ദിലീപ് അത് ചോദിച്ചത് കാമുകിക്ക് മുൻപിൽ ആളാകാനായിരുന്നു; അത് തന്നെ നടന്റെ ജീവിതത്തിലും സംഭവിച്ചു'
ദിലീപ് ആദ്യമായി നായകവേഷത്തിൽ എത്തിയ ചിത്രമാണ് മാനത്തെ കൊട്ടാരം. സുനിൽ സംവിധാനം ചെയ്ത് ചിത്രം കലാഭവൻ അൻസറും റോബിനും ചേർന്നാണ് രചന നിർവ്വഹിച്ചത്. ഇപ്പോഴിതാ ആ സിനിമ ഷൂട്ടിങ് സമയത്തെ അനുഭവങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് രചിയതാവായ റോബിൻ തിരുമല. മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സിനിമയെ കുറിച്ച് സംസാരിച്ചത്. ദിലീപ് അടക്കം പല താരങ്ങളുടേയും ജീവിതം മാറ്റി മറിച്ച സിനിമയായിരുന്നു അതെന്ന് റോബിൻ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്
'മാനത്തെ കൊട്ടാരം എന്ന സിനിമ ചെയ്യുമ്പോൾ അൽപം പോലും ടെൻഷൻ അനുഭവിച്ചിരുന്നില്ല. ഓരോ സീനിനെ കുറിച്ചും ഒരു ബ്ലോക്കോ, ആശങ്കയോ ഉണ്ടായില്ല. എന്റെയോ അൻസാറിന്റെയോ ഒക്കെ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഈ സിനിമയിലുണ്ടായിരുന്നു.

സിനിമയിൽ ഖുശ്ബുവിനെ കാസ്റ്റ് ചെയ്യുന്നതിന് മുൻപ് ആദ്യം സമീപിച്ചത് ശോഭനയായിരുന്നു. അവരോട് കഥ പറയുകയും അവർക്ക് കഥ ഇഷ്ടമാവുകയും ചെയ്തിരുന്നു. ഡേറ്റിന്‌റെ ക്ലാഷ് വന്നേക്കാമെന്ന് അവർ പറഞ്ഞിരുന്നു.
അന്ന് സിനിമയിൽ കലാഭവൻ ഷിയാസും ഉണ്ടായിരുന്നു. എന്നാൽ ഷിയാസ് ശരിയായില്ല ആ റോളിലേക്ക്. അങ്ങനെ ദിലീപിനൊപ്പം വന്ന നാദിർഷയ്ക്ക് റോൾ നൽകാൻ തീരുമാനിച്ചു. അങ്ങനെ നാദിർഷ വന്ന് നന്നായി ചെയ്തു. മുഴുനീള കഥാപാത്രമായിരുന്നു. ആ സിനിമ ദിലീപിന് മാത്രമല്ല, പലർക്കും ഒരു ബ്രേക്ക് ആയിരുന്നു.
വളരെ ആഘോഷപൂർവ്വമായിരുന്നു മാനത്തെക്കൊട്ടാരത്തിന്റെ ഷൂട്ടിങ് നടന്നത്. ആലുവ പാലസ് ആയിരുന്നു സിനമയുടെ ഷൂട്ടിങ് ലൊക്കേഷൻ. അവിടെയൊക്കെ ജനസഞ്ചയമായിരുന്നു. ഖുശ്ബുവിനെ കാണാൻ മാത്രമല്ല, ദിലീപിന്റെ സ്ഥലം കൂടിയാണ്, നായകനാകുന്ന സിനിമ സ്വന്തം നാട്ടിൽ തന്നെ ഷൂട്ട് ചെയ്യുന്നു, എന്തൊരു ഭാഗ്യമാണത്. സുരേഷ് ഗോപി വരുന്നു, സുരേഷ് ഗോപി ആ സമയത്ത് സൂപ്പർ സ്റ്റാറായി നിൽക്കുന്ന സമയമാണ്. പൂനിലാമഴ പാട്ട് നോർത്ത് റെയിൽവെ സ്റ്റേഷന് ബാക്കിലുള്ള ഒരു ഹോട്ടലിലാണ് അതിന്റെ ഷൂട്ടിങ് ചെയ്തത്.
സിനിമയുടെ ഡബ്ബിങ്ങ് ജോലിയൊക്കെ ചെന്നൈയിൽവെച്ചാണ് നടന്നത്.ആ സമയത്ത് ഒരു സിക്സ് ഫീറ്റ് പോസ്റ്റർ വിരിച്ചിട്ടിരിക്കുകയാണ് . ആൽവിൻ ആന്റണിയാണ് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ. ആ പോസ്റ്റർ അപ്രൂവലിന് വേണ്ടിയാണ് വിരിച്ചിട്ടത്.ഈ സമയത്ത് ദിലീപ് എന്നെ തോണ്ടി, ചോദിച്ചു, ഈ പോസ്റ്ററിന് എത്രയാണ് വിലയെന്ന്. ഞാൻ ആന്റണി ചേട്ടനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു 30 രൂപയൊക്കെ വരുമെന്ന്. ദിലീപ് എന്നോട് പറഞ്ഞു, ഈ പോസ്റ്റർ രണ്ട് മൂന്നെണ്ണം എനിക്കും തരുമോ ഞാൻ പണം തരാമെന്ന്. ആ സമയത്ത് ദിലീപിന് ചെറിയൊരു പ്രണയമുണ്ടായിരുന്നു. പക്ഷെ ആ പെൺകുട്ടി ബഹ്റൈനിലോ മറ്റോ പോയി. ആ പെൺകുട്ടിയുടെ വീടിന് മുന്നിൽ വെക്കാനാണ്. ഭയങ്കര ആഗ്രഹമല്ലേ, സുരേഷ് ഗോപി, ഖുശ്ബു അതിന് തൊട്ടപ്പറത്ത് ദിലീപ്, വലിയ സംഭവമല്ലേ.
ആ പടത്തിലൊരു ഡയലോഗ് ഉണ്ട് ഖുശ്ബു ദിലീപിനോടായി പറയുന്നത്, ദിലീപ്, ദിലീപിന്റെ ഉള്ളിൽ നല്ലൊരു നടനുണ്ട്, എനിക്ക് ഉറപ്പാണ് നീയൊരു സൂപ്പർ സ്റ്റാറാകുമെന്ന്. അത് അക്ഷരംപ്രതി സംഭവിച്ചില്ലേ. ഈ പോസ്റ്റർ ദിലീപ് ആവശ്യപ്പെട്ടപ്പോൾ ആന്റണിയും പറഞ്ഞു, എടാ നിന്റെ വീടിന് മുന്നിലല്ല ഈ ലോകം മുഴുവൻ നിന്‌റെ പോസ്റ്റർ ഒട്ടിക്കുന്ന ഒരു കാലം വരുമെന്ന്. സംഭവിച്ചില്ലേ.
നാദിർഷ നന്നായി അഭിനയിക്കുമെങ്കിലും അയാളുടെ നല്ല മേഖല സംഗീതമാണ്. ആ മേഖലയിൽ തിളങ്ങാൻ കഴിയുന്ന വ്യക്തിയാണ്. നല്ല ഹൃദയശുദ്ധിയുള്ള ആൾകൂടിയാണ്.












Click it and Unblock the Notifications