'ദിലീപും മഞ്ജുവും ഞെട്ടിച്ചു, പ്രണയത്തിലാകുമെന്ന് കരുതിയില്ല', കണ്ടുപിടിച്ചത് വളരെക്കഴിഞ്ഞെന്ന് കമൽ
മഞ്ജു വാര്യരും ദിലീപും തമ്മിലുണ്ടായ പ്രണയം തന്നെ ഞെട്ടിച്ചിരുന്നുവെന്ന് സംവിധായകൻ കമൽ. ഈ പുഴയും കടന്ന് എന്ന കമൽ ചിത്രത്തിൽ ഇരുവരും നായികാ-നായകന്മാരായി അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്.
മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ സെറ്റുകളില്‍ മൊട്ടിട്ട പ്രണയങ്ങളെ കുറിച്ചുളള ചോദ്യത്തിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു കമല്‍. ദിലീപ്- മഞ്ജു വാര്യര്‍, പാര്‍വ്വതി-ജയറാം, ബിജു മേനോന്‍- സംയുക്ത വര്‍മ്മ പോലുളള പ്രണയങ്ങള്‍ തുടങ്ങിയത് കമലിന്റെ സിനിമാ സെറ്റുകളില്‍ നിന്നായിരുന്നു.

പ്രണയിക്കുന്ന കാര്യം ഇവരാരും തന്നെ തന്നോട് വന്ന് പറഞ്ഞതായിരുന്നില്ല, മറിച്ച് താനടക്കമുളളവര്‍ കണ്ട് പിടിക്കുകയായിരുന്നു ചെയ്യാറുളളതെന്ന് കമല്‍ പറഞ്ഞു. താനോ സെറ്റിലുളള ക്യാമറാമാനോ മറ്റുളളവരോ ഇത് കണ്ട് പിടിക്കും. ഞങ്ങള്‍ കുറച്ച് ദിവസം മിണ്ടാതെയിരിക്കും. ഇത് എവിടെ വരെ പോലും എന്ന് നോക്കാന്‍. ഒരു ഘട്ടം എത്തിക്കഴിയുമ്പോള്‍ ഇവരോട് ചോദിക്കും.
തന്നെ ഞെട്ടിച്ചത് ദിലീപും മഞ്ജുവും ആയിരുന്നുവെന്ന് കമല്‍ പറയുന്നു. അവര്‍ പ്രണയത്തിലാകുമെന്ന് താന്‍ വിചാരിച്ചിരുന്നില്ല. ഇവര്‍ തമ്മില്‍ അടുപ്പമുണ്ടെന്ന് കുറേക്കഴിഞ്ഞിട്ടാണ് താന്‍ അറിയുന്നതെന്ന് കമല്‍ പറഞ്ഞു.
മലയാള സിനിമാ ലോകത്തെ തന്നെയും ഞെട്ടിച്ച പ്രണയമായിരുന്നു മഞ്ജു വാര്യരും ദിലീപും തമ്മിലുളളത്. സല്ലാപം എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. 1996ല്‍ ആയിരുന്നു അത്. പിന്നീട് ഈ പുഴയും കടന്ന്, കുടമാറ്റം, തൂവല്‍ക്കൊട്ടാരം എന്നീ ചിത്രങ്ങളിലും ദിലീപും മഞ്ജുവും ഒരുമിച്ച് അഭിനയിച്ചു. വളരെ പെട്ടെന്ന് ഇരുവരും പ്രക്ഷകരുടെ ഇഷ്ടജോഡികളായി മാറുകയും ചെയ്തു.
നാല് വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് 1998 ഒക്ടോബര്‍ 20ന് മഞ്ജു വാര്യര്‍ ദിലീപിനെ വിവാഹം കഴിക്കുന്നത്. ആലുവ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഈ സമയത്ത് മലയാളത്തിലെ മുന്‍നിര നായികമാരുടെ നിരയിലേക്ക് മഞ്ജു വാര്യര്‍ വളര്‍ന്നിരുന്നു. വീട്ടുകാരുടെ പൂര്‍ണസമ്മതത്തോടെ ആയിരുന്നില്ല ഈ വിവാഹം. വിവാഹ ശേഷം മഞ്ജു വാര്യര്‍ സിനിമാഭിനയം നിര്‍ത്തി. അതേസമയം ദിലീപ് മലയാള സിനിമയിലെ കരുത്തനായി വളരുകയും ചെയ്തു.
നീണ്ട 17 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2015ലാണ് മഞ്ജു വാര്യരും ദിലീപും വിവാഹ മോചിതരാകുന്നത്. ഇരുവര്‍ക്കും മീനാക്ഷി എന്ന ഒരു മകളുണ്ട്. വിവാഹ മോചനശേഷം മീനാക്ഷി അച്ഛനായ ദിലീപിനൊപ്പമാണ് തുടര്‍ന്നത്. അതിനിടെ മഞ്ജു വാര്യര്‍ നൃത്തത്തിലേക്ക് സിനിമയിലേക്കും തിരിച്ചു വന്നു. ഹൗ ഓള്‍ഡ് ആര്‍ യു ആണ് മലയാളത്തിലേക്കുളള മഞ്ജു വാര്യരുടെ തിരിച്ച് വരവ് ചിത്രം. ഇപ്പോള്‍ മലയാളത്തിലും തമിഴിലും അടക്കം തിരക്കിലാണ് മഞ്ജു വാര്യര്‍. അതിനിടെ ദിലീപും കാവ്യാ മാധവനും തമ്മില്‍ വിവാഹിതരായി. ഇരുവര്‍ക്കും മഹാലക്ഷ്മി എന്ന ഒരു മകളുണ്ട്.












Click it and Unblock the Notifications