ദിലീപിനെ ഒഴിവാക്കാനോ മറക്കാനോ കഴിയില്ല; ശിക്ഷയ്ക്ക് അർഹനെങ്കില്‍ അനുഭവിക്കട്ടെ: പക്ഷെ..
പ്രമുഖ സിനിമ റിവ്യൂവേഴ്സിന്റെ ഭാഗത്ത് നിന്നെല്ലാം നെഗറ്റീവ് അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടും തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ദിലീപിന്റെ 150-ാമത് ചിത്രമായ പ്രിന്‍സ് ആന്‍ഡ് ഫാമിലിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാധാരണക്കാരായ നിരവധി ആളുകളാണ് ചിത്രത്തിന് മികച്ച അഭിപ്രായം രേഖപ്പെടുത്തുന്നത്. അത്തരത്തില്‍ ടൂറിസം വകുപ്പിലെ മുന്‍ മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സിനിമ ഗ്രൂപ്പുകളില്‍ അടക്കം ശ്രദ്ധേയമായി മാറുന്നത്.
'മലയാളികൾക്ക് ദിലീപ് എന്ന നടനെ ഒരിക്കലും മറക്കാനോ ഒഴിവാക്കാനോ സാധിക്കില്ല. അദ്ദേഹം നിലവിലെ കേസിൽ കുറ്റക്കാരനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ സത്യമോ അസത്യമോ എന്നതിനെക്കുറിച്ചുള്ള ധാരണകൾ മാത്രമാണ് എന്റെ മുന്നിലുള്ളത്. എന്തുതന്നെയായാലും, അദ്ദേഹം ശിക്ഷ അർഹിക്കുന്നുണ്ടെങ്കിൽ അത് അനുഭവിക്കേണ്ടിവരും. എന്നാൽ, നീതിപീഠത്തിന്റെ അന്തിമ വിധി വരുന്നതുവരെ അദ്ദേഹത്തെ ഒഴിവാക്കേണ്ട ആവശ്യമില്ല' - പ്രശാന്ത് വാസുദേവ് പറയുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

സിനിമാ റിവ്യൂസിന് പ്രേക്ഷകരെ സിനിമയിൽ നിന്ന് അകറ്റാൻ കഴിയും എന്ന് ഞാൻ വിശ്വസിച്ചിരുന്നില്ല. പക്ഷേ പ്രിൻസ് ആൻഡ് ഫാമിലിയുടെ അശ്വന്ത് കോക് റിവ്യൂ കേട്ടപ്പോൾ സിനിമ കാണണോ എന്ന കൺഫ്യൂഷനിൽ ആയിപ്പോയി ഞാനും. അതിന് കാരണം ഈ അടുത്ത കാലത്ത് അയാൾ ചെയ്ത , എനിക്ക് ശരിയാണ് എന്ന് തോന്നിയ ചില റിവ്യൂസ് ആണ്. പക്ഷേ പ്രിൻസ് ആൻഡ് ഫാമിലി മൗത്ത് ടു മൗത്ത് പബ്ലിസ്റ്റിയിലൂടെ ജനഹൃദയങ്ങളിലേക്ക് ചേക്കേറിയപ്പോൾ എനിക്കും എൻറെ ധാരണ തിരുത്തേണ്ടി വന്നു.
ഇന്നു ഞാൻ സിനിമ കണ്ടു. എന്നെ ഈ സിനിമ പൊട്ടിച്ചിരിപ്പിച്ചില്ല. പക്ഷേ ഏറെ സന്തോഷിപ്പിച്ചു. ഏറെ തൃപ്തി നൽകി. ന്യൂനതകൾ ചിലത് ഉണ്ടാകാം. അത് ഏതു സൃഷ്ടിയിലും ഉണ്ടായിരിക്കും. ഞാൻ കഴിഞ്ഞ ദിവസം എഴുതിയിരുന്നു, നമ്മുടെ പുതിയ തലമുറ ഹ്രസ്വകാല ആഘോഷങ്ങളിലാണ് കൂടുതൽ അഭിരമിക്കുന്നത് എന്ന് . അത് ശരിവയ്ക്കുകയാണ് ഈ സിനിമ. മാനവികതയും സഹജീവി സ്നേഹവും ദയയും കാരുണ്യവും മറന്ന് ഇൻറർനെറ്റിന്റെ മായിക ലോകത്തിൽ ജീവിക്കുന്ന ഒരു തലമുറ നമുക്ക് ചുറ്റുമുണ്ട്. അവരെപ്പറ്റിയാണ് ഈ സിനിമ.
ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം മഞ്ജു പിള്ള അവതരിപ്പിച്ച ഒരു സാധാരണ , വെറും സാധാരണ സ്ത്രീയുടേതാണ്.അവരാണ് നമ്മുടെ യഥാർത്ഥ ലോകത്തിൻറെ പരിച്ഛേദം. അവരെ തിരിച്ചറിയാൻ കഴിഞ്ഞാൽ ആണ് നമ്മൾ മനുഷ്യരാകുന്നത്. സിനിമയുടെ എൻഡിൽ അവതരിപ്പിച്ച ആശയം ഒരു യാഥാർത്ഥ്യത്തെ സൂചിപ്പിക്കുന്നുവെങ്കിലും സിനിമ അതുവരെ പ്രസരിപ്പിച്ച സന്ദേശത്തിന് വിരുദ്ധമാണെന്ന് മാത്രം എനിക്ക് തോന്നി.
ദിലീപ് എന്ന നടനെ , മലയാളിക്ക് ഒരിക്കലും മറക്കാനോ ഒഴിവാക്കാനോ കഴിയില്ല. അയാൾ നിലവിലെ വിഷയത്തിൽ കുറ്റക്കാരൻ ആണോ അല്ലയോ എന്ന് വിധിക്കേണ്ടത് കോടതിയാണ് . എൻറെ മുന്നിൽ മാധ്യമങ്ങളിലെ സത്യമോ അസത്യമോ ആയ വാർത്തകളിലെ ബോധ്യങ്ങളെ ഉള്ളൂ. അതെന്തുമാകട്ടെ.
അനുഭവിക്കേണ്ട ശിക്ഷയ്ക്ക് അർഹനാണെങ്കിൽ അയാൾ അനുഭവിക്കട്ടെ. പക്ഷേ നീതിപീഠത്തിന്റെ ആ വിധി വരും വരെ ഇനിയും അയാളെ ഒഴിച്ചുനിർത്തേണ്ട കാര്യമില്ല. അയാളിലെ കലാകാരനെ പ്രേക്ഷകർ വീണ്ടും നിറമനസ്സോടെ സ്വീകരിച്ചു എന്നാണ് എനിക്ക് തോന്നുന്നത്.
സിനിമ കാണുക. നല്ല സിനിമയാണ് . മനസ്സിനെ, മനസ്സിൻറെ ചൂടിനെ തണുപ്പിക്കുന്ന സിനിമ. ഈ കെട്ടകാലത്ത് നമുക്ക് ആവശ്യവും കുളിരാണ്, തണുപ്പാണ്












Click it and Unblock the Notifications