'പേട്ടനെ വെളുപ്പിക്കാനിറങ്ങിയതാണോ സഖാവെ, ദിലീപ് എത്ര തന്നു?'; ദിലീപ് ചിത്രത്തെ പ്രശംസിച്ച ബേബിക്ക് വിമര്‍ശനം
കോഴിക്കോട്: ദിലീപ് ചിത്രം പ്രിന്‍സ് ആന്റ് ഫാമിലിയെ പ്രശംസിച്ച് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. പ്രിന്‍സ് ആന്റ് ഫാമിലി എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ് എന്നും സാമൂഹികമായി പ്രസക്തമായ സന്ദേശം ഈ സിനിമയില്‍ നിന്നും കാണികളുടെ മനസിലേക്ക് എത്തും എന്നും ബേബി അവകാശപ്പെട്ടു. ഡല്‍ഹി മലയാളികളോടൊപ്പം സിനിമ കണ്ട ശേഷമാണ് ബേബിയുടെ പ്രതികരണം.
'സാധാരണ ഇറങ്ങുന്ന സിനിമകളില്‍ നിന്നും വ്യത്യസ്തമായി കുടുംബ സമേതം കാണാനാകുന്ന സിനിമയാണ് പ്രിന്‍സ് ആന്റഡ് ഫാമിലി. വിലപ്പെട്ട ആശയം ഈ സിനിമ നല്‍കുന്നു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിന് പിന്നാലെ ഓടുന്ന തെറ്റായ പ്രവണത സമൂഹത്തിലുണ്ട്. വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ ബോധപൂര്‍വവും ചിലത് അറിയാതെയും പ്രചരിപ്പിക്കപ്പെടുന്നുണ്ട്,' അദ്ദേഹം ചൂണ്ടിക്കാട്ടി.

വസ്തുത അറിഞ്ഞതിന് ശേഷമാണ് എല്ലാ കാര്യങ്ങളിലും പ്രതികരിക്കേണ്ടത് എന്നും അല്ലാത്തപക്ഷം അത് പലരുടെയും ജീവനെ തന്നെ ബാധിക്കുന്ന പ്രശ്നമാണ് എന്ന സന്ദേശമാണ് ഈ സിനിമ തന്നെ നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം കണ്ട് ആസ്വദിക്കാനാകുന്ന കഥയിലൂടെ പറഞ്ഞ സംവിധായകന്‍ ബിന്റോയ്ക്കും അണിയറ പ്രവത്തകര്‍ക്കും ആശംസ നേരുന്നു എന്നും ബേബി പറഞ്ഞു.
അതേസമയം എംഎ ബേബിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് സൈബറിടത്തില്‍ ഉയരുന്നത്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ സിനിമയെ പ്രകീര്‍ത്തിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സിപിഎം ദേശീയ സെക്രട്ടറി നല്‍കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി വേടന് പരസ്യമായ പിന്തുണ നല്‍കുമ്പോഴാണ് ബേബി ദിലീപ് ചിത്രത്തെ പുകഴ്ത്തുന്നത് എന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു വശത്ത് കേരള സര്‍ക്കാര്‍ തങ്ങള്‍ അതിജീവിതയ്‌ക്കൊപ്പമാണ് എന്ന വ്യക്തമാക്കുമ്പോള്‍ മറുവശത്ത് ആ സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടെ അമരക്കാരന്‍ ലൈംഗികാതിക്രമം നടത്തിച്ച സംഘത്തലവന് മൂല്യസന്ദേശ പ്രചാരകന്റെ സാക്ഷ്യം പത്രം നല്‍കുകയാണ് എന്ന് എഴുത്തുകാരന്‍ പ്രമോദ് പുഴങ്കര ഫേസ്ബുക്കില്‍ കുറിച്ചു. അതിജീവിതയ്ക്ക് കേരളം നല്‍കിയ പിന്തുണയുടെ ഫലമായാണ് ദിലീപിന്റെ സിനിമകളും വളിപ്പുകളും വിജയിക്കാതെ പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ക്വട്ടേഷന്‍ റേപ്പ് കേസില്‍ വിചാരണ നേരിടുന്ന പ്രതിയുടെ സിനിമ കാണണം എന്ന ആഹ്വാനം എംഎ ബേബി പിന്‍വലിക്കണം എന്ന് മാധ്യമപ്രവര്‍ത്തക കെകെ ഷാഹിനയും ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ സമുന്നത നേതാവ് ഈ പ്രതിയുടെ പിആറിന് നിന്ന് കൊടുക്കുന്ന കാഴ്ച ലജ്ജാവഹമാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ബേബിയുടെ പ്രശംസ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് താഴെയും നിരവധി പേരാണ് അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
'ഇപ്പോള്‍ മനസിലായില്ലേ പേട്ടന് വേണ്ടി ഓശാരം പാടുന്ന രാഷ്ട്രീയ കാട്ടാളന്‍മാരുടെ പങ്ക് എത്രത്തോളമുണ്ടെന്ന്', 'ദിലീപ് എത്ര തന്നു?', 'അതിലെ നായകനും സാമൂഹിക പ്രതിബദ്ധത ഉള്ള ആളാണോ സഖാവേ', 'നില മറന്ന് സംസാരിക്കരുത്, പ്രത്യേകിച്ച് ഒരു പീഡനക്കേസില്‍ വിധി വരാനിരിക്കുന്ന പ്രതിക്ക് വേണ്ടി', ' ഈ അഭിപ്രായം ആര്‍ക്ക് ഗുണം ചെയ്യാന്‍ വേണ്ടിയാണ്'; എന്നൊക്കെയാണ് വരുന്ന കമന്റുകള്‍.
ദിലീപിന്റെ 150-ാമത്തെ സിനിമ എന്ന ലേബലില്‍ എത്തിയ ചിത്രമാണ് പ്രിന്‍സ് ആന്റ് ഫാമിലി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് പുതുമുഖ സംവിധായകന്‍ ബിന്റോ സ്റ്റീഫന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രം എന്ന പ്രത്യേകതയും ഉണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടെയാണിത്.
ദിലീപിനെ കൂടാതെ ധ്യാന്‍ ശ്രീനിവാസന്‍, ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കര്‍, സിദ്ദീഖ്, മഞ്ജു പിള്ള, ഉര്‍വ്വശി, ജോണി ആന്റണി, അശ്വിന്‍ ജോസ്, റോസ്‌ബെത് ജോയ്, പാര്‍വതി രാജന്‍ ശങ്കരാടി എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications