'ദിലീപ് വാക്ക് പാലിച്ചില്ല; ആ ചെക്ക് കീറിയെറിഞ്ഞു,അതോടെ ബന്ധം അവസാനിപ്പിച്ചു';കെപി പണിക്കർ
നടൻ ദിലീപിനെ കുറിച്ച് പ്രമുഖ ജ്യോത്സനും നടനുമായ കെപി പണിക്കർ. തനിക്ക് തന്ന വാക്ക് ദിലീപ് പാലിച്ചില്ലെന്നും അതോടെ അദ്ദേഹവുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നും പണിക്കർ പറഞ്ഞു. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് -
'എന്റെ മകൾക്ക് മിസ്റ്റർ ബട്ട്ലറിൽ റോൾ കിട്ടിയിരുന്നു. നായികയുടെ സുഹൃത്തായ ക്യാമറ വുമൺ ആയിട്ടായിരുന്നു. സിനിമയിൽ എനിക്ക് റോൾ കിട്ടാൻ കാരണം സിനിമയിൽ ഒരു ക്യാമറമാൻ വേണമായിരുന്നു. മൂപ്പര് പറ്റിയതാണല്ലോ അതോണ്ട് ആ റോൾ കൊടുക്കാമെന്ന് ഡയറക്ടർ പറഞ്ഞു. അന്ന് ഞാൻ ഡൈയൊക്കെ അടിച്ചിരിക്കുകയാണ്. ദിലീപിന്റെ മാക്കപ്പ്മാനായിട്ടാണ് അഭിനയിക്കേണ്ടത് ചെയ്യാമോയെന്ന് അദ്ദേഹം ചോദിച്ചപ്പോൾ ധാരാളം ചെയ്യാമെന്ന് പറഞ്ഞു.

ആ സിനിമയിൽ നടന് മേക്കപ്പ് ഇട്ട് കൊടുക്കുന്ന രംഗമാണ്. ഞാൻ മേക്കപ്പിട്ടാൽ വെച്ചടിവെച്ചടി കയറ്റമാണെന്നാണ് ആ കഥാപാത്രം ദിലീപിനോട് പറയുന്നത്. ആ സീനൊക്കെ മനോഹരമായി കഴിഞ്ഞു. വൈകീട്ട് ദിലീപെന്നെ കണ്ടു. പണിക്കരേട്ട നിങ്ങൾ ജ്യോതിഷി കൂടിയാണെന്ന് അറിഞ്ഞു, എന്ത് പറയുന്നു എന്റെ ഭാവിയെ കുറിച്ച് എന്നായി നടൻ. അപ്പോൾ ഞാൻ പറഞ്ഞു ജാതകവും ജനിച്ച തീയതിയുമൊക്കെ വെച്ചാണ് ഞാൻ ജ്യോതിഷം പറയുന്നതെന്ന് പറഞ്ഞു, അപ്പോൾ അദ്ദേഹം പറഞ്ഞു എന്നാൽ കൈനോക്കി പറയാമോയെന്ന്. ഇതോടെ കൈ നോക്കി ഞാൻ പറഞ്ഞു കലാലോകത്ത് തിളങ്ങാൻ തന്നെയാണ് നിന്റെ യോഗം, ഈ സ്വെഞ്ച്വറി കഴിഞ്ഞോട്ടെ പിന്നെ വെച്ചടി വെച്ചടി മേപ്പോട്ടായിരിക്കും, രജനീകാന്തോ, അമിതാഭ് ബച്ചനോ ആകുമെന്ന് പറയുന്നില്ല, പക്ഷെ ദിലീപ് ദിലീപാകുമെന്ന് പറഞ്ഞു.
പിന്നീട് നല്ല ബന്ധമായിരുന്നു. ഇടക്കൊക്കെ വിളിക്കുമായിരുന്നു. ഷൂട്ടിന് പോകുമ്പോഴൊക്കെ കാണുമായിരുന്നു. ഒരിക്കൽ പാലക്കാട് ഞങ്ങളുടെ നാട്ടിലെ അമ്പലത്തിൽ അദ്ദേഹം ഷൂട്ടിന് വന്നിരുന്നു. ദിലീപുമായി എനിക്ക് അടുത്ത ബന്ധമാണെന്ന് എല്ലാവർക്കും അറിയാം. ഞങ്ങൾ ഒരുമിച്ചുള്ള ഫോട്ടോയൊക്കെ ഉണ്ട്. ദിലീപ് എത്തിയാൽ അമ്പലത്തിന് വേണ്ടി ഡൊണേഷൻ നൽകിക്കണമെന്ന് അമ്പലക്കമ്മിറ്റിക്കാർ പറഞ്ഞു. ഞാൻ ആ അമ്പലത്തിന്റെ ട്രെസ്റ്റിയും കൂടെയായിരുന്നു.
ഒരുദിവസത്തെ അമ്പലത്തിലെ പൂജയുടെ തുകയായ 12000 രൂപ ദിലീപിന്റെ പേരിൽ എഴുതി വെച്ചിട്ടുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അതിനെന്താ പ്രൊഡക്ഷൻ മാനേജരോട് പറഞ്ഞ് തുക നൽകാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പ്രൊഡക്ഷൻ മാനേജരേയും സംവിധായകനേയുമൊന്നും കിട്ടുന്നില്ല. അപ്പോൾ തന്നെ എനിക്ക് വല്ലതെയായി. ആകെ 2000 രൂപയാണ് ചെക്കായി തന്നത്. നോക്കിയപ്പോൾ രണ്ട് എന്ന് കണ്ടപ്പോൾ തന്നെ ഞാൻ ചോദിച്ചു ദിലീപ് പറഞ്ഞിട്ടാണോ നിങ്ങളിത് തരുന്നതെന്ന്. അല്ലാതെ വെറുതെ തരാൻ പറ്റുമോയെന്നായി പ്രൊഡക്ഷൻ മാനേജർ. അവരുടെ ടോൺ എനിക്ക് ഇഷ്ടായില്ല, അപ്പോൾ തന്നെ ഞാൻ ആ ചെക്ക് ചീന്തിയെറിഞ്ഞു.
പൂജയ്ക്ക് എഴിതിയല്ലേ,അതുകൊണ്ട് പൂജ നടത്തിയതിന്റെ ബാക്കി പൈസ ഞാൻ നൽകാമെന്ന് അമ്പലത്തിൽ ഞാൻ അറിയിച്ചു. ഈ സംഭവം പറയാൻ ഞാൻ ദിലീപിനെ വിളിച്ചെങ്കിലും അദ്ദേഹം എടുത്തില്ല. എനിക്ക് വല്ലവന്റേയും കാലുപിടിക്കേണ്ട ആവശ്യമില്ല. എപ്പോഴും കാണുമ്പോൾ പറയും പണിക്കരേട്ടാ എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചോയെന്ന്. ഞാൻ എന്റെ ആവശ്യത്തിന് അദ്ദേഹത്തെ വിളിച്ചിട്ടില്ല. ഇക്കാര്യത്തിനാണ് വിളിച്ചത്. ഈ സംഭവത്തോടെ ഞാൻ അദ്ദേഹത്തേയും അദ്ദേഹം എന്നേയും വിളിക്കാതെയായി. അതോട് കൂടി ഞാൻ ദിലീപുമായുള്ള ബന്ധം കട്ട് ചെയ്തു. ദിലീപിനെ ഞാൻ അനിയനെപോലെ കണ്ടൊരാളാണ്. വളരെ തിരക്കുള്ളപ്പോഴും എന്നോട് നന്നായി പെരുമാറിയ ആളാണ്. ലൊക്കേഷനിൽ എന്നെ അടുത്ത് വിളിച്ചിരുത്തുകയും സംസാരിക്കുമൊക്കെ ചെയ്യുമായിരുന്നു. ഞാനും അതേ സ്നേഹത്തോടെയാണ് കണ്ടിരുന്നത്. ഞാൻ ഈ ഫീൽഡിൽ എത്ര പേരെ പരിചയപ്പെട്ടിട്ടുണ്ട്, അതോടെ എല്ലാം അവസാനിച്ചു', കെപി പണിക്കർ പറഞ്ഞു.












Click it and Unblock the Notifications