ദിലീപ് പ്രതികരിച്ചത് ഇങ്ങനെ; രേണുവിന്റേയും ദാസേട്ടൻ കോഴിക്കോടിന്റേയും ചാന്തുപൊട്ട് വീഡിയോ, അതിന് കാരണവും
കൊച്ചി: അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണുവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദാസേട്ടൻ കോഴിക്കോടും അടുത്തിടെ ചെയ്തൊരു റീൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ദിലീപ് ചിത്രമായ ചാന്തുപൊട്ടിലെ 'ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്' എന്ന ഗാനമായിരുന്നു ഇരുവരും റിക്രിയേറ്റ് ചെയ്തത്. എന്നാൽ വീഡിയോക്ക് കടുത്ത സൈബർ ആക്രമണമാണ് ഇരുവർക്കും നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ഈ അധിക്ഷേപങ്ങളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് രേണുവും ദാസേട്ടൻ കോഴിക്കോടും. മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വീഡിയോ ഇറങ്ങിയതിന് ശേഷം നടൻ ദിലീപ് പ്രതികരിച്ചത് എങ്ങനെയെന്നതിനെ കുറിച്ചും ദാസേട്ടൻ കോഴിക്കോട് അഭിമുഖത്തിൽ പറയുന്നുണ്ട്. വായിക്കാം
'രേണുവിന്റെ റീൽസ് വീഡിയോ ഒക്കെ ഞാൻ കാണാറുണ്ട്. അങ്ങനെയാണ് ഞാൻ ചോദിക്കുന്നത്, കാമറയൊക്കെ വെച്ചൊരു റീൽ ചെയ്താലോയെന്ന്. അങ്ങനെയാണ് ചെയ്തത്. ഞാനൊരു നടനാണ്. എന്റെ കൂടെ ഭാര്യയായും അമ്മയായും മകളായുമൊക്കെ അഭിനയിച്ചിട്ടുണ്ട്. ഒരു നടനെന്ന നിലയിൽ ഇന്ന റോൾ മാത്രമേ ചെയ്യാവൂ എന്നൊന്നും പറയാൻ സാധിക്കില്ല. രേണുവിന് ഒരുപാട് നെഗറ്റീവ് കേട്ടിട്ടുണ്ട്. ആ നെഗറ്റീവ് പറയുന്നവർ തന്നെയാണ് നമ്മുടെ റീൽ ഹിറ്റാക്കിയത്. രേണുവിനും എനിക്കുമുള്ള വ്യത്യാസം ഞാൻ നെഗറ്റീവിന് മറുപടി കൊടുക്കില്ല. പക്ഷെ രേണു മറുപടി കൊടുക്കും.

ദിലീപേട്ടന്റെ ഫാനാണ് ഞാൻ. തങ്കമണി എന്ന ചിത്രത്തിൽ അദ്ദേഹത്തിനൊപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ചാലക്കുടിയിൽ വെച്ച് ഒരു പരിപാടിക്കിടെ ദിലീപേട്ടനെ ഞാൻ കണ്ടിരുന്നു. ഈ റീൽ ഒരു 5 ലക്ഷമൊക്കെ ആയി നിൽക്കുന്ന സമയമായിരുന്നു. അദ്ദേഹം എന്നോട് മൂളിയൊന്ന് തലയാട്ടി. ആ മൂളലിൽ തന്നെ എനിക്ക് കാര്യം മനസിലായി. ദിലീപേട്ടൻ പക്ഷെ റീലിനെ കുറിച്ചൊന്നും ചോദിച്ചില്ല.
ഈ റീൽ ഹിറ്റാകാൻ കാരണങ്ങളിലൊന്ന് പല യുട്യൂബേഴ്സും ഞങ്ങളെ പിന്തുണച്ചു. ഭർത്താവ് മരിച്ചൊരു സ്ത്രീ സതി ആചരിച്ചിരിക്കണോ, ആ കാലഘട്ടമൊക്കെ മാറി. ഡിവോഴ്സ് കൊടുത്തും പിന്നീട് സൗഹൃദത്തിൽ ഇടപെടുന്ന പെരുമാറുന്ന ആളുകളുണ്ട്. അതാണ് കാലം. ഞാൻ വിവാഹിതനാണ്. മൂന്ന് കുട്ടികൾ ഉണ്ട്. സന്തോഷമായി ജീവിക്കുന്നു. എന്റെ ഭാര്യ അധ്യാപികയാണ്. ഭാര്യ എന്നെ മനസിലാക്കി ജീവിക്കുന്നൊരാളാണ്. ഞാനൊരു നടനാണെന്ന് അവൾക്കറിയാം. നെഗറ്റീവ് കമന്റ് കേൾക്കുമ്പോൾ തോന്നുന്നത് ഞങ്ങൾ ലിപ് ലോക്കൊക്കെ ചെയ്ത മട്ടാണ്. തൻമാത്രയിൽ ലാലേട്ടൻ ഇന്റിമേറ്റ് ആയി അഭിനയിച്ചു, എന്നിട്ട് ലാലേട്ടനെ സുചിത്രേച്ചി ഇട്ട് പോയോ. ടൊവീനോ ലിപ് ലോക്ക് ചെയ്തില്ലേ, അവരുടെ കുടുംബത്തിൽ പ്രശ്നമുണ്ടോ? അഭിനയം അഭിനയമായി തന്നെ കാണണം. സിനിമയിൽ ഇന്റിമേറ്റ് കഥാപാത്രം ചെയ്യേണ്ടി വന്നാൽ ചെയ്യും.
ഞങ്ങൾ റീൽസ് ചെയ്യുന്നതിന് മുൻപ് ഭാര്യ രേണുവുമായി സംസാരിച്ചിരുന്നു. അവൾക്കെല്ലാം അറിയാം. എല്ലാവർക്കും റീൽ ചെയ്യുന്നത് ഇഷ്ടമാണ്. എന്റെ അമ്മായി അമ്മ റീൽ കണ്ട് എന്നെ വിളിച്ചിരുന്നു. റീൽ കണ്ട് ഞങ്ങൾക്ക് ഒരു തമിഴ് സിനിമയിലേക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ചർച്ച പുരോഗമിക്കുകയാണ്.
രേണുവിന്റെ കൂടി റീൽ ചെയ്യുന്നതിന് മുൻപ് ഞാൻ കുറച്ച് ട്രാൻസ്ജെന്റേഴ്സിന്റെ കൂടെ അഭിനയിച്ചിരുന്നു. അവരൊക്കെ അത്യാവശ്യം അറിയപ്പെടുന്നവരാണ്. അഞ്ജലി അമീറിന്റെ കൂടെയൊക്കെ അഭിനയിച്ച വീഡിയോ മൂന്ന് മില്യൺ കടന്നതാണ്. രേണുവിന്റെ കൂടെ അഭിനയിച്ച വീഡിയോ വിവാദമാകുമെന്ന് ഞാൻ പ്രതീക്ഷിച്ചതാണ്, പക്ഷെ ഇത്രക്ക് പ്രതീക്ഷിച്ചില്ല. രേണു നന്നായി അഭിനയിക്കുന്നയാളാണ്. അല്ലാതെ അഭിനയിക്കാൻ അറിയാത്ത ആളെ പിടിച്ചുകൊണ്ടുവന്ന് അഭിനയിപ്പിച്ചതല്ല, രേണുവിന് അഭിനയിക്കാൻ അറിയുമെന്നത് വീഡിയോയിൽ നന്നായി ഗുണം ചെയ്തിട്ടുണ്ട്.
രേണുവിനെ പിന്തുണക്കുന്ന നിരവധി പേരുണ്ട്. സ്ത്രീകളായാലും പുരുഷൻമാരായാലും. ഞാൻ ആരേയും വെറുപ്പിക്കാതെ പോകുന്നൊരാളാണ് ഞാൻ. ഇലക്ട്രിസിറ്റി ഓഫീസിൽ സീനിയർ സൂപ്രണ്ട് ആയി ജോലി ചെയ്യുന്നൊരാളാണ് ഞാൻ. ജോലിയെ ബാധിക്കാത്ത രീതിയിൽ എന്റർടെയിൻമെന്റ് എന്ന നിലയിൽ മാത്രമാണ് ഞാൻ റീൽസ് ചെയ്യുന്നത്. അല്ലാതെ റീൽസിന് ഫോളോവേഴ്സ് കുറഞ്ഞെന്ന് പറഞ്ഞ് കരയാറില്ല.
താനൊരു ഗസറ്റഡ് ഓഫീസറല്ലേ, എന്തിനാണ് ഈ റീലൊക്കെ ചെയ്യുന്നതെന്ന് ചോദിക്കുന്നവരുണ്ട്, ആര് എന്ത് വേണമെങ്കിലും പറയട്ടെ, നിങ്ങൾ ഇഷ്ടത്തോടെ ചെയ്യൂവെന്ന് പറയുന്നവരും ഉണ്ട്. പലരും പല ടൈപ്പാണ്. എന്നാൽ ഇവരോടൊക്കെ ഞാൻ ദേഷ്യത്തോടെയല്ല പ്രതികരിക്കാറുള്ളത്, ശരി എന്ന മട്ടിലാണ് മറുപടി. വിമർശിക്കുന്നവരോട് മിണ്ടില്ലെന്ന് പറയുന്ന ആളല്ല ഞാൻ', ദാസേട്ടൻ കോഴിക്കോട് പറഞ്ഞു.
അതേസമയം തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്ക് ചുട്ടമറുപടിയാണ് രേണു നൽകുന്നത്. ഇതിനെ കുറിച്ച് രേണുവിന്റെ വാക്കുകൾ ഇങ്ങനെ-' ഇത്രയും നാൾ മിണ്ടാതിരുന്നു, ഇനി മിണ്ടാതിരുന്നാൽ ശരിയാവില്ലെന്ന് മനസിലായി.അങ്ങനെയാണ് പ്രതികരിച്ച് തുടങ്ങിയത്. ചിലതൊക്കെ ഞാൻ കണ്ടില്ലെന്ന് നടിക്കാറുണ്ട്. മറുപടി പോലും അർഹിക്കാത്ത ചില ചോദ്യങ്ങൾ വരാറുണ്ട്. അതിനെയൊക്കെ പാടെ അവഗണിക്കാറാണ് പതിവ്', താരം വ്യക്തമാക്കി.












Click it and Unblock the Notifications