'തിയേറ്റര്‍ കുലുങ്ങും..'; ടിനുവിന്റെ ആ പരാമര്‍ശം സിനിമയ്ക്ക് ദോഷകരമായോ?; ലിജോയുടെ മറുപടി ഇങ്ങനെ
ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ ടീം ആദ്യമായി ഒന്നിച്ച മലൈക്കോട്ടെ വാലിബന്‍ ഇന്നലെയായിരുന്നു റിലീസ് ചെയ്തത്. വമ്പന്‍ പ്രതീക്ഷയുമായി എത്തിയ ചിത്രത്തിന് ആദ്യം ദിനം തന്നെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സിനിമ വേണ്ടവിധത്തില്‍ കണക്ട് ആയില്ല എന്ന അഭിപ്രായം പങ്ക് വെച്ചവരും ഉണ്ടായിരുന്നു. എന്നാല്‍ സിനിമ തങ്ങള്‍ പ്രതീക്ഷിച്ചത് പോലെ തന്നെ വന്നിട്ടുണ്ടെന്നും പ്രേക്ഷക പ്രതികരണം ഞെട്ടിക്കുന്നതാണ് എന്നുമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞത്.
ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തങ്ങളുടെ അഭിമുഖത്തിലുടനീളം സിനിമ ഒരു അമര്‍ ചിത്രകഥ പോലെയും മുത്തശ്ശിക്കഥ പോലെയും കാണാവുന്ന ഒന്നാണ് എന്നായിരുന്നു പറഞ്ഞിരുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ സിനിമയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സംവിധായകന്‍ കൂടിയായ ടിനു പാപ്പച്ചന്റെ ഒരു പരാമര്‍ശം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

മോഹന്‍ലാലിന്റെ ഇന്‍ട്രോയില്‍ തിയേറ്റര്‍ കുലുങ്ങും എന്നായിരുന്നു ടിനു പാപ്പച്ചന്‍ പറഞ്ഞത്. ഇത് ചിലരിലെങ്കിലും വാലിബന്‍ ഒരു മാസ് ആക്ഷന്‍ പടമാണ് എന്ന ചിന്ത ജനിപ്പിച്ചിരുന്നു. ഇത് ചിത്രത്തിന് ദോഷം ചെയ്‌തോ എന്ന ചോദ്യത്തിന് ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
'എന്റെ വീട്ടില്‍ ചെറുപ്പത്തിലൊക്കെ കഥ കേള്‍ക്കുന്ന ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഒരു അനുഭവം ഇല്ലാത്തതിന്റെ പ്രശ്നമുണ്ട്. ഇനിയുള്ള തലമുറകള്‍കള്‍ക്കൊന്നും അത് കിട്ടില്ല. അന്നത്തെ കഥകള്‍ കുട്ടികളില്‍ ഉണ്ടാക്കിയിട്ടുള്ള ഒരു എക്സൈറ്റ്മെന്റ് ഉണ്ട്. അത്തരം കഥ കേള്‍ക്കുന്നവര്‍ക്ക് ഒരു സുഖമുണ്ടാക്കാന്‍ ഉറപ്പായിട്ടും ഈ സിനിമക്ക് കഴിയും. ടിനുവിന്റെ വാക്കുകള്‍ ദോഷകരമായി ബാധിച്ചു എന്ന് പറയില്ല.
ടിനു എന്റെ അസോസിയേറ്റും ഫിലിം മേക്കറും എന്നതിലുപരി എക്സൈറ്റിംഗ് സിനിമ കാണാന്‍ വളരെ ആഗ്രഹമുള്ള പ്രേക്ഷകരില്‍പ്പെട്ട ആള്‍ കൂടിയാണ്. അത്തരത്തില്‍ ഒരാള്‍ ഉള്ളില്‍ തട്ടി അഭിപ്രായം പറഞ്ഞതാണ്. അതിനകത്ത് വേറൊന്നുമില്ല. അതൊരു സിംപിളായിട്ടുള്ള ഒപ്പീനിയന്‍ മേക്കിംഗാണ്. അതിനെ ആ രീതിയില്‍ എടുത്താല്‍ മതി. ലാലേട്ടനെ പൂര്‍ണമായി ഉപയോഗപ്പെടുത്തിയിട്ടില്ല എന്ന തോന്നലില്ല.
എല്ലാം ചേര്‍ന്ന് വന്നു ഒടുവില്‍ അത് തിയേറ്ററിലേക്ക് എത്തിയപ്പോഴുള്ള പ്രതികരണം ഞെട്ടിക്കുന്നതാണ്. സക്സസില്‍ അതിയായി സന്തോഷിക്കുകയും ദുഖിക്കുകയും ചെയ്യുന്ന ആളല്ല ഞാന്‍. ഈ സിനിമ ഭയങ്കരമായി ഓഡിയന്‍സിനെ കാണിക്കാന്‍ കൊതി തോന്നിയിട്ടുള്ള ആളാണ് ഞാന്‍. അതിന് വരുന്ന റെസ്പോണ്‍സ് ഷോക്കിംഗായിട്ടുള്ളതാണ്. ഇത്രയും ഇന്‍വെസ്റ്റ്മെന്റ് നടത്തിയ പ്രൊഡ്യൂസേഴ്സിനെ അടുത്തത് ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായിരിക്കണം ഇതിന്റെ റിസല്‍റ്റ്.
പ്രൊഡക്ട് നന്നായിട്ടുണ്ട് എന്ന പൂര്‍ണ്ണ വിശ്വാസത്തിലാണ് ഞങ്ങള്‍ എല്ലാവരും ഉള്ളത്. പക്ഷെ ഉറപ്പായിട്ടും എല്ലാവരുടേയും മനസ് മടുത്തു. കാരണം അത്രയും ബുദ്ധിമുട്ടുകള്‍ ഇതിന്റെ പിറകിലുണ്ടായിട്ടുണ്ട്. അത് ഒരിക്കലും പറയേണ്ടതില്ല. കാരണം തിയേറ്ററിലെത്തുന്ന പ്രേക്ഷകന്‍ അതൊന്നും അറിയേണ്ടതില്ല. പക്ഷെ തീര്‍ച്ചയായും എന്റയര്‍ ടീമിന് മനസ് മടുത്തത് കൊണ്ട് തന്നെയാണ് എനിക്ക് ഇവിടെ ഒറ്റയ്ക്കിരുന്ന് സംസാരിക്കേണ്ടി വന്നത്.












Click it and Unblock the Notifications