'ദിലീപേ,ഭാവന ഇല്ലാതെ നിങ്ങളെന്ത് സിഐഡി മൂസ ഹേ..പറയാത്ത കാര്യം പറയരുത്'; വലിച്ചൊട്ടിച്ച് ശാന്തിവിള ദിനേശ്
കൊച്ചി: സിനിമ റിവ്യൂ ചെയ്യുന്നതിനെതിരെ നടൻ ദിലീപ് നടത്തിയ വിമർശനത്തിൽ തുറന്നടിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. റിവ്യൂ ചെയ്യാൻ പാടില്ലെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും റിവ്യൂ കൊണ്ട് ഒരു സിനിമയെ പരാജയപ്പെടുത്താനും വളർത്തിയെടുക്കാനും സാധിക്കില്ലെന്നും നടൻ പറഞ്ഞു. ദിലീപ് കാലത്തിന്റെ മാറ്റം ഉൾക്കൊള്ളണമെന്നും സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പുനഃർവിചിന്തനം നടത്തണമെന്നും തന്റെ യുട്യൂബ് ചാനലായ ലൈറ്റ് കാമറ ആക്ഷനിലൂടെ ശാന്തിവിള പറഞ്ഞു. ദിലീപിന്റെ സിഐഡി മൂസയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന പ്രഖ്യാപനത്തേയും വീഡിയോയിൽ ശാന്തിവിള രൂക്ഷമായി വിമർശിച്ചു. വായിക്കാം
'സിഐഡി മൂസയുടെ രണ്ടാം ഭാഗം എടുക്കാൻ പോകുന്നുവെന്ന് കേൾക്കുന്നു. അത് പൊളിഞ്ഞ് പാളീസായി പോകുമെന്ന് ഞാൻ പറയുന്നു ദിലീപേ. കാരണം അത് ദിലീപിൽ മാത്രം നിൽക്കുന്ന സിനിമയാണോ? അല്ല.സിഐഡി മൂസ ദിലീപിൽ മാത്രം നിൽക്കുന്ന പടമല്ല, ജഗതിയെന്നൊരു അളിയൻ ക്യാരക്ടർ ഉണ്ടായിരുന്നു, കാപ്റ്റൻ രാജു എന്ന സിഐഡി, പിന്നെ ആ സിനിമയിൽ ഒരു ഭാവന എന്ന നടിയുണ്ടായിരുന്നു. ഈ ഘടകങ്ങളൊന്നുമില്ലാതെ എങ്ങനെയാണ്. സിഐഡി മൂസ എന്ന് എന്തിനാണ് ഇടുന്നത്, സിഐഡി കൊച്ചാപ്പിയെന്ന് ഇട്ടാൽ പോരെ.

ഭാവന പോലൊരു നായിക മനോഹരമായി ചെയ്ത ആ സിനിമയിൽ ഭാവന ഇല്ലാതെ നിങ്ങൾ എന്ത് മൂസ ഹേ? അത്തരം ചിന്തകൾ മാറ്റണം. എനിക്ക് ഇഷ്ടമായില്ലെന്ന് പറയാം, പക്ഷേ മറ്റുള്ളവർ സിനിമ കാണാൻ പോകരുതെന്ന് പറയരുതെന്നാണ് ദിലീപ് പറയുന്നത്. എന്നാൽ മറ്റുള്ളവർ സിനിമ കാണാൻ പോകരുതെന്ന് റിവ്യൂ ചെയ്യുന്നവർ ആരും തന്നെ പറയില്ല. പറയാത്ത കാര്യങ്ങൾ പറയരുത് ദിലീപേ.
സിനിമ വിഷമല്ല എന്ന് ദിലീപ് പറയുന്നു. അതൊക്കെ മനസിലാക്കാനുള്ള കോമൺസെൻസ് മലയാളിക്ക് ഇല്ലേ, അതൊന്നും ദിലീപ് പറഞ്ഞ് കൊടുക്കണമെന്ന് ഞാൻ കരുതുന്നില്ല. 100 രൂപ കൊടുക്കുന്നവന് വില കൊടുക്കണം. അഭിനയിക്കുന്നവരെ കളിയാക്കരുതെന്ന് പറയാൻ നമ്മൾക്കെന്ത് അവകാശം. റിവ്യൂ പറയുമ്പോൾ തെറി പറയുന്നത് മോശമാണ്. സഭ്യമായ ഭാഷയിൽ അല്ലാതെ ആരേയും ആർക്കും പറയാൻ അവകാശം ഇല്ലെന്ന് ഞാൻ അംഗീകരിക്കുന്നു. ഞങ്ങളെ ഇനി അവർ ഇനി പ്രമോട്ട് ചെയ്യുന്നത് എങ്ങനെ വേണമെന്ന് ഞങ്ങൾ തീരുമാനിക്കുമെന്നാണ് ദിലീപ് പറയുന്നത്. അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി.
ജിന്ന് എന്ന് പറയുന്ന പടം ഇറങ്ങും മുൻപ് തന്നെ മോശം റിവ്യൂ പറഞ്ഞെന്ന തരത്തിലൊക്കെ വ്മർശനം ബി ഉണ്ണികൃഷ്ണൻ ഉന്നയിച്ചിരുന്നു. എന്നാൽ ജയിലർ,കണ്ണൂർ സ്ക്വാഡ്, ന്നാ താൻ കേസ് കൊട്, മാളികപ്പുറം എന്നീ സിനിമകളെല്ലാം റിവ്യൂ ബോംബിങ് നടക്കുന്നതിനിടെയല്ലേ ഹിറ്റായത്. അത് എന്ത് കൊണ്ട് ഹിറ്റായെന്ന് മാത്രം പഠിച്ചാൽ മതി പല സിനിമകളുടേയും പരാജയത്തിന്റെ കാരണം എന്തുകൊണ്ടാണെന്ന് മനസിലാക്കണം. ഒരു റിവ്യൂ കൊണ്ട് ഒരു സിനിമയെ പരാജയപ്പെടുത്താനും വളർത്തിയെടുക്കാനും സാധിക്കില്ല. റിവ്യൂവർമാര് വിചാരിച്ചാൽ തല്ലിപ്പൊളി പടങ്ങളെ പൊളിക്കാൻ കഴിയുമെന്നല്ലാതെ നല്ല സിനിമകളെ തകർക്കാൻ കഴിയുമെന്ന് വിചാരിക്കരുത്', താരം പറഞ്ഞു.












Click it and Unblock the Notifications