ദിലീപ് അത് ചെയ്താൽ ആളുകൾ കൂവി വിളിക്കുമെന്ന് പറഞ്ഞു..കാമുകിയെ ഉപേക്ഷിക്കുന്ന ആളാണ്,പക്ഷെ ലവ്വബിളായി';ലാൽ ജോസ്
ദിലീപിന്റെ സിനിമ കരിയറിൽ ബ്രേക്ക് നൽകിയ ചിത്രമാണ് മീശ മാധവൻ. ലാൽ ജോസാണ് ഈ ബ്ലോക്ക് ബസ്റ്റർ ഒരുക്കിയത്. ഇപ്പോഴിതാ ആ സിനിമയിലേക്ക് ദിലീപ് വന്നതിനെ കുറിച്ചും സിനിമ ഹിറ്റായതിന് പിന്നിലെ 'ടെക്നിക്കുകളും' പറയുകയാണ് അദ്ദേഹം. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
മീശ മാധവൻ ചെയ്യുന്ന സമയത്ത് ദിലീപ് ഒരു സ്മോൾ ടൈം ആക്ടർ മാത്രമായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം , മുകേഷ്, ജഗദീഷ് , സിദ്ധിഖ് അങ്ങനെയുള്ള നായകൻമാർ നിറഞ്ഞുനിൽക്കുന്ന സമയമാണത്. സല്ലാപത്തിലാണ് ദിലീപിനോട് ആളുകൾക്ക് കൂടുതൽ ഇഷ്ടമായി തുടങ്ങിയത്. കുടുംബത്തിൻരെ പിന്തുണ ലഭിച്ചു. ആ സിനിമയിൽ നായകനല്ല അവൻ, നെഗറ്റീവ് റോൾ ആണ്, കാമുകിയെ ഉപേക്ഷിക്കുന്ന ആളാണ്. അതിന് മുൻപ് ഞാനും ദിലീപും അസിസ്റ്റന്റ് ഡയറക്ടേഴ്സ് ആയിരുന്നു. ഞാൻ എന്റെ സിനിമ ചെയ്യുമ്പോൾ എപ്പോഴും നായകന്റെ ആളാണ്. ഞാൻ പഴേ കാഴ്ചപ്പാടാണ്, നായിക സുന്ദരിയായി ഇരിക്കണം,നായകൻ എല്ലാ ഹീറോയിസവും ഉള്ള ആളായിരിക്കണം അങ്ങനെയൊരു ചിന്തയാണ്.

മീശമാധവന് ആദ്യം പേര് ഇട്ടിട്ടുണ്ടായിരുന്നില്ല. ആ സമയത്തൊക്കെ മോഹൻലാൽ മീശപിരിച്ച് ദേവാസുരമൊക്കെ ചെയ്ത് നിൽക്കുന്ന സമയമാണ്. രഞ്ജൻ പ്രമോദാണ് സിനിമ എഴുതിയത്. അപ്പോൾ ഞാൻ രഞ്ജനോട് ചോദിക്കുമായിരുന്നു നമ്മുടെ നായകനേയും മീശ പിരിപ്പിച്ചാലോയെന്ന്. അപ്പോൾ രഞ്ജൻ പറഞ്ഞത് ദിലീപ് മീശ പിരിച്ചാൽ ആൾക്കാർ കൂവുമെന്ന്. അവൻ മീശ പിരിച്ചാൽ എന്തോ ഒരു കാര്യം സംഭവിക്കും അത് ഫൺ ആണെങ്കിൽ ആളുകൾക്ക് ഇഷ്ടമാവും എന്ന് ഞാൻ പറഞ്ഞു. തമാശയാക്കിയിട്ടാണ് ദിലീപിന്റെ മീശ പിരിപ്പിച്ചത്. അത്തരം ടെക്നിക്കുകൾ സിനിമയിൽ വർക്കായി. മീശ പിരിക്കുന്നതിന് പ്രത്യേക മ്യൂസിക് തന്നെ ഉണ്ടായി. ദിലീപിനെ കൊണ്ട് മീശപിരിപ്പിക്കുന്നത് ചിന്തിക്കാനെ കഴിയില്ലായിരുന്നു. കാരണം അപ്പുറത്ത് ലാലേട്ടൻ മീശ പിരിച്ച് ഗംഭീരമായി നടക്കുന്ന സമയമാണ്.
എന്തുകൊണ്ടാണ് സംവിധായകർക്ക് കൂടുതൽ പ്രാധാന്യം ഉണ്ടാകുന്നതെന്ന് വെച്ചാൽ ഒരു നല്ല തിരക്കഥയെ ഒരു മോശം സംവിധായകന് നശിപ്പിക്കാൻ പറ്റും. ഒരു മോശം തിരക്കഥയെ ഒരു നല്ല സംവിധായകന് രക്ഷിക്കാനും പറ്റില്ല. അതേസമയം ഒരു ആവറേജ് തിരക്കഥയെ ഒരു സൂപ്പർ ഹിറ്റ് സിനിമയാക്കാൻ സംവിധായകൻ വിചാരിച്ചാൽ പറ്റും. അല്ലെങ്കിൽ ബേസിക് തിരക്കഥയെ ലിഫ്റ്റ് ചെയ്യാൻ സംവിധായകന് സാധിക്കും.
ഞാൻ ക്ലാസ്മേറ്റ്സ് ചെയ്യുന്ന സമയത്ത് അതിലെ നായകൻമാരായി അഭിനയിച്ചവരൊന്നും തന്നെ ആ സമയത്ത് ഹിറ്റ് നൽകിയവരല്ല. പലരും പരാജയം നേരിട്ട് നിൽക്കുന്നൊരു സമയമായിരുന്നു. ആദ്യ ദിവസം ആദ്യ ഷോക്ക് 40 ശതമാനം കളക്ഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് കഴിഞ്ഞപ്പോൾ 80 ആയി, സെക്കന്റ് ഷോ ആയപ്പോഴേക്കും ആളുകളെത്തി. സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്തും മൗത്ത് പബ്ലിസിറ്റിയിലൂടെ സിനിമ ആളുകളിലേക്ക് എത്തി.
എന്റെ സിനിമകൾ പൊതുവെ ഞാൻ പ്രിവ്യൂ കാണിക്കാറില്ല. പേടിയാണ്, ആകെ ഒരു സിനിമയ്ക്ക് മാത്രമേ പ്രിവ്യൂ കാണിച്ചുള്ളൂ, ആദ്യ സിനിമയായ മറവത്തൂർ കനവിന്. ചെന്നൈയിലായിരുന്നു സിനിമയുടെ വർക്കൊക്കെ നടന്നത്. പക്ഷെ സിനിമ ചെന്നൈയിൽ റിലീസ് ചെയ്യുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് അവിടുത്തെ സിനിമക്കാർക്ക് വേണ്ടി സിനിമയുടെ പ്രിവ്യൂ കാണിച്ചു. സിനിമ കാണാൻ എത്തിയത് ചെങ്കീരികളായിരുന്നു. പഴയ ഡയറക്ടേഴ്സ്, പ്രൊഡ്യൂസേഴ്സ്, താരങ്ങളൊക്കെയായിരുന്നു. ഞാൻ പക്ഷെ അവിടെ നിന്നില്ല, ഞാൻ അവിടെ നിന്ന് മുങ്ങി. സിനിമയെ കുറിച്ച് നല്ല അഭിപ്രായമാണ് കിട്ടിയത്. നല്ല തിരക്കഥയാണൊന്നൊക്കെ പറഞ്ഞു. നല്ല തിരക്കഥ ആവാതിരിക്കില്ലില്ലോ, ശ്രീനി ചേട്ടനാണ് സിനിമയുടെ തിരക്കഥ', ലാൽ ജോസ് പറഞ്ഞു.












Click it and Unblock the Notifications