ദിലീപ് അന്ന് എന്റെ പോക്കറ്റില്‍ ഒരു തുക ഇട്ട് തന്നു; എനിക്കും അദ്ദേഹത്തിനും മാത്രം അറിയുന്ന കാര്യം: അനിയപ്പന്‍
മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ അനേകം താരങ്ങളില്‍ ഒരാളായിരുന്നു അനിയപ്പന്‍. ക്രോണിക്ക് ബാച്ചിലർ എന്ന മമ്മൂട്ടി ചിത്രത്തിലെ കള്ളുകുടിയന്‍ എന്ന ഒറ്റ കഥാപാത്രം മാത്രം മതി അനിയപ്പന്‍ എന്ന കലാകാരനെ അടയാളപ്പെടുത്താന്‍. ചക്രം, രസികന്‍, വാണ്ടഡ്, സത്യം തുടങ്ങിയ അനേകം ചിത്രങ്ങളില്‍ വേഷമിട്ട താരത്തെ പിന്നീട് കാണുന്നത് ദേവസ്വം ജീവനക്കാരന്റെ വേഷത്തിലാണ്.
ഇപ്പോഴിതാ വർഷങ്ങള്‍ക്ക് ശേഷം അഭിനയരംഗത്ത വീണ്ടും സജീവമാകുകയാണ് അനിയപ്പന്‍. ആനന്ദ് ശ്രീബാല, സുമതി വളവ്, ഹൃദയപൂർവ്വം തുടങ്ങിയവയാണ് രണ്ടാം വരവിലെ അനിയപ്പന്റെ ശ്രദ്ധേയ ചിത്രങ്ങള്‍. അതോടൊപ്പം തന്നെ ആസിഫലി ചിത്രം ടിക്കി ടാക്ക ഉള്‍പ്പെടേയുള്ള വമ്പന്‍ പ്രൊജക്ടുകളുടേയും ഭാഗമാണ് അനിയപ്പന്‍. തന്റെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രമാണ് ടിക്കി ടാക്കയിലേതെന്നാണ് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കുന്നത്.

ദേവസ്വം ബോർഡിലെ ജോലി എന്ന് പറയുന്നത് നിസ്സാരപ്പെട്ട കാര്യം അല്ല. ജോലി ലഭിച്ചപ്പോള്‍ അത് സ്വീകരിക്കണമോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു. പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സിദ്ധു പനക്കല്‍ ഒരുമാസം മുന്നെ എന്നെ വളിച്ച് 'ഹെയ്ലസാ' എന്ന ചിത്രത്തിന് വേണ്ടി ഡേറ്റ് വാങ്ങിയിരുന്നു. നാലഞ്ച് ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നു. ആ സമയത്ത് തന്നെയാണ് ജോലിക്ക് കയറുന്നത്. ഒരു കാരണവശാലം എനിക്ക് ലീവ് കിട്ടില്ല. അതുകൊണ്ട് തന്നെ ഞാന്‍ ഫോണ്‍ എടുത്തുമില്ല. ആ സംഭവം എനിക്ക് വലിയ മാനസിക വിഷമം ഉണ്ടാക്കിയ കാര്യമാണ്.
ഞാന്‍ ദേവസ്വം ബോർഡില്‍ ജോലി ചെയ്യുക എന്നുള്ളത് വീട്ടുകാരുടെ ആഗ്രഹമായിരുന്നു. ഇപ്പോള്‍ ചോറ്റാനിക്കര ക്ഷേത്രത്തില്‍ ജോലി ചെയ്യുന്നു. ക്രോണിക് ബാച്ചിലർ സിനിമയിലൂടെ വന്ന എനിക്ക് ബോർഡിഗാഡിലും സിദ്ധീഖ് സർ ഒരു വേഷം പറഞ്ഞ് വെച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു വിവരവും ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ അങ്ങോട്ട് വിളിച്ച് നോക്കി. ഞാന്‍ പൂജയും മറ്റുമായി തിരക്കാണെന്ന് അറിഞ്ഞതിനാല്‍ ആ വേഷത്തിലേക്ക് സിദ്ധാർത്ഥി ശിവയെ എടുത്തുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും അനിയപ്പന്‍ ഓർമ്മിക്കുന്നു.
അടിച്ചുപൊളിച്ച് പൂർത്തിയാക്കിയ ഷൂട്ട് ആയിരുന്നു രസികന്റേ. പത്ത് മുപ്പത് ദിവസം ദിലീപേട്ടന്റെ കൂടെ നല്ല രസമായിട്ട് പോയി. വെറുതെ ഇരിക്കുമ്പോള്‍ പോലും തമാശ പറയുന്ന വ്യക്തിയാണ് ദിലീപ്. നമ്മളെ ചിരിപ്പിച്ചിട്ട് അദ്ദേഹം ഒഴിഞ്ഞുമാറിക്കളയും. ചിരിച്ചോണ്ടിരിക്കുന്ന നമുക്ക് ആയിരിക്കും സംവിധായകന്റെ അടുത്ത് നിന്നും ചീത്ത കേള്‍ക്കുക. സീന്‍ എടുക്കാന്‍ പോകുമ്പോഴൊക്കെയായിരിക്കും ദിലീപേട്ടന്‍ എന്തെങ്കിലും തമാശ പറയുക. പുള്ളി ചിരിക്കില്ല, നമ്മള്‍ ചിരിക്കും. അപ്പോള്‍ സ്വാഭാവികമായും സംവിധായകന്റെ അടുത്ത് നിന്ന് ചീത്തകേള്‍ക്കും.
ഫുള്‍ടൈം ഹ്യൂമർ കൊണ്ടുനടക്കുന്ന ഒരു വ്യക്തിയാണ് ദിലീപേട്ടന്‍. അദ്ദേഹത്തെ ജീവിത്തതില്‍ ഒരിക്കല്‍ പോലും മറക്കാന്‍ സാധിക്കില്ല. ഞാന്‍ തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന സമയമാണ്. ഒരു സമയത്ത് വാടക കൊടുക്കാനുള്ള പൈസ എന്റെ കൈയ്യില്‍ ഇല്ല. മുതലാളി വിളിച്ച് പ്രശ്നം ആക്കുകയാണ്. ഞാന്‍ അദ്ദേഹവുമായി സംസാരിക്കുന്നത് അപ്പുറത്ത് ഇരിക്കുന്ന ദിലീപ് കേള്‍ക്കുന്നുണ്ടായിരുന്നു. എനിക്ക് അത് അറിയില്ലായിരുന്നു.
ഷൂട്ട് കഴിഞ്ഞ് പോകാന്‍ നേരമുണ്ട് ദിലീപേട്ടന്‍ കുറച്ച് പൈസ എടുത്ത് എന്റെ പോക്കറ്റിലിട്ട് പോയി വാടക കൊടുക്കാന്‍ പറഞ്ഞു. എനിക്കും ദിലീപേട്ടനും മാത്രം അറിയുന്ന കാര്യമാണ്. ഇത് ദിലീപേട്ടന്‍ കേട്ടു കഴിഞ്ഞാല്‍ എന്തിനാണ് നീ ഇതൊക്കെ പറയാന്‍ പോയതെന്ന് അദ്ദേഹം ചോദിക്കും. ഒരുപാട് നന്മകള്‍ കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് ദിലീപ് എന്നും അനിയപ്പന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications