'ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ എടുത്തുടുക്കപ്പെടുന്ന ആളാണ് ഞാൻ'; അതുപോലൊരു അവസ്ഥ: ദിലീപ്
കൊച്ചി: തന്റെ സിനിമകൾക്ക് നേരെ ആക്രമണങ്ങളുണ്ടാകുമെന്ന് നടൻ ദിലീപ്. പുതിയ ചിത്രമായ വോയിസ് ഓഫ് സത്യനാഥന്റെ ട്രെയിലർ പുറത്തിറക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ദിലീപ്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ എടുത്തിട്ട് ഉടുക്കപ്പെടുന്ന ആളാണ് താനെന്നും ദിലീപ് പറഞ്ഞു.
ദിലീപിന്റെ വാക്കുകൾ ഇങ്ങനെ: ''എനിക്ക് തോന്നുന്നത് ഈ അടുത്ത കാലത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതൽ 'എടുത്തിട്ട് ഉടുക്കുക' എന്ന് പറയില്ലേ, അത് പോലുളള അവസ്ഥയുണ്ടായിട്ടുളള ഒരാളാണ് ഞാന്‍ . എന്റെ സിനിമ വരുമ്പോള്‍ അതുപോലുളള ആക്രമണങ്ങളൊക്കെ ഉണ്ട്, ഉണ്ടാവും എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. കാരണം സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ റിവ്യൂസ് ഒക്കെ പുറത്ത് വിടും.

പക്ഷേ എന്നെ സ്‌നേഹിക്കുന്ന, ഈ 30 വര്‍ഷക്കാലം തന്നെ സിനിമയില്‍ നിലനിര്‍ത്തിയിട്ടുളള പ്രേക്ഷകര്‍ തിയറ്ററില്‍ തന്നെ വന്ന് സിനിമ കാണണം. നിങ്ങളാണ് എന്റെ ശക്തി'', ദിലീപ് പറഞ്ഞു. വോയിസ് ഓഫ് സത്യനാഥന്‍ ട്രെയിലര്‍ ലോഞ്ചിന് മമ്മൂക്ക വരാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ തിരക്ക് കാരണം അദ്ദേഹത്തിന് വരാനായില്ലെന്നും ദിലീപ് പറഞ്ഞു.
''മമ്മൂക്ക ഒരുപാട് തിരക്കിന്റെ ഇടയിലാണെന്ന് പറഞ്ഞു. എടാ അടുത്ത സിനിമയ്ക്ക് ഞാന്‍ വരാം എന്ന് പറഞ്ഞു. ഇന്നെനിക്ക് വരാന്‍ പറ്റില്ല. അതുപോലെ ഞാന്‍ ലാലേട്ടനുമായും സുരേഷേട്ടനുമായും ജയറാമേട്ടനുമായും സംസാരിച്ചു. ഇവരൊക്കെ എനിക്ക് ജീവിതത്തില്‍ അത്രയും വലിയ സ്ഥാനത്തുളള, സഹോദര ബന്ധമുളള കലാകാരന്മാരാണ്''.
''ഈ പറയുന്ന നാല് പേരോടും ഞാന്‍ എന്ത് കാര്യമുണ്ടെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കും. അവരുടെ എല്ലാവരുടേയും അനുഗ്രഹമുണ്ട്. എനിക്ക് ശേഷം വന്ന ആളുകളുടേയും സ്‌നേഹവും പിന്തുണയും ഒപ്പമുണ്ട് എന്ന് അറിയിച്ചതില്‍ വലിയ സന്തോഷം''. എന്നെ എല്ലാ തരത്തിലും സഹായിക്കുന്ന എല്ലാ ആളുകളോടും നന്ദി പറയുന്നുവെന്നും ദിലീപ് പറഞ്ഞു.












Click it and Unblock the Notifications