവിക്കും',അൽഫോൺസ് കുറിച്ചു. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകണമെന്നും അസുഖം സ്വയം ചികിത്സിക്കാതെ കൃത്യമായ ചികിത്സ ഉറപ്പാക്കൂവെന്നുമായിരുന്നു പലരും പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.












Click it and Unblock the Notifications