പലരും പാളുമെന്ന് പറഞ്ഞു; പക്ഷെ ദിലീപാണ് ആ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്: സ്റ്റാർ മാജിക് സംവിധായകന്‍
വലിയൊരു വിഭാഗം വിമർശകരായി ഉണ്ടായിരുന്നെങ്കിലും അതിലേറെ ആരാധകരുള്ള പരിപാടിയായിരുന്നു ഫ്ലവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സ്റ്റാർ മാജിക്. മലയാളികളുടെ പ്രിയപ്പെട്ട മിമിക്രി താരങ്ങളും സീരിയല്‍ നടീ-നടന്മാരുടെ ഏഴുവർഷത്തെ വിജയകരമായ ചരിത്രം കുറിച്ചതിന് ശേഷം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ സ്റ്റാർ മാജിക് തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു നിരവധി ആരാധകരെ ഇന്നും സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കും.
ഇപ്പോഴിതാ സ്റ്റാർ മാജിക്കില്‍ ദിലീപ് അഥിതി ആയി എത്തിയ എപ്പിസോഡിനെക്കുറിച്ച് പരിപാടിയുടെ സംവിധായകന്‍ അനൂപ് ജോണ്‍ പറഞ്ഞ വാക്കുകളും ശ്രദ്ധേയമായി മാറുകയാണ്. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില ആർട്ടിസ്റ്റുകള്‍ക്ക് വേണ്ടി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നിരുന്നു. അതൊക്കെ വലിയ സെലിബ്രിറ്റികളാണെന്ന് ചിലരൊക്കെ വിചാരിക്കും. എന്നാല്‍ അങ്ങനെയല്ലേ. കുഞ്ചാക്കോ ബോബന്‍ വന്ന എപ്പിസോഡില്‍ സെറ്റില്‍ ആദ്യം എത്തുന്നത് അദ്ദേഹമാണ്. അതായത് സ്ഥിരം എത്തുന്ന ആർട്ടസ്റ്റുകളേക്കാള്‍ മുന്നേ അദ്ദേഹം എത്തി. ജയസൂര്യ, ദിലീപ് എന്നിവരൊക്കെ നേരത്തെ വരും.
ദിലീപേട്ടനെ വിളിച്ചപ്പോള്‍ അദ്ദേഹത്തിന് ചെറിയ ആശങ്കയായിരുന്നു. ' ഞാന്‍ വന്നിട്ട് എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ.എന്താ ഇപ്പോള്‍ ചെയ്യുക. പണ്ടത്തെ സാധനം ഒന്നും അടിച്ചാല്‍ നില്‍ക്കില്ല. പുതിയത് എന്തെങ്കിലും ഉണ്ടോ' എന്നൊക്കയായിരുന്നു അദ്ദേഹം ചോദിച്ചിരുന്നത്. അദ്ദേഹം പരിപാടിക്ക് വരുന്നതിന് മുമ്പ് പല പല ലൊക്കേഷനില്‍ വെച്ച് അദ്ദേഹത്തെ കണ്ടിരുന്നു. ദിലീപേട്ടന്‍ വന്നാല്‍ മാത്രം മതിയെന്നായിരുന്നു എന്റെ മറുപടിയെന്നും അനൂപ് ജോണ്‍ വ്യക്തമാക്കുന്നു.
സ്റ്റാർ മാജിക് എപ്പിസോഡുകളില്‍ ഏറ്റവും അധികം റേറ്റിങ് ഉണ്ടാക്കിയത് ദിലീപേട്ടന്റെ എപ്പിസോഡായിരുന്നു. ഒരു ഓണത്തിനായിരുന്നു അദ്ദേഹം വന്നത്. കമ്പനിയുടെ അകത്ത് നിന്നടക്കം ആളുകള്‍ ഇത് വർക്ക് ആകിലെന്ന് പറഞ്ഞിരുന്നു. ഇതുവരെ ചെയ്തതില്‍ ഏറ്റവും താഴെ പോകുന്ന എപ്പിസോഡായിരിക്കും ഇതെന്നായിരുന്നു ചിലരുടെ വിലയിരുത്തല്‍. എനിക്ക് ഇഷ്ടപ്പെട്ട എപ്പിസോഡാണ് ഇത്. അങ്ങനെ എനിക്ക് ഇഷ്ടപ്പെട്ടത് ഒന്നും താഴെ പോയിട്ടില്ലെന്നായിരുന്നു എന്റെ മറുപടി.
പ്രതീക്ഷകള്‍ക്ക് അപ്പുറത്തുള്ള സ്വീകരണമായിരുന്നു ദിലീപേട്ടന്റെ എപ്പിസോഡിന് ലഭിച്ചത്. കാരണം അത് അത്രക്ക് നല്ലതായിരുന്നു. അതുപോലെ തന്നെ ടിആർപിയും ലഭിച്ചു. കുറേകാലത്തിന് ശേഷമായിരുന്നു ദിലീപേട്ടന്‍ അതുപോലൊരു ഷോയില്‍ പെർഫോം ചെയ്യുന്നത്. ആ പരിപാടി ഉണ്ടാക്കിയ ഒരു ഇംപാക്ട് കൊണ്ടാണ് അദ്ദേഹം സൂപ്പർ ഷോയിലും വന്നത്.
നമ്മളെ അറിയാവുന്നത് കൊണ്ട് സമയം ഉണ്ടെങ്കില്‍ ചോദിച്ചാല്‍ അപ്പോള്‍ തന്നെ ഡേറ്റ് കിട്ടും. ദിലീപേട്ടനെ വെച്ചുള്ള സൂപ്പർ ഷോ പത്ത് ദിവസം കൊണ്ടാണ് പ്ലാന്‍ ചെയ്ത് നടപ്പിലാക്കുന്നത്. ആ ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെയാണ് സുരാജേട്ടന്‍, നവ്യ, ധ്യാന്‍ തുടങ്ങിയ ആളുകളുടേയൊക്കെ ഡേറ്റ് ഒപ്പിച്ചത്. നമ്മളില്‍ ഒരു വിശ്വാസം ഉള്ളതുകൊണ്ട് അധികം ചോദ്യങ്ങളൊന്നും ഉണ്ടാകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അതേസമയം അഭിമുഖത്തില്‍ അന്തരിച്ച നടന്‍ കൊല്ലം സുധിയെക്കുറിച്ചും അനൂപ് സംസാരിക്കുന്നുണ്ട്. കൊല്ലം സുധിയുമായി വലിയ ആത്മബന്ധം ഉണ്ടായിരുന്നു. സ്റ്റാർ മാജിക്കില്‍ അദ്ദേഹം ഒരു അലങ്കാരമായിരുന്നു. സുധിച്ചേട്ടന്‍ പോയതിന് ശേഷം സ്റ്റാർ മാജിക്ക് കാണുന്നത് നിർത്തി എന്നൊക്കെ ഒരുപാട് ആളുകള്‍ പറയാറുണ്ട്. എന്നാല്‍ അദ്ദേഹം വന്ന സ്റ്റാർ മാജിക് എപ്പിസോഡുകളുടെ കമന്റ് ബോക്സില്‍ പച്ചക്ക് ചീത്ത വിളിച്ച ആളുകളുണ്ട്.
'എന്തിനാണ് ഇയാളെ അവിടെ കൊണ്ടിരുത്തുന്നത്? ഒന്നും മിണ്ടുന്നില്ലാലോ?' എന്നൊക്കെയായിരുന്നു ആളുകളുടെ ചോദ്യം. യാഥാർത്ഥത്തില്‍ അദ്ദേഹത്തിന് സുഖം ഇല്ലാത്ത ദിവസങ്ങളില്‍ പോലും ചേട്ടന്‍ ഒന്നും ചെയ്യേണ്ട അവിടെ പോയി ഇരുന്നാല്‍ മതിയെന്ന് പറഞ്ഞ് ഞാന്‍ നിർബന്ധിക്കുകയായിരുന്നുവെന്നും അദ്ദേഹം തുറന്നു പറയുന്നു.












Click it and Unblock the Notifications