ദിലീപേട്ടൻ കാരവാൻ തുറന്നപ്പോൾ കണ്ടത്...ഉടൻ തന്നെ എന്നെ വിളിച്ചു'; ധർമ്മജൻ പറയുന്നു
കൊച്ചി: നടൻ ദിലീപുമായി വളരെ അടുത്ത ആത്മബന്ധം പുലർത്തുന്ന താരമാണ് ധർമ്മജൻ ബോൾഗാട്ടി. ദിലീപിന്റെ പാപ്പി അപ്പച്ചൻ എന്ന സിനിമയിലൂടെയാണ് ധർമ്മജന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് ദിലീപിന്റെ കൂടെ നിരവധി ചിത്രങ്ങളിൽ ധർമ്മജൻ വേഷമിട്ടിട്ടുണ്ട്. തനിക്ക് അദ്ദേഹം സഹോദര തുല്യനാണെന്ന് ധർമ്മജൻ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ദിലീപിനൊപ്പം ആദ്യ സിനിമ ചെയ്യുമ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് ധർമ്മജൻ. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ധർമ്മജന്റെ വാക്കുകളിലേക്ക് -'ഞാൻ ആദ്യമായി അഭിനയികുന്ന പടമാണ്. ദിലീപേട്ടനാണ് നായകൻ. ഷൂട്ടിങ്ങിന്റെ നാലാം ദിവസമാണ്. ഞാനും ഇന്നസെന്റ് ചേട്ടനും ദിലീപേട്ടനുമൊക്കെ അഭിനയിച്ച് നിൽക്കുകയാണ്. സീനെടുത്തോണ്ട് നിൽക്കുമ്പോൾ അസോസിയേറ്റ് എഡിറ്റർ പറഞ്ഞു ഇനി കുറച്ച് സമയത്തേക്ക് ധർമ്മജൻ ഇല്ല മാറിക്കോയെന്ന്. ഞാനങ്ങനെ അവിടെ നിന്ന് മാറി. നടന്ന് പോകുമ്പോൾ ഒരു കാരവാൻ അവിടെ കിടപ്പുണ്ട്. ഞാൻ ജൻമത്തിൽ ഇതുവരെ കാരവാൻ ഇവിടെ കണ്ടിട്ടില്ല. കേട്ടിട്ട് മാത്രമേയുള്ളൂ. ഈ കാരവന്റെ അടുത്ത് പോകുമ്പോൾ അവിടെയൊരു തമിഴ് പയ്യനുണ്ട്. ഞാൻ വലിയ നായകന്റെ കൂടെയൊക്കെ അഭിനയിക്കുന്നത് അവൻ കാണുന്നുണ്ടല്ലോ. ഞാൻ കാരവാന് അടുത്തെത്തിയപ്പോൾ അവൻ എനിക്ക് അത് തുറന്ന് തന്നു, ഞാൻ അതിനകത്തേക്ക് കയറി. തൊടുപുഴയിലെ ഡാം ഏരിയയിലായിരുന്നു ഷൂട്ടിങ്ങ്.

തലേന്ന് ഒരു പരിപാടി ഉള്ളതിനാൽ ഉറക്കമൊക്കെ പ്രശ്നമായിരുന്നു. ഞാൻ ഉള്ളിൽ കയറി നല്ല തണുപ്പൊക്കെ ഉണ്ടല്ലോ, അങ്ങനെ ഞാൻ കിടന്ന് ഉറങ്ങിപ്പോയി. പെട്ടെന്ന് എന്റെ ആവശ്യമുള്ള സീൻ വന്നു. നാല് പാടും ആളുകൾ ഓടുകയാണ് എന്നെ തിരഞ്ഞ്. ഡാം ഏരിയ ആയതിനാൽ ടോയ്ലെറ്റിൽ പോകാനൊന്നും അവിടെ സൗകര്യമില്ലല്ലോ. അതിന്റെ ആവശ്യത്തിന് എവിടേലും പോയോ എന്നൊക്കെ അന്വേഷിച്ചിച്ച് എല്ലാവരും ഓടുകയാണ്. ആ സമയം ദിലീപേട്ടൻ നിന്ന് മടുത്തു. അങ്ങനെ ആള് പറഞ്ഞു ഇനി അവൻ വന്നിട്ട് ആവട്ടെ ഞാൻ വിശ്രമിക്കട്ടേയെന്ന്. എന്നിട്ട് അദ്ദേഹം കാരവാനിലേക്ക് വന്നു. കാരവാൻ തുറന്ന് നോക്കുമ്പോൾ ഞാൻ അതിനുള്ളിൽ സുഖമായി കിടന്നുറങ്ങുകയാണ്. പുള്ളി എന്നെ തട്ടിവിളിച്ചു. എടാ നിന്നെ അന്വേഷിച്ച് എല്ലാവരും നടക്കുകയാണ്. നീന്ന് വന്നേ എന്ന് പറഞ്ഞു. അന്ന് തുടങ്ങിയ സഹോദര സ്നേഹമാണ്. ഇപ്പോഴും അത് തുടരുന്നുണ്ട്.
പാപ്പി അപ്പച്ചനായിരുന്നു എന്റെ ആദ്യ പടം. ആ സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ മൂന്ന് പേർക്ക് ഞാൻ ചാൻസ് വാങ്ങിക്കൊടുത്തിരുന്നു. ഈ സമയത്ത് ഇതിലൊരാൾ നിരന്തരം സെറ്റിൽ വരുമായിരുന്നു. ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം കൂടെ വരും. ഒരു ദിവസം ദിലീപേട്ടൻ വിളിച്ചിട്ട് ചോദിച്ചു. ഡാ അവന് ഒരു റോൾ ഉണ്ട്. അവനെ വിളിക്കെന്ന്. ഞാനും ഏലൂർ ജോർജ് ചേട്ടനും കൂടി ഇവനെ തപ്പി നടന്ന് കാണാനില്ല.എന്നാ പോട്ടെ എന്ന് പറഞ്ഞ് വേറൊരാൾക്ക് ആ റോൾ കൊടുത്തു. കുറച്ച് കഴിയുമ്പോൾ അവൻ വന്നു. നീ എവിടെയായിരുന്നുവെന്ന് ചോദിച്ചപ്പോൾ ഉപ്പുസോഡ കുടിക്കാൻ പോയതാണെന്ന്. അത്രയും നേരം നമ്മുടെ കൂടെയിരുന്ന് ഭക്ഷണം കഴിച്ചയാളാണ്. എന്ത് ചെയ്യാൻ ചാൻസ് പോയില്ലേ',ധർമ്മജൻ പറഞ്ഞു.












Click it and Unblock the Notifications