ദിലീപേട്ടൻ ഒകെ പറഞ്ഞു, ഒറ്റരാത്രികൊണ്ടാണ് ജീവിതം മാറിയത്..എന്റെ കാഴ്ചപ്പാടിൽ ആ തീരുമാനം ശരിയാണ്'; നവ്യ നായർ
മലയാളികളുടെ പ്രീയപ്പെട്ട താരമാണ് നവ്യ നായർ. വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച നടി പിന്നീട് ഒരുത്തിയെന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. എന്തുകൊണ്ട് വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിന്നു എന്ന ചോദ്യത്തിന് അത് അന്നത്തെ കാലത്തെ അലിഖിത നിയമം ആയിരുന്നുവെന്ന് മറുപടി നൽകുകയാണ് നവ്യ. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
'ഒറ്റ ദിവസം കൊണ്ടാണ് എൻറെ ജീവിതം മാറുന്നത്. ഒരു ദിവസം എന്റെ ചിത്രം മലയാള മനോരമയുടെ കവർ പേജായി വരുന്നു. അത് കണ്ടിട്ട് സിബി അങ്കിൾ ഹോട്ടലിലേക്ക് വിളിപ്പിക്കുന്നു. ലൂസിയ പാലസിൽ പോകുന്നു, സ്ക്രീൻ ടെസ്റ്റ് നടത്തുന്നു. സ്ക്രീൻ ടെസ്റ്റ് ചെയ്ത വീഡിയോ മഞ്ജു ചേച്ചിക്കും ദിലീപേട്ടനും അയച്ച് കൊടുക്കുന്നു. ദിലീപേട്ടനൊക്കെ ഒകെ പറയുന്നു. അന്ന് വെകുന്നേരം പറയുന്നു സിബി മലയിലിന്റെ സിനിമയിൽ നായികയായി എടുക്കുന്നുവെന്ന്. ഒറ്റ രാത്രി കൊണ്ടാണ് ജീവിതം മാറി മറിഞ്ഞത്, ശരിക്കും അതിനൊക്കെ നിമിഷങ്ങൾ മതി. ഇത് തന്നെയാണ് എല്ലാവരോടും എനിക്ക് പറയാനുള്ളത്. ജീവിതം തീർന്നു എന്ന് വിചാരിച്ചിരിക്കുന്ന ഒരുപാട് മനുഷ്യരുണ്ടാകും. എന്നാൽ ഒരു നിമിഷം മതി നമ്മുടെ ജീവിതം മാറി മറിയാൻ. നല്ലതിനും ചീത്തക്കുമൊക്കെ, നമുക്ക് നല്ലത് നടക്കാൻ ആഗ്രഹിക്കാം. ശുഭാപ്തി വിശ്വാസം ഉണ്ടായിരിക്കട്ടെ.

വിവാഹം കഴിച്ചാൽ പിന്നെ അഭിനയിക്കാതിരിക്കുകയെന്നത് ഞങ്ങളുടെയൊക്കെ സമയത്ത് ഒരു അലിഖിത നിയമം ആയിരുന്നു. എല്ലാവരും തുടർന്ന് പോയിക്കൊണ്ടിരുന്ന രീതി. ഞങ്ങൾക്ക് മുന്നേ ഉണ്ടായിരുന്നവരും അതാണ് ചെയ്തത്. വിവാഹം കഴിച്ചപ്പോൾ അതെന്റെ മനസിനെ ഞാനും പറഞ്ഞ് പഠിപ്പിച്ചിരുന്നു. സിനിമയിൽ തിരിച്ച് വരണമെന്നോ അഭിനയിക്കണമെന്നോ ആലോചിച്ചിരുന്നില്ല ഞാൻ. പിന്നെ ഒരു മൊമന്റിൽ എനിക്ക് വേറൊന്നും ചെയ്യാൻ അറിയില്ലെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ ഞാൻ ഡാൻസ് ചെയ്ത് തുടങ്ങി. പിന്നെ മുന്നോട്ട് ജീവിച്ച് പോകണമെങ്കിൽ എനിക്ക് അറിയാവുന്ന ജോലി ചെയ്യേണ്ട സാഹചര്യം വന്നു. അപ്പോഴും ഞാൻ തീരുമാനിച്ചിരുന്നു, ഇനി സിനിമ ചെയ്യുമ്പോൾ പൂർണമായും ഇഷ്ടമുള്ള കഥാപാത്രങ്ങളെ ചെയ്യുകയുള്ളൂവെന്ന്. കാരണം ഉപജീവനത്തിന് എനിക്ക് നൃത്തമുണ്ട്, അതുകൊണ്ട് അഭിനയം എനിക്ക് പാഷനാക്കി മാറ്റാൻ പറ്റി. ജീവിതത്തിൽ എനിക്ക് എന്തെങ്കിലും അതിമോഹങ്ങൾ ഇല്ല, എന്തെങ്കിലും വെട്ടിപിടിക്കണമെന്നില്ല. ജീവിതത്തിൽ എല്ലാം കിട്ടണമെന്നില്ല. പക്ഷെ എന്റെ ബ്ലെസിങ്ങ് കൗണ്ട് ചെയ്യുന്ന ആളാണ് ഞാൻ.
വിവാഹം കഴിക്കുന്ന സമയത്ത് ഞാൻ പറഞ്ഞിരുന്നു അഡ്ജസ്റ്റ്മെന്റ് അല്ല, അണ്ടർസ്റ്റാന്റിങ് ആണ് പാട്ണേഴ്സിന്റെ ഇടയിൽ വേണ്ടത്. അത് രണ്ട് പേരും വിചാരിക്കണം. ഒരാൾ മാത്രം അണ്ടർസ്റ്റാന്റിങ് ആയത് കൊണ്ട് കാര്യമില്ല. പിന്നെ ബേസിക് ആയിട്ടുള്ള അവകാശങ്ങൾ, ആ അവകാശങ്ങൾ ഒന്നും ഞാൻ മനസിലാക്കിയിരുന്നില്ല. ഞാൻ ഒരു ഇന്റിപെന്റന്റ് വുമൺ ആയിരുന്നു, ഫേമസ് ആയിരുന്നു, എന്നിട്ടൊന്നും എനിക്ക് അറിയുമായിരുന്നില്ല. അതെന്ത് കൊണ്ടാണെന്ന് ചോദിച്ചാൽ ഒരുപാട് വർഷങ്ങളായി നമ്മൾ ശരിയെന്ന് വിശ്വസിച്ചിരുന്ന ചില തെറ്റുകൾ ഉണ്ട്. പക്ഷെ ജീവിതത്തിലൂടെ കടന്ന് പോകുമ്പോൾ എവിടെയാണ് പ്രശ്നം എന്ന് ചിന്തിക്കും. ഞാൻ അതാലോചിക്കാൻ ഒരുപാട് വർഷങ്ങളെടുത്തു. അപ്പോൾ അങ്ങനെയുള്ള ആലോചനയിലാണ് നമ്മൾ ചില കണ്ടെത്തലുകളിൽ എത്തുന്നത്. അത് റിഫൈൻഡ് ആണോയെന്ന് തീരുമാനിക്കണമെങ്കിൽ നമ്മൾ ശരിയാണോയെന്ന് അറിയണം. ശരിയാണോയെന്ന് അറിയില്ല. എന്‌റെ കാഴ്ചപ്പാടിൽ ശരിയാണ്, മറ്റൊരാളുടെ കാഴ്ചപ്പാടിൽ തെറ്റായിരിക്കാം', നവ്യ പറഞ്ഞു.












Click it and Unblock the Notifications