ദിലീപിന്റെ വിശ്വാസ്യത 10 മിനുട്ടുകൊണ്ട് തീർക്കാവുന്നതല്ല: വേദിയില്‍ വികാരാധീതനായി ഷാരിസ് മുഹമ്മദ്
ദിലീപിന്റെ 150-ാമത് ചിത്രമായ പ്രിന്‍സ് ആന്‍ഡ് ഫാമിലി നേരിട്ടത് സമാനതകളില്ലാത്ത ആക്രമണമെന്ന് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. എന്നാല്‍ മനഃപ്പൂർവ്വമുള്ള ഇത്തരം നീക്കങ്ങളെയെല്ലാം നേരിട്ടുകൊണ്ട് ചിത്രം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ജനങ്ങള്‍ തന്നെ നെഗറ്റീവ് പറഞ്ഞവർക്ക് ശക്തമായ മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ അമ്പതാം ദിവസത്തില്‍ സംഘടിപ്പിച്ച വിജയാഘോഷ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സിനിമ ഇറങ്ങി ഒന്നാമത്തെ ദിവസം വൈകുന്നേരം മുതല്‍ നെഗറ്റീവ് റിവ്യൂസ് ചെയ്ത്, അതായത് സിനിമയുടെ കഥ പറഞ്ഞ് നശിപ്പിക്കാന്‍ ചിലർ ശ്രമിച്ചുകൊണ്ടിരിന്നു. അഞ്ച് ഇഞ്ച് മൊബൈൽ ഉണ്ട്, 500 കെ സബ്സ്ക്രൈബേഴ്സ് ഉണ്ടെന്നുള്ള അഹങ്കാരത്തിൽ ആരെങ്കിലുമൊക്കെ നെഗറ്റീവ് പറഞ്ഞു പോയിട്ടുണ്ടെങ്കിൽ അവർക്ക് മൂന്ന് കാര്യങ്ങളിലാണ് തെറ്റിയത്.

ഇത് മാജിക് ഫ്രെയിംസ് നിർമ്മിക്കുന്ന ചിത്രമാണെന്ന് അവർ ഓർത്തില്ല, രണ്ട് ഈ ചിത്രം പ്രിൻസ് ആൻഡ് ഫാമിലി ആണെന്ന് അവർ ഓർത്തില്ല, മൂന്ന് ലക്ഷക്കണക്കിന് ജനങ്ങളുടെ നെഞ്ചിലാണ് ദിലീപ് എന്നും അവർ ഓർത്തില്ല. അവരോടൊക്കെ പറയാനുള്ളത് ഞാൻ വൈകാരികമായിട്ടെ സംസാരിക്കുകയുള്ളു. എനിക്ക് ഡിസിപ്ലിൻ ഇല്ല. അവരോടൊക്കെ പറയാനുള്ളത് പ്രിൻസ് ചിഞ്ചുവിനോട് ഗോൾഡൻ ബട്ടൺ പൊളിച്ചിട്ടിട്ട് പറയുന്ന ആ ഡയലോഗ് ആണ് 'ഇത്രയേ ഉള്ളു നീ'. നമ്മള്‍ ഇത് പറയുന്നത് പടത്തിന്റെ അമ്പതാമത് ദിവസത്തെ വിജയ ദിനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഒന്നാമത്തെ ദിവസം ആണല്ലോ നീ റിവ്യൂ ഇട്ടത്. ബാക്കിയുള്ള 49 ദിവസം ഈ ചിത്രം കണ്ട ലക്ഷക്കണക്കിന് പ്രേക്ഷകർ വിധിച്ച വിജയം. പത്ത് മിനിറ്റ് റിവ്യൂവില്‍ തീർക്കാന്‍ പറ്റുന്നതല്ല ദിലീപിന്റെ വിശ്വാസ്യത. ഞങ്ങളുടെ ടീമിന്റെ ഒരു വർഷത്തെ അധ്വാനവും ഒരാളുടെ പത്ത് മിനുറ്റ് റിവ്യൂവില്‍ തീർക്കാന്‍ സാധിക്കുന്നതല്ല. ഇനി ഇതിന്റെ പേരില്‍ നീ അമ്പത് മിനിറ്റില്‍ കുറയാതെ റിവ്യൂ ചെയ്യൂ. മലയാള സിനിമ പ്രേക്ഷകനെ സിനിമ പഠിപ്പിക്കാന്‍ ഒരു മധ്യസ്ഥന്റെ ആവശ്യമില്ല.
സിനിമ എന്താണെന്ന് അവർ തിയേറ്ററില്‍ വന്ന് കണ്ട് അറിയും. അമ്മയുടെ ഗർഭപാത്രത്തിലിരുന്ന് സിനിമ അനുഭവിച്ചവരാണ് മലയാളികള്‍. അവനോട് ഈ സിനിമ ചീത്തയാണ്, ഈ സിനിമ മോശമാണ് എന്നൊന്നും പറഞ്ഞ് പഠിപ്പിക്കാന്‍ ഒരാളുടെ ആവശ്യം ഇല്ല. ഞാന്‍ വൈകാരികമായി സംസാരിക്കും. കാരണം, അത്രത്തോളം ഈ സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍, ഇല്ലാതാക്കാന്‍ ശ്രമിച്ചവരോടുള്ള മറുപടിയാണ് ഇത്. വിമർശകരോടല്ല, വിമർശനങ്ങളിലൂടെ വന്നവനാണ് ഞാന്‍. നമ്മളും വിമർശനങ്ങള്‍ നേരിട്ടുണ്ട്. ഇത് അതൊന്നും അല്ല. ഇത് മനപ്പൂർവ്വം ഈ സിനിമയെ നശിപ്പിച്ചവർക്കുള്ള മറുപടിയാണ്. ഒരു മധുര പ്രതികാരം കൂടിയാണ് ഇത്.
ദിലീപേട്ടന്റെ ഫാന്‍സിനെ ഫാന്‍സ് എന്ന് ഞാന്‍ പറയില്ല. സിനിമയുടെ പേര് പോലെ ദിലീപ് ആന്‍ഡ് ഫാമിലിയാണ്. അത്രയും അടുപ്പും അവരെല്ലാവരോടുമായിട്ടുണ്ട്. അധികം ആളുകളേയും പേരെടുത്ത് അറിയാം. അവരെല്ലാവരും കൂടെ നിന്നു. ഈ സിനിമയെ താഴെ പോകാതെ ഒരു കൈകുമ്പിളില്‍ എന്നപോലെ അവർ മുന്നോട്ട് കൊണ്ടുപോയി. നെഗറ്റീവ് റിവ്യൂ വന്നിട്ടും അവർ ആദ്യം ദിവസം തന്നെ പറഞ്ഞിരുന്നു ഈ സിനിമ തിയേറ്ററില്‍ അമ്പത് ദിവസം കാണുമെന്ന്. എനിക്ക് അന്ന് വിശ്വാസം ഉണ്ടായിരുന്നില്ല. അവരുടെ വിശ്വാസം ഇവിടം വരെ എത്തിച്ചു.
പറയേണ്ടത് തന്നെയാണ് പറഞ്ഞിട്ടുള്ളത്. പറഞ്ഞ് പോയതില്‍ ഒരു ക്ഷമയും ഇല്ല. ഈ സിനിമയുടെ പൂജക്ക് നിങ്ങള്‍ക്ക് തന്ന വാക്ക് ഇവിടെ പാലിക്കുകയാണ്. ദിലീപേട്ടനെ വെച്ച് ഒരു കലക്കന്‍ പടം ഞങ്ങള്‍ ചെയ്തിട്ടുണ്ട്. ആ ചിത്രം ചരിത്രത്തിലുണ്ടാകും. ആ ചരിത്രത്തിന്റെ ഭാഗമായി ഞങ്ങളുമുണ്ടാകുമെന്നും ഷാരിസ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications