വർഷങ്ങളായി തനിക്കെതിരെ ഗൂഡാലോചനയെന്ന് ദിലീപ്: ആരാണെന്ന് കണ്ടെത്തിയാലും പറയാനാകില്ല
തനിക്കെതിരായി വർഷങ്ങളായി ഗൂഡാലോചന നടക്കുന്നുണ്ടെന്ന് ദിലീപ്. എന്റെ ഓരോ സിനിമകള്‍ വരുന്നതിന് മുന്നോടിയായി ഓരോ കാര്യങ്ങളുണ്ടാകും. കുറേ വർഷങ്ങള്‍ക്ക് മുമ്പേ തുടങ്ങിയിട്ടുള്ള കാര്യമാണ് ഇത്. അത് ഒന്നും ഏല്‍ക്കാതെ ആയപ്പോഴാണ് വേറെ രീതിയിലുള്ള ആക്രമണം തുടങ്ങിയത്. അതിന് നേരിടുക എന്ന് അല്ലാതെ വേറെ എന്ത് ചെയ്യാനാകുമെന്നും ദിലീപ് ചോദിക്കുന്നു.
സിനിമയാണ് എന്റെ ലോകം, അതിനെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ട് തന്നെ അതിന്റെ പിന്നാമ്പുറത്ത് നടക്കുന്ന കളികള്‍ നമ്മള്‍ ശ്രദ്ധിച്ചില്ല. നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും. ആരാണ് ഇതിനെല്ലാം പിന്നിലെന്ന് ഞാന്‍ അന്വേഷിച്ചാലും എനിക്ക് അതേക്കുറിച്ച് പറയാനുള്ള അവകാശമില്ല. ഞാന്‍ ഒന്നിനേക്കുറിച്ചും സംസാരിക്കാന്‍ പാടില്ല.

ഒരു ആരോപണം എടുത്തിട്ടിട്ട് കാണുന്നവർ മുഴുവന്‍ അടിക്കുകയും വായില്‍ തോന്നുന്നത് മുഴുവന്‍ പറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ എനിക്ക് തിരിച്ച് ഒന്നും പറയാന്‍ സാധിക്കുന്നില്ല. എനിക്ക് പറയാന്‍ പാടില്ല. എന്നെങ്കിലും ഒക്കെ പറയാന്‍ സാധിക്കട്ടേയെന്ന് പ്രാർത്ഥിക്കാമെന്നും പവി കെയർ ടേക്കർ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തില്‍ ദിലീപ് വ്യക്തമാക്കുന്നു.
സിനിമയുടെ വിജയങ്ങളും പരാജയങ്ങളും സ്വാഭാവികമായി സംഭവിക്കുന്നത്. എല്ലാ സിനിമകളും ഹിറ്റ് ആവട്ടെ എന്ന് കരുതി തന്നെയാണ് നമ്മള്‍ എടുക്കുന്നത്. എനിക്ക് ഒരുപാട് ഹിറ്റുകള്‍ കിട്ടിയത് നിങ്ങള്‍ക്ക് എല്ലാവർക്കും അറിയാം. അതുപോലെ ഇടയ്ക്ക് പരാജയങ്ങളും കിട്ടിയിട്ടുണ്ടാവണം.
കുറേ ഹിറ്റുകള്‍ കിട്ടി എന്ന് കരുതി അടുത്ത പടം ഹിറ്റാവണമെന്നോ, കുറേ പരാജയങ്ങള്‍ കിട്ടിയെന്ന് വെച്ച് അടുത്ത പടം പരാജയമാകുമെന്നോ പറയാന്‍ സാധിക്കില്ല. ഓരോ സിനിമയ്ക്കും അതിന്റേതായ ജാതകമുണ്ട്. പ്രേക്ഷകർ നിലനിർത്തിയ ഒരു അഭിനേതാവാണ് ഞാന്‍. ചെറിയ വേഷങ്ങള്‍ ചെയ്ത് വന്ന വ്യക്തി കൂടിയാണ് ഞാന്‍. പരാജയും വിജയങ്ങളും ഉണ്ടാകും. സങ്കടം എന്ന് പറയുന്നത് സാമ്പത്തികമായി നിർമ്മാതാവിന് നഷ്ടം ഉണ്ടാകുന്നു എന്നതാണ്. അത് എങ്ങനെ പരിഹരിക്കും എന്നതാണ് പ്രധാനമെന്നും ദിലീപ് വ്യക്തമാക്കുന്നു.
ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് തന്നെ നിർമ്മിക്കുന്ന ചിത്രമാണ് പവി കെയർ ടേക്കർ. ഏപ്രില്‍ 26 ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ അഞ്ച് പുതുമുഖ നായികമാർ. തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് രാഘവനാണ്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്ഫടികം ജോർജ് തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നു.












Click it and Unblock the Notifications