'ദിലീപും കുഞ്ചാക്കോ ബോബനും മിണ്ടി തുടങ്ങിയോ?'..ഫോട്ടോ വൈറൽ, വിശ്വസിക്കരുത് ചതിക്കുമെന്ന് ആരാധകർ
കൊച്ചി: മലയാള സിനിമയിൽ നേരത്തേ സുഹൃത്തുക്കളായിരുന്ന് പിന്നീട് ശത്രുക്കളായെന്ന് പറയപ്പെടുന്ന രണ്ട് താരങ്ങളാണ് ദിലീപും കുഞ്ചാക്കോ ബോബനും. ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവും അതിന് കാരണമായ സിനിമയിലെ നായകനായി കുഞ്ചാക്കോ ബോബൻ എത്തിയതുമെല്ലാമാണ് ഇരുവർക്കും ഇടയിൽ ബന്ധത്തിൽ ഉലച്ചൽ ഉണ്ടായതെന്നാണ് അഭ്യൂഹങ്ങൾ. ഇപ്പോഴിതാ അത്തരം അഭ്യൂഹങ്ങളെല്ലാം തള്ളിക്കൊണ്ട് ഇരുവരും ഒന്നിച്ച് നിൽക്കുന്നൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദിലീപ് ഓൺലൈൻ എന്ന ഫേസ്ബുക്ക് പേജിലാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടത്.
ദിലീപുമായുള്ള വിവാഹമോചനത്തിന് ശേഷം മഞ്ജു വാര്യർ തിരിച്ചുവരവ് നടത്തിയ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലെ നായകനായിരുന്നു കുഞ്ചാക്കോ ബോബൻ . എന്നാൽ സിനിമയിൽ നിന്നും പിൻമാറണം എന്ന തരത്തിൽ ദിലീപ് തന്നോട് വിളിച്ച് സംസാരിച്ചിരുന്നതായി മുൻപ് കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയായ കുഞ്ചാക്കോ ബോബൻ ഇക്കാര്യം പോലീസിനും മൊഴി നൽകിയിരുന്നു.

2017ല്‍ പോലീസിന് മുമ്പാകെ നല്‍കിയ മൊഴി തന്നെയാണ് കുഞ്ചാക്കോ ബോബന്‍ കോടതിയിലും ആവര്‍ത്തിച്ചത്. പല താരങ്ങളും കോടതിയില്‍ മൊഴി മാറ്റി എന്ന വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ കുഞ്ചാക്കോ ബോബന്‍ മൊഴിയില്‍ ഉറച്ചുനിന്നതൊക്കെ അന്ന് വലിയ വാർത്തയായിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം ശേഷം കുഞ്ചാക്കോ ബോബനും ദിലീപും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണെന്ന തരത്തിലാണ് അഭ്യൂഹങ്ങൾ ഉയർന്നത്.
മാത്രമല്ല കുഞ്ചാക്കോ ബോബനും കുടുംബവുമായും മഞ്ജു വാര്യർ വലിയ ആത്മബന്ധം പുലർത്തുന്നത് ഇത്തരം അഭ്യൂഹങ്ങൾക്ക് ആക്കം പകർന്നു. എന്നാൽ മഞ്ജുവുമായുള്ള ബന്ധം ദിലീപുമായുള്ള സൗഹൃദത്തിന് യാതൊരു കോട്ടവും തട്ടിച്ചിട്ടില്ലെന്നാണ് ഇരുവരുടേയും പുതിയ ചിത്രങ്ങൾ വ്യക്തമാക്കുന്നതെന്നാണ് ആരാധകരിൽ ചിലർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഇരുവരേയും ഒന്നിച്ച് കണ്ടതിന്റെ കൗതുകം പങ്കിട്ട് പലരും ഫോട്ടോക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്.
ഇവർ മിണ്ടി തുടങ്ങിയോ എന്നാണ് ചിലരുടെ ചോദ്യം. ചിലരാകട്ടെ പരസ്പരം വിശ്വസിക്കരുതെന്ന മുന്നറിയിപ്പ് നൽകുന്നുണ്ട്. 'വിശ്വസിക്കാൻ കൊള്ളില്ല .. എപ്പോൾ വേണമെങ്കിലും പിന്നിൽ നിന്ന് കുത്താം..അവസരം കിട്ടിയപ്പോൾ അതു തെളിയിച്ചതാണ്..so be careful ദിലീപേട്ടൻ', എന്നാണ് ഒരു കമന്റ്. ദിലീപിനെ ഏറ്റവും നന്നായി ചതിച്ച ദോസ്ത് എന്നാണ് ദിലീപ് ആരാധകരിൽ ഒരാൾ കുറിച്ചത്. ഇതിന് മറുപടിയായി ദിലീപ് നല്ല പുള്ളി ആണല്ലോയെന്നായിരുന്നു കുഞ്ചാക്കോ ആരാധകരന്റെ മറുപടി. അതേസമയം രണ്ട് പേരേയും ഒരുമിച്ച് സിനിമയിൽ കാണാൻ താത്പര്യം ഉണ്ടെന്ന കമന്റുകളും നിരവധി പേർ പങ്കിടുന്നുണ്ട്.
ദോസ്ത് എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യം ഒന്നിച്ച് അഭിനയിച്ചത്. തുളസീദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ അന്ന് ദിലീപിനൊപ്പം അഭിനയിക്കാൻ കുഞ്ചാക്കോ ബോബൻ സമ്മതിച്ചിരുന്നില്ലെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ദിലീപിന് തുല്യമായ പ്രാധാന്യം സിനിമയിൽ കുഞ്ചാക്കോയ്ക്കും ഉണ്ടെന്ന് ബോധ്യപ്പെടുത്തിയതോടെയാണ് താരം ചിത്രത്തിൽ അഭിനയിച്ചതെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് നിരവധി സിനിമകളിൽ ഇവർ ഒരുമിച്ച് വേഷമിട്ടു. സ്പാനിഷ് മസാലയാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ച ചിത്രം.












Click it and Unblock the Notifications