മീനാക്ഷിയോടും മഹാലക്ഷ്മിയോടും ഇടപെടുന്നത് സുഹൃത്തിനെ പോലെ,എൻറെ അച്ഛനെ പോലെ അല്ല ഞാൻ; ദിലീപ്
കോഴിക്കോട്: അച്ഛനെ കുറിച്ചും മക്കളോടുള്ള സ്നേഹത്തെ കുറിച്ചുമെല്ലാം വാചാലനായി നടൻ ദിലീപ്. മക്കൾക്ക് വേണ്ടി മാതാപിതാക്കൾ സമയം കണ്ടെത്തണമെന്നും തന്റെ പിതാവ് ചെറുപ്പത്തിൽ തന്നോട് സ്നേഹത്തോടെ പെരുമാറിയിട്ടില്ലെന്നും ദിലീപ് പഞ്ഞു. കോഴിക്കോട് ഗോകുലം പബ്ലിക്ക് സ്കൂളിന്റെ വാർഷികാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു താരത്തിന്റെ വാക്കുകൾ
'നമ്മൾ കുട്ടിക്കാലം ശരിക്കും ആസ്വദിച്ചില്ലല്ലോ എന്ന സങ്കടം ആണ് ഇവിടെ വന്നപ്പോൾ. മനുഷ്യായുസ്സിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന പ്രായമാണ് കുട്ടിക്കാലം. ചില സമയം കുട്ടികളെ കാണുമ്പോൾ ഇവർ വളരാതെ ഇരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട് കാരണം ആ ക്യൂട്ട്നെസ് നഷ്ടപ്പെടാതിരിക്കുമല്ലോ. ഇന്നത്തെ തലമുറയുടെ പ്രത്യേകത എല്ലാ തരത്തിലും വളരെ ടാലന്റഡ് ആണ്. റിയാലിറ്റി ഷോസ് കാണുമ്പൊൾ അന്തം വിട്ടിരുന്ന് പോകും. അതുകാണുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ട് നേരത്തെ സിനിമയിൽ വന്നത് നന്നായി ഇല്ലെങ്കിൽ എന്ത് ചെയ്തേനെയെന്ന്.

കുട്ടികളോട് പറയാനുള്ളത് ഈ പ്രായം പരമാവധി എൻജോയ് ചെയ്യുക എന്നതാണ്. ഇന്ന് ഇന്ത്യയിൽ നിന്നു ഏറ്റവും കൂടുതൽ കയറ്റി അയയ്ക്കപ്പെടുന്നത് നമ്മുടെ തലച്ചോറാണ്. അത്രയും കഴിവുള്ള ആളുകൾ ഇവിടെ നിന്നും പോകുകയാണ്. അതിൽ മാത്രമാണ് ഒരു സങ്കടം. പോകുന്ന ആളുകൾ ഇങ്ങോട്ട് വരുന്നില്ല, അതാണ് പുതിയ തലമുറയിൽ കാണുന്നത്. മുൻപൊക്കെ പുറത്തുപോയി പഠിച്ചാലും നാടിനെ സേവിക്കാനായി അവർ തിരിച്ചു വരാറുണ്ട്.. നമ്മുടെ ഭാവി തലമുറയിലും അത്തരമൊരു ചിന്താഗതി ഉണ്ടാകണം. അപ്പോഴാണ് നമ്മുടെ നാട്, നമ്മുടെ ഭാരതം ലോകത്തിനു മുന്നിൽ ഏറ്റവും ഉന്നതിയിൽ നിൽക്കൂകയുള്ളൂ. അതിനുവേണ്ടത് ഭാവിതലമുറയുടെ കഴിവ് തന്നെയാണ്.
ഇന്ന് എല്ലാവിധ സൗകര്യങ്ങളും നമ്മുടെ നാട്ടിലുണ്ട്. ഇവിടെ വന്നപ്പോൾ ഇവിടെയുള്ള കുട്ടികളുടെ സംസാരശൈലിയൊക്കെ എടുത്ത് പറയേണ്ടതാണ്.ഞാനൊക്കെ പഠിച്ചത് ഇംഗ്ലിഷ് മീഡിയത്തിലാണ്. ആരെയും കുറ്റം പറയുന്നതല്ല, അന്നൊക്കെ ഗ്രാമത്തിൽ നിന്നാണ് സ്കൂളില്‍ പോയിരുന്നത്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹത്തിന് ഇംഗ്ലിഷ് മീഡിയത്തില്‍ ചേർത്തു. പക്ഷേ സ്കൂളിൽ പുസ്തകത്തില്‍ മാത്രമാണ് ഇംഗ്ലിഷ് ഉണ്ടായിരുന്നത്. പുസ്തകത്തിൽ വായിക്കുമ്പോൾ മാത്രമാണ് ഇംഗ്ലിഷ് അവർ പറഞ്ഞിരുന്നത്. അധ്യാപകരും അല്ലാത്ത സമയങ്ങളിൽ ഇംഗ്ലിഷിൽ പറയാറില്ല. വീട്ടിൽ ഇംഗ്ലീഷ് സംസാരിക്കാൻ ആളില്ല, പുറത്ത് പോയി പറഞ്ഞാൽ അവൻ വലിയ സായിപ്പാണെന്ന് പറയും. അതുകൊണ്ട് ആ തലമുറ ഇംഗ്ലിഷ് പറയാൻ മടിച്ചു. പക്ഷേ ഇന്ന് അങ്ങനെയല്ല, അതിൽ വളരെ സന്തോഷമുണ്ട്.
ഗോപാലേട്ടൻ എന്നോടു പറഞ്ഞ കാര്യങ്ങളുണ്ട്, കുട്ടികൾക്കുവേണ്ടി സമയം ചിലവഴിക്കണം, അവരെ സുഹൃത്തുക്കളായി കാണാൻ നോക്കണം. എന്റെ ചെറുപ്പത്തിൽ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്, എന്റെ അച്ഛന് എന്നോട് കുറിച്ചു കൂടി സ്വതന്ത്രമായി ഇടപെഴകിക്കൂടെയെന്ന്. കാരണം ഭയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. . പിന്നീട് ഞാൻ സിനിമയിലൊക്കെ വന്നതിനുശേഷമാണ് എന്റെ അച്ഛനെ സുഹൃത്താക്കാൻ ശ്രമിച്ച് ശ്രമിച്ച് സുഹൃത്താക്കി മാറ്റിയത്. സുഹൃത്താക്കി മാറ്റി അടുത്തുവന്നപ്പോഴേക്കും അച്ഛൻ പോയി.
പക്ഷേ ഇന്ന് ഞാനെന്റെ മക്കളെ വളർത്തുന്നത് സുഹൃത്തുക്കളെപ്പോലെയാണ്. കാരണം എന്റെ കുട്ടികൾക്ക് എന്തും എന്നോടുവന്ന് പറയും. നിങ്ങൾക്കെല്ലാവർക്കും എന്റെ മൂത്ത ആളെയും രണ്ടാമത്തെ ആളെയും അറിയാം. അവർക്കൊക്കെ എന്തുതിരക്കിനിടയിലും അവരുടെ കൂടെ കളിക്കുമ്പോഴാണ് നമ്മൾ കൂടുതൽ ചെറുപ്പമാകുന്നത്. എത്ര തിരക്കിനിടയിലും മാതാപിതാക്കൾ അവർക്ക് വേണ്ടി കുറച്ച് സമയം കണ്ടുവെയ്ക്കുക. അത് വലിയ കാര്യം തന്നെയാണ്.
പണ്ടെത്തെ പോലെയല്ല ഇപ്പോഴത്തെ കുട്ടികള്‍ ഭാഗ്യവാന്മാരാണ്. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ എന്നും അടി മേടിക്കുന്ന ആളാണ്. ഇന്നത്തെ അധ്യാപകർ കുട്ടികളുമായി വളരെ അധികം സൗഹൃദം പുലർത്തുന്നവരാണ്. ഭയപ്പെടുത്തുന്നതിനെക്കാൾ സ്നേഹത്തോടെ പറയുന്നത് അവരുടെ മനസിൽ നിൽക്കും. അതുപോലെ എന്തു പ്രശ്നങ്ങൾ വന്നാലും എന്റെ സിനിമകൾ വരുമ്പോൾ കുട്ടികളെ കാണിക്കാൻ ശ്രമിക്കണം. എന്റെ കുറെ സിനിമകൾ വരുന്നുണ്ട്. പത്തിരുപത്തിയെട്ട് വർഷമായിട്ട് വ്യത്യസ്തങ്ങളായ പല വേഷങ്ങൾ ചെയ്തപ്പോഴും നിങ്ങൾ രണ്ടുകയ്യും നീട്ടി സ്വീകരിക്കുകയും എന്നെ പോലൊരു കലാകാരനോടൊപ്പം ഏത് പ്രതിസന്ധിയിലും നിന്ന പ്രിയപ്പെട്ടവരോട് നന്ദി അറിയിക്കുന്നു',ദിലീപ് പറഞ്ഞു.












Click it and Unblock the Notifications