'പൊള്ളാച്ചിയിൽ മരത്തിന്റെ താഴെ നിന്ന് ഞാൻ പൊട്ടിക്കരഞ്ഞു, ഞാൻ അപ്പോഴേക്കും വില്ലനായിരുന്നു'; ദിലീപ് പറയുന്നു
കൊച്ചി: ദിലീപിന്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവായ ചിത്രമായിരുന്നു 2002ൽ റിലീസ് ചെയ്ത 'മീശ മാധവൻ'. ദിലീപ്, കാവ്യാ മാധവൻ ജോഡിയുടെ ക്‌ളാസ്സിക് ഹിറ്റുകളിൽ ഒന്നുകൂടിയായിരുന്നു ചിത്രം. കുടുംബ പ്രേക്ഷകരെ ഒന്നടങ്കം തീയറ്ററിലെത്തിച്ച ചിത്രം ബോക്സ് ഓഫീസിൽ 1.45 കോടി രൂപയാണ് വാരിക്കൂട്ടിയത്. സിനിമയിലെ ദിലീപ് കോമഡികളും ഡാൻസും വൈകാരിക രംഗങ്ങളുമെല്ലാം പ്രേക്ഷകർ ഒരുപോലെ ആസ്വദിച്ചിരുന്നു.
എന്നാൽ ആ സിനിമയുടെ സമയത്ത് താൻ അതീവ മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്ന് പോയതെന്ന് പറയുകയാണ് ദിലീപ്. പ്രേക്ഷകർ ഏറ്റവും കൂടുതൽ ആസ്വദിച്ച ഗാനരംഗങ്ങൾ ഷൂട്ട് ചെയ്യുന്നതിന് തൊട്ട് മുൻപ് താൻ പൊട്ടിക്കരയുകയായിരുന്നുവെന്നും ദിലീപ് പറഞ്ഞു. ജിൻജർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദിലീപിന്റെ തുറന്നുപറച്ചിൽ. ദിലീപിന്റെ വാക്കുകളിലേക്ക്

' എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ആക്ഷനും കട്ടിനുമിടയിൽ ഞാൻ ആ കഥാപാത്രമാണ്. കമ്മിറ്റഡ് ടു ഓഡിയൻസ് ആണ്. ആ രംഗം അഭിനയിച്ച ദിലീപിന്റെ മാനസികാവസ്ഥ എന്താണെന്ന് പ്രേക്ഷകർക്ക് അറിയേണ്ട കാര്യമില്ല. സന്തോഷമാണോ എന്റെ ദുഃഖമാണോ എന്നൊന്നും ഒരു വിഷയമല്ല. കാമറയുടെ മുൻപിൽ 100 ശതമാനം ഞാൻ സത്യസന്ധനായിരിക്കണം. എന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുത്തുകൊണ്ടിരിക്കുകയാണ് ഡയറക്ടർ. അദ്ദേഹം ഒകെ കട്ട് എന്ന് പറയുന്നത് വരെ , അദ്ദേഹത്തിന് വേണ്ടത് കിട്ടുന്നത് വരെ ഞാൻ കഥാപാത്രമാണ്. എന്ത് വിഷമങ്ങൾ ഉണ്ടെങ്കിൽ കാമറയ്ക്ക് മുൻപിൽ നന്നായി ചെയ്യാൻ സാധിക്കുകയെന്നതാണ് ഏറ്റവും വലിയ ദൈവാധീനം.
മീശമാധവൻ ചെയ്യുന്ന സമയത്ത് ഞാൻ ഭയങ്കര പ്രഷറിലായിരുന്നു. ഞാനും ഒരു പ്രൊഡ്യൂസറും തമ്മിൽ വലിയ വിഷയങ്ങൾ ഉണ്ടായി. എന്നെ സിനിമയിൽ നിന്ന് ബാൻ ചെയ്തു. ഒരു കോടതി ഉത്തരവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ മുഴുവൻ. ഇത് മൊത്തത്തിൽ വേറെ ആങ്കിളിൽ ആയി. പക്ഷേ ഞാൻ എല്ലാവരുടേയും മുൻപിൽ വില്ലനായി നിൽക്കുകയാണ്. മീശമാധവൻ സിനിമയിലെ പാട്ടുകളൊക്കെ അവസാനം എടുക്കാൻ മാറ്റി വെച്ചിരിക്കുകയാണ്. ഈ സമയത്താണ് ചിങ്ങമാസം, അട്ടക്കടിപൊട്ടക്കുളം പാട്ടുകളൊക്കെ എടുക്കുന്നത്. ഭയങ്കര സന്തോഷത്തോടെ നിൽക്കേണ്ട സമയമാണ്.
ഒന്നാമത് ഡാൻസ് എന്ന് പറയുന്നതേ എനിക്ക് ടെൻഷനാണ്. അതിന്റെ ഇടയിലാണ് മാനസികമായി ഞാൻ ഒട്ടും ഒകെയല്ല. മാറി നിന്ന് അത്ര സങ്കടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ എനിക്ക് ഫോൺ വരുന്നുണ്ട്. അപ്പോൾ ലാലു ചൂടാകുന്നുണ്ട്. എന്തിനാണ് ഫോൺ അവന് കൊടുക്കുന്നതെന്ന് ചോദിക്കുന്നുണ്ട്. നെഞ്ചിൽ കനൽക്കട്ട വാരിയിട്ടിരിക്കുന്ന സമയത്താണ് ഞാൻ രണ്ട് ഡാൻസും ചെയ്തത്. പൊള്ളാച്ചിയിലെ ഒരു മരത്തിന്റെ താഴെ നിന്ന് പൊട്ടിക്കരയുന്നത് എനിക്ക് ഓർമ്മയുണ്ട്. എന്തിനാണ് ഇവർ എന്നെയിങ്ങനെ ദ്രോഹിക്കുന്നേ, എന്തറിഞ്ഞിട്ടാണ് അവർ എന്നോട് ഇങ്ങനെ ചെയ്യുന്നേ എന്ന് ആലോചിട്ടുണ്ട്. ആ സമയത്ത് ടേക്ക് എന്ന് പറഞ്ഞ് വിളിച്ചു. അതോടെ ടെച്ചപ്പ് ചെയ്ത് വന്ന് ഡാൻസ് ചെയ്തു. 'ദി ഷോ മസ്റ്റ് ഗോ ഓൺ' എന്ന് കേട്ടിട്ടില്ലേ, അതുപോലെയാണ് കലാകാരൻമാരുടെ അവസ്ഥ.
നല്ല സിനിമ ചെയ്യണമെന്നത് തന്നെയാണ് എന്റെ ആഗ്രഹം, വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണമെന്നാണ്. പല കഥകളും ഞാൻ കേൾക്കാറുണ്ട്. ചിലർ വലിയ തമാശ പടമാണെന്ന് പറഞ്ഞ് കഥപറയും. എന്നാൽ എനിക്ക് ചിരി പോലും വരില്ല. എന്നെ ചിരിപ്പിക്കാത്ത പടങ്ങൾ പ്രേക്ഷകരെ ചിരിപ്പിക്കില്ലല്ലോ. അതുകൊണ്ട് ചെയ്യുന്നില്ലെന്ന് ഞാൻ പറയും. പണ്ടൊക്കെ തുറന്ന് പറയാൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല, തുറന്നു പറയാറുണ്ട്', ദിലീപ് പറഞ്ഞു.












Click it and Unblock the Notifications