ദിലീപ് അവരെ കളിയാക്കി, അതൊക്കെ കാണുമ്പോൾ അവരോട് സഹാനുഭൂതി തോന്നുമോ'; സംവിധായകൻ
പണ്ടൊക്കെ സിനിമയല്ല താരങ്ങളായിരുന്നു താരമെന്നും എന്നാൽ ഇന്ന് സിനിമയുടെ പ്രമേയം ആണ് താരമെന്നും സംവിധായകൻ വിജു വർമ. പൃഥ്വിരാജിന്റെയൊക്കെ പടത്തിന് വേണ്ടി താൻ കുറേക്കാലം അദ്ദേഹത്തിന് പുറകെ നടന്നിട്ടുണ്ട്. കാരവാൻ കയറി ഇറങ്ങിയതല്ലാതെ ഒന്നും സംഭവിച്ചില്ലെന്നും വിജു വർമ പറഞ്ഞു.
ടിനി ടോമിനെ നായകനാക്കി ഇറങ്ങിയ 'ഓടും രാജ ആടും റാണി' എന്ന ചിത്രം കാലം തെറ്റിയ സിനിമയാണെന്ന് തന്നോട് പലരും പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ആ സിനിമയുടെ റിവ്യൂ അയച്ച് തരുന്നവർ ഉണ്ട്. ആ സിനിമയ്ക്ക് പല പ്രശ്നവും സംഭവിച്ചിട്ടുണ്ടെന്നും വിജു പറഞ്ഞു. ട്രാൻസ്ജെന്റേഴ്സിന്റെ പ്രശ്നങ്ങൾ പ്രമേയമാക്കി ഒരുങ്ങിയ ചിത്രമാണ് 'ഓടും രാജ ആടും റാണി'.

'പടത്തന്റെ മേക്കിംഗിൽ എല്ലാം ഞാൻ വളരെ സംതൃപ്തനായിരുന്നു. എന്നാൽ കൊമേഴ്ഷ്യലി പടം വളരെ പരാജയമായിപ്പോയി. സിനിമയുടെ പ്രമേയവും പ്രശ്നമായിരുന്നു. ഇവരെ കുറിച്ചൊക്കെ സിനിമ ചെയ്യാൻ പ്രാന്താണോയെന്ന് ചോദിച്ച് കമന്റുകൾ വന്നിട്ടുണ്ട്. അവരൊക്കെ വേസ്റ്റ് ജൻമങ്ങളാണെന്നായിരുന്നു വിമർശനം. അത് തന്നെയാണ് സിനിമയുടെ കണ്ടന്റും. അവരും മനുഷ്യരാണെന്നും അവരുടേതും ജീവിതമാണെന്നും അവരും ഈ സമൂഹത്തിൽ ഉള്ളവരാണെന്നും മനസിലാക്കണം.
അന്ന് ഞാൻ ട്രാൻസ്ജെന്റർ സൂര്യയെ വിളിച്ചിരുന്നു. നേരിട്ട് കണ്ടു. തമ്പാനൂര് കോഫി ഹൗസിന്റെ മുകളിൽ വെച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. സംസാരിച്ച് തുടങ്ങി 10 മിനിറ്റാകുമ്പോഴേക്കും കുറേ പേർ ഞങ്ങൾക്ക് ചുറ്റും നിന്ന് മൊബൈൽ പിടിക്കുകയാണ്. സൂര്യ ആദ്യം എല്ലാവരോടും പോകാൻ അഭ്യർത്ഥിച്ചു. പിന്നെ ഷാർപ് ആയി പറഞ്ഞു. അങ്ങനെയാണ് പോകുന്നത്.
നിങ്ങളുടെ കുഞ്ഞ് ഒരു അഡോളസെന്റ് പ്രായത്തിലാകുമ്പോൾ ട്രാൻസ്ജെന്റർ ആണെന്ന് തിരിച്ചറിഞ്ഞാൽ ഇവർ ആ കുഞ്ഞിനെ ഇറക്കിവിടുമോയെന്നാണ് എന്നോട് സൂര്യ ചോദിച്ചത്. പലരും പല ട്രാപ്പിലും ചെന്ന് ചാടിപ്പോകുകയാണ്. രഞ്ജു രാഞ്ജിമാർ വിജയിച്ച മേക്കപ്പ് ആർട്ടിസ്റ്റല്ലേ, കൊച്ചി മെട്രോയിൽ എത്ര ട്രാൻസ്ജെന്റേഴ്സ് ഉണ്ട്. അവരൊക്കെ അംഗീകരിക്കപ്പെടുന്നുണ്ടെന്നത് സന്തോഷമുണ്ട്.
ചന്തുപൊട്ടെന്ന ചിത്രത്തിൽ ദിലീപ് ചെയ്ത വേഷം മനസിൽ നിൽക്കും. അത് പക്ഷെ വളരെ വികലമായിട്ടാണ് അവരെ അവതരിപ്പിച്ചത്. എന്തുകൊണ്ടാണ് അവരെ ചാന്തുപൊട്ട് എന്ന് വിളിക്കുന്ന അവസ്ഥ ഉണ്ടായത്, ദിലീപ് കാരണമല്ലേ, പണ്ടൊക്കെ മറഞ്ഞും തെളിഞ്ഞുമല്ലേ വിളിച്ചത്. അങ്ങനെ പാർശ്വവത്കരിക്കപ്പെട്ടവരെ കൂടുതൽ ഒറ്റപ്പെടുത്തുന്നതല്ല കല.പിന്നെ സിനിമ തരുന്ന സാമ്പത്തിക വശങ്ങളൊക്കെ മറ്റൊരു കാര്യമാണ്. ദീലീപ് ചെയ്യുന്നതിൽ എവിടെയെങ്കിലും നമ്മുക്ക് അവരോട് എമ്പതി തോന്നുമോ? പെരുമാറ്റല്ല, അവരെ പരിഹസിക്കുകയാണ്, അത് സെലിബ്രേറ്റ് ചെയ്യുകയാണ്. അതല്ല ചെയ്യേണ്ടത്', വിജു പറഞ്ഞു.












Click it and Unblock the Notifications