മലയാളത്തിലെ ആദ്യ 10 കോടി ക്ലബ് നായകന്‍ ഞാന്‍: എന്തുകൊണ്ട് ആ ചിത്രം വിജയമായെന്നും ദിലീപ് പറയുന്നു
കോഴിക്കോട്: മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് കൂടി 100 കോടി ക്ലബ്ബില്‍ കയറിയതോടെ ഈ വർഷം 100 കോടി ക്ലബ്ബില്‍ കയറിയ മലയാള ചിത്രങ്ങളുടെ എണ്ണം നാലായി. 2018, മാളികപ്പുറം, ആർഡിഎക്സ് തുടങ്ങിയ ചിത്രങ്ങളാണ് കണ്ണൂർ സ്വക്വാഡിന് മുമ്പ് 100 കോടി ക്ലബ്ബിലെത്തിയ ചിത്രങ്ങള്‍. ഇതില്‍ 2018 ആകെ 200 കോടി നേടിയെന്നും കണക്കുകളുണ്ട്.
2016 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുകനാണ് ആദ്യമായി നൂറുകോടി ക്ലബ്ബിലെത്തിയ മലയാളം ചിത്രമെന്ന് ആർക്കും അറിയാവുന്ന കാര്യമാണ്. അന്ന് 152 കോടിയിലേറെയാണ് ചിത്രം കളക്ട് ചെയ്തത്. ആദ്യമായി കളക്ഷന്‍ 50 കോടി പിന്നിട്ടതും മോഹന്‍ലാല്‍ ചിത്രമാണ് - ദൃശ്യം. എന്നാല്‍ മലയാളത്തില്‍ ആദ്യമായി 10 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം ഏതാണെന്ന് നിങ്ങള്‍ക്ക് അറിയുമോ? അതൊരു ദിലീപ് ചിത്രമാണ്.

ബാന്ദ്ര എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട കൌമുദി മൂവീസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. 'നേരത്തെയൊക്കെ ഞാന്‍ കണ്ണടവെച്ച് അഭിനയിക്കാമെന്ന് പറഞ്ഞാല്‍ നിർമ്മാതാക്കള്‍ സമ്മതിക്കില്ലായിരുന്നു. മീശ വടിക്കാനും സമ്മതിക്കില്ല. പടം ഓടില്ല, ആളുകള്‍ ഇഷ്ടപ്പെടില്ല. എന്നൊക്കെയായിരുന്നു അവർ പറയാറുണ്ടായിരുന്നത്' ദിലീപ് പറയുന്നു.
പിന്നീട് അത്തരം ഒരുപാട് സിനിമകള്‍ ഞാന്‍ ചെയ്തു. മീശ വടിച്ചും അല്ലാതെയും പലസാഹചര്യത്തിലും അഭിനയിച്ചിട്ടുണ്ട്. കൂനനായും പല്ലുവെച്ചുമൊക്കെ അഭിനയിച്ചു. പലതരത്തിലുള്ള വേഷം ചെയ്തു. സ്ത്രീയുടെ വേഷവും കെട്ടി. അതിനെല്ലാമുള്ള സാഹചര്യം ഉണ്ടാക്കി തന്നത് പ്രിയപ്പെട്ട പ്രേക്ഷകരാണ്. ദിലീപ് പെണ്ണായി കഴിഞ്ഞാല്‍ അഭിനയിക്കാന്‍ കഴിയില്ലെന്നൊക്കെയായിരുന്നു ചിലർ പറഞ്ഞിരുത്.
എനിക്ക് തോന്നുന്നത് സിംഗിള്‍ ഹീറോസ് ചിത്രങ്ങളില്‍ അന്നുവരേയുള്ള ഏറ്റവും വലിയ കളക്ഷന്‍ നേടിയത് മായാമോഹിനിയെന്ന ഞാന്‍ പെണ്‍ വേഷത്തിലെത്തിയ ചിത്രമായിരുന്നു. പത്ത് കോടിക്ക് മുകളില്‍ വന്ന ആദ്യത്തെ മലയാള സിനിമ അതായിരുന്നു. നമ്മള്‍ വ്യത്യസ്തമായി എന്ത് ചെയ്യുന്നു എന്നുള്ളതാണ് പ്രധാനം. സാധാരണം വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന ആ കാലമൊക്കെ മാറി. പ്രേക്ഷകർ ഒരുപാട് വളർന്നു. അഭിനേതാക്കളില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അവർ ആഗ്രഹിക്കുന്നതെന്നും ദിലീപ് വ്യക്തമാക്കുന്നു.
ഒരേ പോലത്തെ സിനിമ കണ്ടാല്‍ ആളുകള്‍ സ്വീകരിക്കില്ല. വ്യത്യസ്തത നേടി ആളുകള്‍ വരും. ആ ഒരു ധൈര്യമാണ് എനിക്കുള്ളത്. രാമലീലയില്‍ ഞാന്‍ തമാശ ചെയ്തിട്ടില്ല. തമാശ ചെയ്യാത്ത ഒരുപാട് ഹിറ്റ് സിനിമകള്‍ ഉണ്ട്. നർമ്മത്തിന്റെ ചെറിയ മേമ്പൊടി ഉണ്ടെന്നല്ലാത്ത റണ്‍വെ വലിയ ഹിറ്റാണ്. വാളയാർ പരമശിവത്തിന്റെ രീതിക്ക് സരസത ഉണ്ടെങ്കിലും അയാള്‍ വളരെ ബ്രില്യന്റും ബോള്‍ഡുമാണ്.
ലയണ്‍, ചെസ്സ് തുടങ്ങിയ ചിത്രങ്ങളും ഉദാഹരമാണ്. ഒരു സംവിധായകന്‍ എന്ത് ആവശ്യപ്പെടുന്നോ അതിലേക്ക് പോകാന്‍ കഴിയുക എന്നുള്ളതാണ് നമ്മുടെ ഭാഗ്യമായി കാണുന്നത്. ഈ ചിത്രം പ്രേക്ഷകർക്ക് ഇഷ്ടമാകും എന്നാണ് ഞാന്‍ കരുതുന്നത്. രണ്ടരമണിക്കൂറോളം ആസ്വദിച്ച് കണ്ടിരിക്കാനുള്ള സംഭവം ഈ ചിത്രത്തിലുണ്ട്. പാട്ട്, അടി, ഇമോഷന്‍ എല്ലാം ഇവയിലുണ്ടെന്നും ദിലീപ് പറയുന്നു.
ചിത്രത്തിലെ ഡാന്‍സൊക്കെ മക്കള്‍ രണ്ട് പേർക്കും ഇഷ്ടമായി. തമന്നയോടൊപ്പമുള്ള ഡാന്‍സ് ഷൂട്ട് ചെയ്യാന്‍ പോകുന്ന അന്ന് രാവിലെ മീനാക്ഷി വിളിച്ചപ്പോള്‍ ഇന്ന് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ചോദിച്ചിരുന്നു. തമന്നയോടൊപ്പമുള്ള ഡാന്‍സിന്റെ ഷൂട്ടിങ് ആണെന്ന് പറഞ്ഞപ്പോള്‍ അവള്‍ നിരുത്സാഹപ്പെടുത്തി. തമന്നയൊക്കെ വലിയ നർത്തകിയാണ്, അവർക്കൊപ്പം നൃത്തം ചെയ്ത് തന്നെ നാണം കെടുത്തരുതെന്നായിരുന്നു അവള്‍ പറഞ്ഞതെന്നും ദിലീപ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications