ദിലീപിന്റെ നായിക ആവേണ്ടിയിരുന്നത് ആ നടി ആയിരുന്നില്ല; അവസാന നിമിഷം നടന്നത്: ചിത്രം സൂപ്പർ ഹിറ്റ്
ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് നീന കുറുപ്പ്. തുടർന്ന് ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും താരം മലയാളി പ്രേക്ഷകർക്ക് ഇടയില്‍ കൂടുതലായി അറിയപ്പെടുന്നത് പഞ്ചാബി ഹൗസ് ചിത്രത്തിലെ വേഷത്തിലൂടെയാണ്. നായികയായ മോഹിനിയുടെ കസിന്‍ രേഷ്മ എന്ന കഥാപാത്രത്തെ ഇന്നും ആളുകള്‍ ഓർക്കുന്നു.
നിരവധി സീരിയലുകളും സിനിമകളും ചെയ്തിട്ടുണ്ടെങ്കിലും പലരുടേയും മനസ്സിലുള്ള കഥാപാത്രം പഞ്ചാബി ഹൗസിലേതാണെന്ന് നീന കുറുപ്പ് തന്നെ വ്യക്തമാക്കുന്നു. ഇപ്പോഴത്തെ കൊച്ചുപിള്ളേർ വരെ എന്നെ കണ്ടാല്‍ പഞ്ചാബി ഹൗസ് എന്നേ പറയുകയുള്ളു. ഇന്ന് ആ ചിത്രത്തിന് ടെലിവിഷനില്‍ കാഴ്ച്ചകാരുണ്ടെന്നും താരം പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നീന കുറുപ്പ്.

സത്യം പറഞ്ഞാല്‍ പഞ്ചാബി ഹൗസ് എന്ന ചിത്രം ചെയ്യാതിരിക്കാന്‍ ആഗ്രഹിച്ച ഒരു വ്യക്തിയായിരുന്നു ഞാന്‍. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി അത് മാറിയേനെ. ആ സമയത്ത് സീരിയലായിരുന്നു കൂടുതലായി ചെയ്തിരുന്നത്. ചില സിനിമകളിലൊക്കെ അവസരവും ലഭിച്ചിരുന്നു. സിനിമക്ക് വിളിക്കുമ്പോള്‍ പത്ത് ദിവസം ഷൂട്ട് ഉണ്ട് എന്നൊക്കെ പറയും. എന്നാല്‍ ഒരു ദിവസത്തെ ഷൂട്ട് കഴിഞ്ഞ് രണ്ടാം ദിവസം പറയും നിങ്ങള്‍ക്ക് അത്ര സീനേയുള്ളു, ബാക്കിയൊക്കെ കട്ട് ചെയ്തെന്ന്.
പഞ്ചാബി ഹൗസിലേക്ക് വിളിച്ചപ്പോഴും ഇതും അതുപോലെ തന്നെയാകുമെന്നാണ് കരുതിയത്. അതുകൊണ്ട് തന്നെ സീരിയലിന്റെ തിരക്കാണ്, സമയം ഇല്ലെന്ന് പറഞ്ഞ്. എന്നാല്‍ ആ ചിത്രത്തിന്റെ കണ്‍ട്രോളർ ഷണ്‍മുഖന്‍ അണ്ണന്‍ എന്നെ വിടാതെ പിടിച്ചു. ഒടുവില്‍ ഞാന്‍ എന്റെ സമയം പറഞ്ഞു. കൂടാതെ എങ്ങനെ എങ്കിലും ഇത് ഒഴിവാക്കാനായി അവർ പറയുന്നതിന്റെ ഇരട്ടി തുക പ്രതിഫലമായി പറയാന്‍ ഒരു ഫ്രണ്ട് നിർദേശിച്ചു. ഇരട്ടിക്ക് പകരം മൂന്നിരട്ടി ഞാന്‍ പറഞ്ഞിട്ടും അവർ തീരുമാനം മാറ്റിയില്ല. അങ്ങനെയാണ് പഞ്ചാബി ഹൗസിലേക്ക് എത്തുന്നതെന്നും നീന കൂട്ടിച്ചേർക്കുന്നു.
യഥാർത്ഥത്തില്‍ പഞ്ചാബി ഹൗസിലെ നായിക മോഹിനി അല്ലായിരുന്നു. അവസാന നിമിഷമാണ് മോഹിനി വരുന്നത്. വേറെ ഒരാളെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ആ കുട്ടിക്ക് പഞ്ചാബി ലുക്ക് ഇല്ലെന്ന് കണ്ടെതിനെ തുടർന്ന് അവരെ മാറ്റി ഒരു ദിവസം ബ്രേക്ക് എടുത്തിട്ടാണ് മോഹിനിയെ കൊണ്ടു വരുന്നത്. അവസാന നിമിഷമാണ് ആ മാറ്റമുണ്ടാകുന്നത.
എന്റേതായി എടുത്ത ആദ്യ സീന്‍ സിനിമയിലെ അവസാന നിമിഷത്തെ ഒരു ഇമോഷണല്‍ സീനായിരുന്നു. നന്നായി തന്നെ ചെയ്യാന്‍ സാധിച്ചു. മോഹിനി ഇപ്പോള്‍ പൂർണ്ണമായും ആത്മീയ പാതയിലാണെന്ന് അറിയാന്‍ സാധിച്ചു. സിനിമയൊക്കെ ഉപേക്ഷിച്ചു. ഒരുമിച്ച് അഭിനയിച്ചെങ്കിലും വലിയ ബന്ധം ഇല്ല. അവർ അന്ന് ചെന്നൈയില്‍ നിന്ന് വന്നതായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.
ആ സിനിമയുടെ ഷൂട്ടിങ് എന്ന് പറയുന്നത് ഒരു ഫെസ്റ്റിവല്‍ ആയിരുന്നു. എല്ലാ ആർട്ടിസ്റ്റുകളും എല്ലാ ദിവസവും ആ സെറ്റിലുണ്ടാകും. ഉള്ളവരാകട്ടെ വലിയ രീതിയില്‍ തമാശ പറയുന്ന ആളുകളുമാണ്. തിരക്കഥയില്‍ ഉള്ളതിന് അപ്പുറത്ത് ഇന്ദ്രന്‍സ്, കൊച്ചിന്‍ ഹനീഫ, ഹരിശ്രി അശോകന്‍, ദിലീപ് എന്നിവർ ചേർന്ന് ഒരുപാട് കോമഡികളുണ്ടാക്കും. പെട്ടെന്ന് ഇവർ എന്തെങ്കിലും പറയുമ്പോള്‍ ഷോട്ടിന് ഇടയില്‍ നമ്മള്‍ ചിരിച്ച് പോകും. പിന്നീട് റീ ഷൂട്ട് ചെയ്യേണ്ടി വരും. എന്തെങ്കിലും നിർദേശം നമ്മള്‍ മുന്നോട്ട് വെച്ചാലും അത് സ്വീകരിക്കുന്നവരായിരുന്നു സംവിധായകരെന്നും നീന കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications