'ദിലീപ് ചിത്രത്തിലെ 'കൂതറ വർക്ക്,തക്കാളിപ്പെട്ടിയും തെർമോക്കോളും വെച്ചാൽ സെറ്റാകില്ല';മറുപടി
കൊച്ചി: ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത 'തങ്കമണി'യെന്ന ചിത്രത്തിനെതിരെ ഉയർന്ന വിമർശനങ്ങളിൽ ഒന്ന് അതിന്റെ സെറ്റിനെ കുറിച്ചുള്ളതായിരുന്നു. തട്ടിക്കൂട്ടിയൊരുക്കിയ സെറ്റ് സിനിമയിലെ പ്രധാന കല്ലുകടിയാണെന്ന തരത്തിലായിരുന്നു യുട്യൂബറായ അശ്വന്ത് കോക്ക് അടക്കം പരിഹസിച്ചത്. കൂതറ വർക്കാണെന്നും തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല എന്നുമാണ് അശ്വന്ത് പറഞ്ഞത്. എന്നാൽ ഇപ്പോഴിതാ ഇത്തരം പരിഹാസങ്ങൾക്ക് മറുപടി നൽകുകയാണ് സിനിമയുടെ ആർട്ട് ഡയറക്ടർ ആയ മനു ജഗത്.
ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ജഗതിന്റെ മറുപടി. വിമർശനം ഒരു തൊഴിലാക്കി ആരെയും എന്തിനെയും ഏതു രീതിയിലും പരിഹസിക്കാം എന്ന് കരുതരുത് എന്ന് മനു കുറിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

'തങ്കമണി എന്ന സിനിമയ്ക്കുവേണ്ടി ഞാനും എന്റെ സഹപ്രവർത്തകരും കൂടിഎനിക്കനുവദിച്ചു കിട്ടിയ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മാക്സിമം ചെലവ് കുറച്ചു ചെയ്ത തങ്കമണി എന്ന ടൗൺ ഷിപ്പ്. ചെയ്യുന്ന തൊഴിലിനോട് കഴിയുന്നതും നീതി പുലർത്താൻ ശ്രമിക്കാറുണ്ട്. സമയവും, സാമ്പത്തികവും, കാലാവസ്ഥയും പ്രതികൂലമാവുന്ന സാഹചര്യത്തിലും പെർഫെക്ഷന് പ്രാധാന്യം കൊടുത്തുതന്നെയാണ് ചെയ്യാറ്. കാലഘട്ടം കൂടി അടയാളപ്പെടുത്തേണ്ട നിർമിതി ആയതുകൊണ്ട് തെറ്റുകൾ വരാം.അത് ചൂണ്ടി കാണിക്കുന്നതും നല്ല കാര്യമാണ് സ്വീകാര്യവും ആണ്.. എന്നുവെച്ച് വിമർശനം ഒരു തൊഴിലാക്കി ആരെയും എന്തിനെയും ഏതു രീതിയിലും ഉണ്ടാക്കാം എന്നാവരുത്.
ഇതൊക്കെ കൂതറ വർക്ക് ആണെന്നും കുറെ തക്കാളിപ്പെട്ടിയും, തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റ് ആവില്ലെന്നും പറയുന്നകേട്ടു.. കുറെ വർഷത്തെ കഠിനാധ്വാനം ആണ് ഇന്നീ നിലയിൽ നില്കാൻ പറ്റുന്നത്.അങ്ങനെ നീ പറയുമ്പോഴേക്കും അനുവദിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്. നിനക്ക് മനസ്സിലാകില്ല. എന്റൊപ്പം വിയർപ്പൊഴുക്കിയ കുറേപ്പേരുണ്ട്..അവരുടെയൊക്കെ വിഷമം കണ്ടില്ലെന്നു വെയ്ക്കാൻ പറ്റില്ല', പോസ്റ്റിൽ പറഞ്ഞു.
നാടിനെ നടുക്കിയ നരനായാട്ടിന്റെ പുനഃരാവിഷ്കരണവുമായി എത്തിയ ചിത്രമാണ് തങ്കമണി. 1986 ഒക്ടോബർ 21 നായിരുന്നു കേരളം കണ്ട ഏറ്റവും വലിയ പോലീസ് ക്രൂരത നടന്നത്. ഇടുക്കി കട്ടപ്പന-തങ്കമണി റൂട്ടിൽ ഓടിയിരുന്ന 'എലൈറ്റ്' എന്ന സ്വകാര്യ ബസിലെ ജീവനക്കാരും നാട്ടുകാരും തമ്മിലുള്ള തർക്കമായിരുന്നു കേരള രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കിയ ദാരുണമായ സംഭവങ്ങൾക്ക് വഴിവെച്ചത്.












Click it and Unblock the Notifications