ദുരന്തമെന്ന് പറഞ്ഞ ആ പടം ദിലീപ് വിറ്റത് 30 കോടി രൂപയ്ക്ക്: എന്റെ നിർമാതാക്കള്‍ക്ക് നഷ്ടമില്ല: നാദിർഷ
സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയോ പരിഗണനയോ കിട്ടാത്ത കൂട്ടത്തില്‍പ്പെടുന്ന ആളാണ് താനെന്ന് സംവിധായകനും നടനും ഗാനരചയിതാവുമൊക്കെയായ നാദിർഷ. പെട്ടെന്ന് വരുന്ന ചില ആളുകള്‍ക്ക് ലഭിക്കുന്ന പരിഗണനയൊന്നും ഞങ്ങള്‍ക്ക് ലഭിക്കാറില്ല. അതില്‍ വിഷമം തോന്നിയിട്ടുണ്ട്. സാധാരണ ഗതിയില്‍ എന്തെങ്കിലുമൊക്കെ സോഷ്യല്‍ മീഡിയയില്‍ എഴുതുകയാണെങ്കില്‍ നല്ല കമന്റൊക്കെ വരാറുണ്ട്. എന്നാല്‍ അതേസമയം തന്നെ കരുതിക്കൂട്ടിക്കൊണ്ടുള്ള ആക്രണം ഉണ്ടാകാറുണ്ടെന്നും നാദിർഷ പറയുന്നു.
എന്തുകൊണ്ടാണ് ഇവർ ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. 'അടുത്ത ബോംബ്' എന്നാണ് ചിലരുടെ കമന്റ്. നമ്മുടെ ഏത് പടമാണ് ബോംബ് ആയിട്ടുള്ളത്. അഹങ്കാരം പറയുന്നത് അല്ല. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങിയ സിനിമള്‍ക്ക് ശേഷം തുടങ്ങിയ മേര നാം ഷാജി എന്നിവയൊന്നും അത്ര വിജയകരമായിട്ടുള്ള സിനിമകള്‍ അല്ല. അതേസമയം തന്നെ നിർമ്മാതാവിന് നഷ്ടം വരുത്താത്ത സിനിമകളാണ് അതെല്ലാം.

ദിലീപ് നായകനായ കേശു ഈ വീടിന്റെ നാഥന്‍ ഒടിടി റിലീസ് ആയിരുന്നു. നികുതി കൊടുത്തതിന്റെ പേരില്‍ പറയുകയാണ്, 30 കോടി രൂപയ്ക്കാണ് അതിന്റെ ഒടിടി കച്ചവടം നടന്നത്. ജയസൂര്യ നായകനായ ഈശോയുടെ ചിലവ് നാലരക്കോടിയാണ്. 14 കോടിയുടെ ബിസിനസാണ് ആ ചിത്രത്തില്‍ നടന്നത്. അതും ഒടിടിയായിരുന്നു. മേര നാം ഷാജിയുടെ കാര്യത്തില്‍ പോലും ഞാന്‍ ചെയ്ത് സിനിമകളില്‍ തനിക്ക് അത്യാവശ്യം കാശ് കിട്ടിയ സിനിമ അതാണെന്ന് നിർമ്മാതാവ് പറയുമെന്നും നാദിർഷ വ്യക്തമാക്കുന്നു.
നമ്മുടെ ചെയ്യുന്ന ജോലി ആത്മാർത്ഥമായി ചെയ്യുന്നത് കൊണ്ടാകും നഷ്ടമില്ലാതെ പോകുന്നത്. പണ്ട് ചെയ്ത ഓഡിയോ കാസറ്റ് മുതല്‍ സിനിമ വരെ എനിക്ക് വേണ്ടി കാശ് മുടക്കിയിരിക്കുന്ന ഒരു നിർമ്മാതാവിനും പത്ത് പൈസ കിട്ടാതെ പോയിട്ടില്ല. അതൊന്നും അറിയാതെയാണ് ഇവന്റെ കഴിഞ്ഞ സിനിമ ഇതായിരുന്നു എന്നൊക്കെ പറഞ്ഞുള്ള വിമർശനം. ഏറ്റവും കൂടുതല്‍ പൈസ കിട്ടിയ പടങ്ങളാണ് കഴിഞ്ഞ് പോയത്.
കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയ്ക്ക് പോരായ്മകളുണ്ട്. ഇല്ലായെന്ന് പറയുന്നില്ല, അത്തരം വിമർശനങ്ങളൊക്കെ സ്വീകരിക്കുന്നു. നമ്മള്‍ ചെയ്ത് വെച്ചത് മഹത്തരമാണ് എന്നൊന്നും ഇല്ല. എങ്കിലും നഷ്ടം വരാത്ത സാധനങ്ങളാണ് ചെയ്തിട്ടുള്ളത് എല്ലാം. എന്തെങ്കിലും കാരണം കിട്ടി കഴിഞ്ഞാല്‍ എന്റെ മെക്കിട്ട് കേറുന്ന ആളുകളുണ്ട്. അതുപോലെ തന്നെ എന്നെ പിന്തുണയ്ക്കുന്ന ആളുകളുമുണ്ട്. ആ പിന്തുണയില്ലാതെ നിലനില്‍ക്കാന്‍ കഴിയില്ലെന്നും നാദിർഷ കൂട്ടിച്ചേർക്കുന്നു.
ഞാന്‍ മുഖേന വന്ന ആളുകള്‍ ശ്രദ്ധിക്കപ്പെട്ടു എന്ന് പറയുന്നത് നമ്മുടെ കഴിവ് അല്ല, അവർക്ക് കഴിവുള്ളതുകൊണ്ട് അവർ വന്നു. തുടക്കം ഇട്ടുകൊടുത്തു എന്ന് മാത്രമേയുള്ളു. അത് ഞാന്‍ അല്ലെങ്കില്‍ വേറെ ആളുകള്‍ ചെയ്യും. വരേണ്ടവർ ആണെങ്കില്‍ വരും. പിന്നെ രക്ഷപ്പെട്ട ആളുകളുടെ പേര് അല്ലേ നമുക്ക് അറിയൂ. രക്ഷപ്പെടാത്ത എത്ര പേരുണ്ടെന്നും നാദിർഷ ചോദിക്കുന്നു.












Click it and Unblock the Notifications