ദിലീപ് ഇനി അമ്മയിലേക്ക് വരില്ല, ജയിലിൽ പോയപ്പോഴും അക്കാര്യം നടന് നിർബന്ധമായിരുന്നു';ദേവൻ
നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് നടൻ ദിലീപിനെ അമ്മയിൽ നിന്നും പുറത്താക്കിയത് സംഘടനയുടെ ബൈലോ പ്രകാരം ആയിരുന്നില്ലെന്ന് നടൻ ദേവൻ. ബാഹ്യസമ്മർദ്ദങ്ങളെ തുടർന്നാണ് അത്തരമൊരു തീരുമാനം കൈക്കൊണ്ടേത്. എന്നാൽ ദിലീപ് ഇനി അമ്മയിലേക്ക് തിരികെ വരേണ്ടെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ദേവൻ പറഞ്ഞു. അതിന് കാരണവും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ദേവൻ വ്യക്തമാക്കി.
'ദിലീപ് അമ്മയിലേക്ക് വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. മറ്റൊന്നും കൊണ്ടല്ല, ദിലീപിനെ മനസിലാക്കാൻ നമ്മൾ ശ്രമിച്ചിട്ടില്ല.അയാളുടെ നൻമകളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അയാൾക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം ഇതുവരേയും തെളിയിക്കപ്പെട്ടിട്ടില്ല. 7 വർഷമായി കേസ് നടക്കുന്നു. ദിലീപിനെതിരെ തെളിവുണ്ടെങ്കിൽ എന്തിനാണ് ഇത്രയും വർഷം? അതിനർത്ഥം പോലീസിനും പ്രോസിക്യൂഷനും ദിലീപിനെതിരെ ഒരു തെളിവും സമർപ്പിക്കാൻ സാധിച്ചിട്ടില്ലെന്നല്ലേ?

പലരേയും സഹായിക്കുന്ന ആളാണ് ദിലീപ്. മാസം മാസം ഇയാളുടെ പണം ഓരോരുത്തരുടേയും വീടുകളിലെത്തും. ജയിലിനകത്ത് പോയപ്പോഴും ഇത്തരം സഹായങ്ങൾക്ക് യാതൊരു മുടക്കവും സംഭവിക്കരുതെന്ന് ദിലീപിന് നിർബന്ധമായിരുന്നു. എത്രപേർക്ക് ഇത് സാധിക്കും? ഇതിനർത്ഥം ദിലീപിന്റെ നൻമ നമ്മൾ മനസിലാക്കിയില്ലെന്നല്ലേ. മാധ്യമങ്ങളും പ്രേക്ഷകരും ഇതൊന്നും മനസിലാക്കുന്നില്ല. ഞാൻ അമ്മയിലേക്ക് വരില്ലെന്ന് ദിലീപ് പറയുന്നതിന് കാരണം അയാളെ മനസിലാക്കാത്ത ഇടത്തേക്ക് അയാൾ എന്തിന് വരണമെന്ന ചിന്തയാണ്.
ദിലീപ് അത്രമാത്രം വേദനിച്ചിട്ടുണ്ട്. കുറ്റം ആദ്യം തെളിയിക്കപ്പെടട്ടെ, എന്നിട്ട് ശിക്ഷിക്കുന്നെങ്കിൽ ശിക്ഷിക്കട്ടെ, അതൊന്നും പ്രശ്നമല്ല. മറിച്ച് ദിലീപിനെ ഇങ്ങനെ ടോർച്ചർ ചെയ്തോണ്ടിരിക്കുകയാണ്. ദിലീപിന്റെ കുടുംബം,അമ്മ അവരെ കുറിച്ചൊക്കെ ആലോചിക്കേണ്ടേ?',ദേവൻ പറഞ്ഞു.
മോഹൻലാലിന്റെ രാജി അമ്മ സംഘടനയിലെ എല്ലാവരേയും വിഷമത്തിലാഴ്ത്തിയിരുന്നുവെന്നും ദേവൻ പറഞ്ഞു. 'എല്ലാവരും അദ്ദേഹത്തോട് അപേക്ഷിച്ചു, ലാലേട്ട പോകരുതെന്ന് പറഞ്ഞു. എന്നാൽ ഇനി താനില്ലെന്ന് അഡമെന്റായിരുന്നു ലാൽ. അതിന് പ്രധാന കാരണം ഹേമകമ്മിറ്റി റിപ്പോർട്ട് തന്നെയായിരുന്നു. റിപ്പോർട്ട് വന്നപ്പോൾ അമ്മയുടെ പ്രസിഡന്റ് കൂടിയായ മോഹൻലാൽ അതിന് ഉത്തരം പറയാൻ ബാധ്യസ്ഥനായി. മാധ്യമങ്ങൾ മുഴുവൻ അദ്ദേഹത്തെ കോർണർ ചെയ്തു. ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു. അത് അദ്ദേഹത്തെ വേദനിപ്പിച്ചു. അമ്മയിൽ നിന്നുള്ള മോഹൻലാലിന്റെ മാറ്റം അദ്ദേഹത്തിന് ഒരു ഡിസാസ്റ്റർ തന്നെയായിരുന്നു. അതിന് ശേഷമാണ് ജനാധിപത്യം തലപൊക്കുന്നത്. ഇപ്പോൾ ജനാധിപത്യമുണ്ട്., തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. 74 പേരായിരുന്നു ആദ്യ ഘട്ടത്തിൽ നോമിനേഷൻ കൊടുത്തത്. അത് തന്നെയാണ് അമ്മയിൽ ജനാധിപത്യം ഉണ്ടെന്നതിന് തെളിവ്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ആയപ്പോൾ 72 പേരും പത്രിക പിൻവലിച്ചു. അതും ജനാധിപത്യം തന്നെ. അമ്മയിൽ ജനാധിപത്യം നടപ്പാകുന്നതിന്റെ ആദ്യഘട്ടമാണ് ഇത്, തുടക്കമാണ്', ദേവൻ പറഞ്ഞു.
'അമ്മയിലെ അംഗങ്ങൾ ബൈലോ പഠിക്കണം. പലരും ഇതൊന്നും അറിയാതെയാണ് പൊതുസമൂഹത്തിന് മുൻപിൽ പരാതിപറയുന്നത്. ഇത് അനാവശ്യ തെറ്റിധാരണ ഉണ്ടാകാൻ കാരണമാകുന്നുണ്ട്. അമ്മയിൽ 127 പേർക്ക് കൈനീട്ടം കൊടുക്കുന്നുണ്ട്. അവർക്ക് വോട്ടവകാശം ഉണ്ട്, എന്നാൽ മത്സരിക്കാൻ അവകാശം ഇല്ല. അത് എന്ത് ന്യായമാണ്? ഇതൊരു തരംതാഴ്ത്തൽ അല്ലേ? അമ്മയുടെ സ്ഥാനത്ത് എത്തിയാൽ ബൈലോയിൽ മാറ്റം വരുത്തി ഇതൊക്കെ മാറ്റും.
പലർക്കും വോട്ട് ചെയ്യാൻ താത്പര്യം ഉണ്ടായിട്ടും അവർക്ക് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമുണ്ട്. അങ്ങനെയുള്ളവർക്കായി പോസ്റ്റൽ വോട്ട് ഏർപ്പെടുത്തും. അമ്മയുടെ ഓഫീസിലെ ഭരണപരമായ കാര്യങ്ങൾ ശരിയായ നിലയ്ക്കല്ല പ്രവർത്തിക്കുന്നത് എന്ന പരാതി എനിക്ക് ലഭിച്ചിട്ടുണ്ട്. ഉയർന്ന പ്രൊഫഷണൽ രീതിയിലുള്ള പ്രവർത്തനത്തിലേക്ക് സംവിധാനങ്ങൾ മാറ്റും', ദേവൻ വ്യക്തമാക്കി.












Click it and Unblock the Notifications