ദിലീപേട്ടന്‍ ഒരു രക്ഷയും ഇല്ല; പുള്ളി ചിരിച്ച് മറിയുകയാണ്; ജനപ്രിയമായ ആ രംഗത്തിന് പിന്നില്‍ സംഭവിച്ചത്
ഞാനൊരു അണ്ടർറേറ്റഡ് കലാകാരിയാണെന്ന് തുറന്ന് പറഞ്ഞ് നടി സോന നായർ. മലയാള സിനിമ ഇന്‍ഡസ്ട്രി എന്നെ ശരിക്കും യൂസ് ചെയ്തിട്ടില്ല. അത് എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നുള്ളത് ഇപ്പോഴും ഒരു ചോദ്യചിഹ്നമായി നില്‍ക്കുന്നുവെന്നും താരം വ്യക്തമാക്കുന്നു. ജാങ്കോ സ്പെയിസ് ടിവി എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സോന നായർ.
അഭിനയ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം നരനിലെ കുന്നുമ്മല്‍ ശാന്തയായിരുന്നു. ഞാന്‍ എന്നല്ല നന്നായി ചെയ്യുന്ന വേറെ ഏത് നടിയാണെങ്കിലും കുന്നുമ്മല്‍ ശാന്ത ആ ലെവലില്‍ നില്‍ക്കു. എഴുത്തിന്റെ ശക്തിയും സംവിധാന രീതിയും കൂടെ അഭിനയിക്കുന്നവരുടെ വൈബുമൊക്കെയാണ് ആ കഥാപാത്രത്തെ കൂടുതല്‍ ശക്തമാക്കുന്നതെന്നും സോന നായർ പറയുന്നു.

ദിലീപിനൊപ്പം അഭിനയിച്ച പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തിലെ പ്രശസ്തമായ സീനിനെ കുറിച്ചും അഭിമുഖത്തില്‍ സോന നായർ ഓർത്തെടുക്കുന്നു. നെയില്‍ പോളിഷ് ഇട്ടോണ്ടിരിക്കുന്ന രംഗമാണ്. ആ സമയത്ത് ഒരു മൂളിപ്പാട്ടോ, അങ്ങനെ എന്തെങ്കിലും ചെയ്യുമല്ലോ. ആ കാഥാപാത്രം എന്ന് പറയുന്നത് അല്‍പം മന്ദബുദ്ധിയായിടുള്ള ഒരാളാണ്. അതായത് വിദ്യാഭ്യാസമൊന്നും ഇല്ല. ഏത് നേരവും മേക്കപ്പുമായി നടക്കും.
സീന്‍ എടുക്കുമ്പോള്‍ വിപിനേട്ടനാണ് പറയുന്നത് എന്തെങ്കിലും ഒന്നും മൂളിക്കോ എന്ന്. അദ്ദേഹം തന്നെയാണ് പൂമുഖ വാതില്‍ക്കല്‍ നിർദേശിക്കുന്നത്. ഞാന്‍ പാടും എന്നതിനാല്‍ തന്നെ നല്ല രീതിയില്‍ ദാസേട്ടനെ പിടിക്കുകയാണ്. അപ്പോള്‍ വിപിനേട്ടന്‍ വീണ്ടും പറഞ്ഞു 'അയ്യോ ഇതല്ല നമുക്ക് വേണ്ടത്, ഈ പൊട്ടിക്കാളി ഇങ്ങനെയല്ല പാടേണ്ടത്. ഒരു പൊട്ടിക്കാളി പാടുന്നത് പോലെ പാടൂ' എന്ന്.
ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. പാടുമ്പോള്‍ നല്ല രാഗം തന്നെ വരികയാണ്. ഒടുവിലാണ് ആ ഒരു രീതിയില്‍ പാടുന്നത്. അത് കഴിഞ്ഞതോടെ ലൊക്കേഷനില്‍ വലിയ കയ്യടിയായിരുന്നു. ദിലീപേട്ടന്‍ ഒരു രക്ഷയും ഇല്ല. പുള്ളിയുടെ സജഷന്‍ ഷോട്ട് ആണല്ലോ. പുള്ളി ചിരിച്ച് മറിയുകയാണ്. അഭിനയം തുടങ്ങി കഴിഞ്ഞാല്‍ ചുറ്റിലും ആരൊക്കെ നില്‍ക്കുന്നു എന്നുള്ളതൊന്നും എനിക്ക് പ്രശ്നമുള്ള കാര്യമല്ല. അത് പണ്ടും ഇല്ല ഇപ്പോഴുമില്ല. സ്പോട്ടില്‍ കയ്യടി കിട്ടുന്നതൊക്കെ എനിക്ക് ഇഷ്ടമാണ്. ഇതുവരെ ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം നെയ്ത്തുകാരനിലെ ഗീതയാണ്. അതിന് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നുവെന്നും സോന നായർ കൂട്ടിച്ചേർക്കുന്നു.
1986-ൽ ടി പി ബാലഗോപാലൻ എം എ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ട് സിനിമയിൽ എത്തിയ താരമാണ് സോന നായർ. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം 1996-ൽ സത്യൻ അന്തിക്കാടിന്റെ "തൂവൽക്കൊട്ടാരം" എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സജീവമായി. 80-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള സോന, കഥാനായകൻ, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, കസ്തൂരിമാൻ, നരൻ, മനസ്സിനക്കരെ, നെയ്ത്തുകാരന്‍, പട്ടണത്തില്‍ സുന്ദരന്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധേയമാണ്.
സിനിമയ്ക്ക് പുറമെ 25 - ലധികം ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു, ഒരു കുടയും കുഞ്ഞുപെങ്ങളും, രാച്ചിയമ്മ, കടമറ്റത്ത് കത്തനാർ, ജ്വാലയായ്, സമസ്യ, ഓട്ടോഗ്രാഫ് എന്നിവയാണ് പ്രധാനപ്പെട്ട സീരിയില്‍. 2004-ൽ രാച്ചിയമ്മ എന്ന ടെലിഫിലിമിന് കാവേരി ഫിലിം ക്രിട്ടിക്സ് ടെലിവിഷൻ അവാർഡ് ഉം 2006-ൽ സമസ്യ എന്ന സീരിയലിന് മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡും സത്യൻ മെമ്മോറിയൽ അവാർഡും ലഭിച്ചു.












Click it and Unblock the Notifications