ദിലീപ് പറയുന്നു, ഇത് സംഭവിക്കുന്നത് അപൂർവ്വം: എന്തിനാണ് ദിലീപിനെ കുറിച്ച് അങ്ങനെ പറയുന്നതെന്ന് ധ്യാന്‍
പ്രിൻസ് ആന്റ് ദി ഫാമിലി എന്ന ചിത്രം വലിയ വിജയമാക്കിയതിൽ പ്രേക്ഷകരോട് ഒരുപാട് സ്നേഹമെന്ന് നടൻ ദിലീപ്. സിനിമ പ്രേക്ഷകർ കണ്ട് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് വിജയിച്ചത്. സിനിമ ഇറങ്ങി അഞ്ചാം ദിവസമാണ് പ്രമോഷൻ തുടങ്ങിയത്. ഒരുപാട് ചിരിക്കാനുണ്ട്, കണ്ണ് നനയിച്ചു, തുടങ്ങിയ കമന്റുകൾ വരുമ്പോൾ ഒരുപാട് സന്തോഷം. എന്താണ് ഞങ്ങൾ ആഗ്രഹിച്ചത് അത് നടന്നുവെന്ന സന്തോഷത്തിലാണെന്നും ദിലീപ് പറഞ്ഞു.
'ഈ ഡിജിറ്റൽ ലോകത്ത് സ്വകാര്യത ആഗ്രഹിക്കുന്ന ആൾക്ക് എങ്ങനെ സർവൈവ് ചെയ്യാൻ സാധിക്കുന്നു എന്നതാണ് സിനിമ സംസാരിക്കുന്നത്. സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്. നമ്മളെ അത്ഭുതപ്പെടുത്തിയ കാര്യമാണിത്. സിനിമയ്ക്ക് അത്രയും പിന്തുണ നൽകിയതിൽ ഒരുപാട് നന്ദി.

സിനിമയുടെ വിജയ ഫോർമുല സത്യത്തിൽ ഞങ്ങൽക്ക് അറിയില്ല. പ്രമോഷനിൽ സന്തോഷത്തോടെ പ്രതികരിക്കുന്നത് പ്രേക്ഷകർ സിനിമ ഏറ്റെടുത്തത് കൊണ്ടാണ്', ദിലീപ് പറഞ്ഞു. അതിനിടെ ദിലീപിനെ കുറിച്ച് നടൻ ധ്യാൻ ശ്രീനിവാസനും സംസാരിച്ചു. താനാണ് ദിലീപിന്റെ ഏറ്റവും വലിയ ഫാൻ എന്നായിരുന്നു ധ്യാനിന്റെ പ്രതികരണം. 'ദിലീപിന്റേത് തിരിച്ചുവരവാണ് എന്നൊക്കെ ആളുകൾ പറയുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല. അദ്ദേഹം അതിന് എവിടെയാണ് പോയത്. ഇവിടെ തന്നെ നിൽക്കുകയല്ലേ അദ്ദേഹം. ദിലീപേട്ടൻ മോശമായി അഭിനയിച്ച് മോശമാക്കിയ സിനിമ ഉണ്ടോ? പിന്നെന്തിനാണ് കംബാക്ക് എന്ന് പറയുന്നത്.
ദിലീപേട്ടന്റെ എല്ലാ സിനിമകളും ഇവിടെ ചർച്ചയായിട്ടുണ്ട്. സിനിമ വളരെ സബ്ജക്ടീവാണ്. ചിലർക്ക് ഇഷ്ടപ്പെടും. ചിലർക്ക് ഇഷ്ടപ്പെടില്ല. തീയറ്റിൽ ഓടിയ ചില പടങ്ങൾ ഒടിടിയിൽ വരുമ്പോൾ മോശമാണെന്ന് പറയുന്നില്ലേ. ഓടാത്ത പടങ്ങൾ ഒടിടിയിൽ എത്തുമ്പോൾ നല്ലതാണെന്നും പറയുന്നുണ്ട്. മാസ് ഓഡിയോൻസിലേക്ക് എത്തുമ്പോൾ മാത്രമാണ് സിനിമ സക്സസ് ആകുന്നത്. സിനിമ പലപ്പോഴും പാളിപ്പോകുന്നത് എക്സിക്യൂഷനിലാണ്. ദിലീപേട്ടൻ കാരണം ഒരുപടവും മോശമായിട്ടില്ല. എല്ലാം ഒത്തുചേർന്ന രീതിയിൽ ഒരു സിനിമ സംഭവിച്ചിട്ടില്ല.
ഇന്നത്തെ കാലത്ത് സിനിമ തീയറ്ററിൽ ഓടണമെങ്കിൽ മികച്ച തീയറ്ററിക്കൽ അനുഭവം വേണം. അടുത്ത കാലത്ത് തീയറ്ററിൽ ഓടിയ മികച്ചൊരു കുടുംബ ചിത്രം പറയാൻ സാധിക്കുമോ? കഴിഞ്ഞ വർഷം ലിസ്റ്റിൻ സ്റ്റീഫൻ ചെയ്ത എആർഎം ഇറങ്ങി. അങ്ങനെ വലിയ കാൻവാസിൽ വരുന്ന സിനിമകളേ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നുള്ളൂ. ഇന്ന് കുടുംബ ചിത്രങ്ങൾ വേണ്ടേ? ഭരതനാട്യം എന്ന ചിത്രം തീയറ്ററിൽ വിജയിച്ചില്ല പക്ഷെ ഒടിടിയിൽ വിജയച്ചില്ലേ? കുഞ്ഞ് ചിത്രങ്ങളും ഇവിടെ സംഭവിക്കണ്ടേ? ഒരു മാസീവ് തീയറ്റർ എക്സ്പീരിയൻസ് കൊടുക്കുന്ന സിനിമയല്ല പ്രിൻസ് ആന്റ് ദി ഫാമിലി. എന്നിട്ടും ഈ വിജയം സാധ്യമായി. ദിലീപേട്ടന്റെ മാസീവ് സിനിമ വരാനിരിക്കുന്നത് ബബ്ബബ്ബ ആണ്. സിനിമയുടെ വലിപ്പമല്ല, കോണ്ടന്റ് ആണ് കാര്യം.
തീയറ്ററിക്കൽ എക്സ്പീരിയൻസ് നൽകുന്ന, മാസീവ് സിനിമകളൊക്കെ ഇവിടെ ഓടുന്നുണ്ട്. അല്ലാതെ കുടുംബ ചിത്രങ്ങൾക്ക് ഇവിടെ എവിടെയാണ് സ്പേസ്. സത്യത്തിൽ കുടുംബത്തിന് വന്നിരുന്ന് കാണാൻ സാധിക്കുന്ന സിനിമ സംഭവിക്കുന്നില്ല. വയലൻസും ത്രില്ലറും ആക്ഷൻ സിനിമകളുമൊക്കെ വേണം. പക്ഷെ കുടുംബചിത്രവും ഇവിടെ വേണ്ടേ? എന്റെ അമ്മയെ പോലുള്ളവരൊക്കെ തീയറ്ററിൽ പോകുമ്പോൾ കാണുന്നത് ദിലീപിന്റെ കംബാക്ക് അല്ല, നല്ല സിനിമയാണ്. അവർക്ക് മനസിലാവുന്ന സിനിമ കണ്ടു. ദിലീപേട്ടന്റെ ഫോർമുലയിൽ വരുന്ന അതേ ടെംപ്ലേറ്റിലുള്ള സിനിമയല്ല ഇത്. പക്ഷേ ദിലീപേട്ടൻ ഇല്ലെങ്കിൽ ഈ സിനിമ ഇല്ല', ധ്യാൻ പറഞ്ഞു. തന്നെ കുറിച്ച് നല്ലത് പറയാനും ഇവിടെ ആളുകൾ ഉണ്ടല്ലോ എന്നായിരുന്നു ധ്യാനിന്റെ വാക്കുകൾക്ക് ദിലീപിന്‌റെ ചിരിച്ചുകൊണ്ടുള്ള മറുപടി.












Click it and Unblock the Notifications