ദിലീപ് ഏട്ടാ, അതുകണ്ട് എനിക്ക് കരച്ചിലടക്കാനായില്ല, നടന് മുന്നിൽ പൊട്ടിക്കരഞ്ഞ് അവതാരക
ദിലീപിന്റെ 150-ാമത്തെ ചിത്രമായ പ്രിൻസ് ആന്റ് ദി ഫാമിലി തീയറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയണ്. റിലീസ് ചെയ്ത അഞ്ച് ദിവസത്തിനുള്ളിൽ 6.86 കോടിയാണ് സിനിമ നേടിയ കളക്ഷൻ. ഒരു വർഷത്തിന് ശേഷം എത്തിയ ചിത്രം ജനങ്ങൾക്കിടയിൽ സ്വീകരിക്കപ്പെട്ടുവെന്നതിന്റെ സന്തോഷമാണ് നടൻ ദിലീപ് പങ്കുവെയ്ക്കുന്നത്. സിനിമയുടെ പ്രമോഷൻ പരിപാടിയുടെ ഭാഗമായി വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ദിലീപിന‍്റെ പ്രതികരണം.
അതേസമയം സാധാരണ നിലയിൽ സിനിമയ്ക്ക് മുൻപാണ് ഇത്തരത്തിൽ പ്രമോഷൻ സംഘടിപ്പിക്കാറുള്ളതെങ്കിലും റിലീസ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് സിനിമയുടെ പ്രമോഷൻ അണിയറപ്രവർത്തകർ നടത്തുന്നത്. ഇത് സംബന്ധിച്ചുള്ള ചോദ്യത്തിനും ദിലീപ് മറുപടി നൽകി. ദിലീപിന്റെ വാക്കുകളിലേക്ക്

' ഞങ്ങൾ പാറ്റേൺ മാറ്റി പിടിച്ചതാണ്. സിനിമക്ക് മുൻപേ പ്രമോഷൻ നടത്തിയിരുന്നെങ്കിൽ നിങ്ങളുടെ മനസിൽ മറ്റൊരു കഥയുണ്ടായേനേ. എന്നാൽ ഈ സിനിമ നിങ്ങൾ കാണാൻ പോയത് ഒന്നും അറിയാതെയാണ്. അതുകൊണ്ട് തന്നെ അതിന്റെയൊരു സുഖം പ്രേക്ഷകർക്ക് ഉണ്ടായിക്കാണും', ദിലീപ് പറഞ്ഞു.
നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ചോദ്യത്തോട് പ്രതികരിച്ചു. 'ദിലീപേട്ടനുമായി ഈ സിനിമ കമ്മിറ്റ് ചെയ്തത് മുതൽ വെല്ലുവിളികളായിരുന്നു. ഈ സിനിമ ഹിറ്റ് അടിക്കണമെന്ന ആഗ്രഹം ഞങ്ങൾക്കുണ്ടായിരുന്നു. ഈ സിനിമ സംസാര വിഷയമാകണം എന്ന് ഉറപ്പിച്ച് തന്നെയാണ് ദിലീപേട്ടന് മുൻപിൽ പോയത്. സാധാരണ ഞാൻ ചെയ്യുന്ന സിനിമകൾ റിലീസിന് മുൻപ് എന്റ ടീമിനെ കാണിക്കാറുണ്ട്. മുൻ ഡയറക്ടേഴ്സ്, അസോസിയേറ്റ്സ് അങ്ങനെ ഞങ്ങളുമായി സഹകരിക്കുന്നവരെയൊക്കെയാണ് കാണിക്കാറുള്ളത്. അവരുടെ അഭിപ്രായം എടുത്ത് പിന്നെ സിനിമയിലെ താരങ്ങളെ കാണിച്ച് അവരുടെ കൂടി അഭിപ്രായം എടുത്ത് ചർച്ച ചെയ്ത് ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഈ സിനിമയിലും അങ്ങനെ തന്നെയായിരുന്നു.
എന്നാൽ പുറത്ത് നിന്നുള്ള ആളുകളെ കാണിക്കാൻ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി എന്റെ ഫ്ലാറ്റിലെ കുടുംബാംഗങ്ങളെ സ്റ്റുഡിയോയിൽ വിളിച്ചുവരുത്തി സിനിമ കാണിച്ചു. അവർ ഇത് കണ്ടപ്പോൾ ഭയങ്കര ചിരി, സന്തോഷിച്ചു, സങ്കടപ്പെട്ടു, വൈകാരികമായി പ്രതികരിച്ചു,സിനിമ കണ്ട് കഴിഞ്ഞ് അവർ ഭയങ്കര സന്തോഷത്തിലായിരുന്നു. സിനിമയുടെ പുറത്തിനിന്നുള്ളവരായിരുന്നു അത്. അതുകൊണ്ട് തന്നെ അവരുടെ പ്രതികരണം എന്നെ സംബന്ധിച്ച് വളരെ വിലപ്പെട്ടതായിരുന്നു. ജനങ്ങൾക്കിടയിലേക്ക് ഈ സിനിമ ഇറങ്ങുമെന്നും വലിയ സ്വീകാര്യത ലഭിക്കുമെന്നും എനിക്ക് ആത്മവിശ്വാസം തന്നത് ഈ 12 ഓളം വരുന്ന കുടുംബങ്ങളുടെ പ്രതികരണം തന്നെയായിരുന്നു.
സിനിമക്കാർ അല്ലാത്തവർ കാണുമ്പോൾ ശരിയായ അഭിപ്രായമാണ് കിട്ടുന്നത്. അവർ സിനിമ ആസ്വദിച്ചോ എന്നത് മാത്രമാണ് അവിടെ പ്രധാന കാരണം. ഞങ്ങളെ സംബന്ധിച്ച് ഇത് വലിയ വെല്ലുവിളിയാണെന്ന് പറഞ്ഞല്ലോ. സിനിമയുടെ എഴുത്തുകാരൻ ദിലീപേട്ടന്റെ ഫാനാണ്. നിർമ്മാതാവായ ഞാൻ ചെറുപ്പം മുതലെ കാണുന്ന നടൻ, പിന്നെ മാജിക് ഫ്രെയിംസ്, ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച പടം വിജയിക്കുമ്പോൾ ഞങ്ങളെ സംബന്ധിച്ച് അഹങ്കാരമാണ്. അതിയായ സന്തോഷമാണ്. സംവിധായകൻ ബിന്റോ ജോസഫിനും അങ്ങനെ തന്നെ. അദ്ദേഹത്തിന്റെ ആദ്യ പടമാണ്', ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
അതേസമയം അഭിമുഖത്തിനിടെ അവതാരക പൊട്ടിക്കരയുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. സിനിമയുടെ ടൈറ്റിൽ കാർഡ് കണ്ടപ്പോൾ ഭയങ്കര ഇമോഷ്ണലായി പോയി എന്ന് പറഞ്ഞുകൊണ്ടായിരുന്നു അവതാരകയായ മസ്താനിയുടെ കരച്ചിൽ. മസ്താനി ആ ടൈറ്റിൽ കാർഡ് കണ്ടപ്പോൾ ശരിക്കും കരഞ്ഞോയെന്ന് ദിലീപ് ചോദിക്കുമ്പോൾ ആണെന്ന് പറഞ്ഞ് വീണ്ടും അവതാരക വിതുമ്പുകയായിരുന്നു.












Click it and Unblock the Notifications