'ദിലീപ് അറസ്റ്റിലായ ദിവസം ഉറങ്ങിയില്ല, വീട്ടുകാര്‍ തളളിപ്പറഞ്ഞു, മക്കള്‍ ഒരാഴ്ച കോളേജില്‍ പോയില്ല': സജി
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റ് മലയാള സിനിമാ ലോകത്തേയും കേരളത്തെ ഒന്നാകെയും ഞെട്ടിച്ച സംഭവമായിരുന്നു. അതുവരേയും ദിലീപിന് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് ഉറച്ച് വിശ്വസിച്ചിരുന്നവരെ പോലും ആ അറസ്റ്റ് ഇളക്കി.
കേസിന്റെ തുടക്കം മുതല്‍ ദിലീപ് നിരപരാധിയാണെന്ന് ന്യായീകരിക്കുന്നവരാണ് രാഹുല്‍ ഈശ്വറിനേയും സജി നന്ത്യാട്ടിനേയും പോലുളളവര്‍. ദിലീപ് ജയിലിലായപ്പോള്‍ താനും തറയില്‍ കിടന്നാണ് ഉറങ്ങിയിരുന്നതെന്ന് നടന്‍ ധര്‍മ്മജന്‍ പറഞ്ഞിരുന്നു. അതുപോലെ അന്നത്തെ ദിവസം താനും ഉറങ്ങിയിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് സജി നന്ത്യാട്ട്.
കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്: '' ദിലീപിന്റെ കേസില്‍ കോടതിയില്‍ നിന്ന് വലിയ താമസം ഇല്ലാതെ വിധി വരും. 2000ത്തോളം തെളിവുകള്‍, 261 സാക്ഷികള്‍ ഒക്കെ ഉണ്ട്. ഒരാളെ ശിക്ഷിക്കാന്‍ ഒരു തെളിവ് മതി. സാമാന്യ ബുദ്ധിയുളളവര്‍ക്ക് അറിയാം, ഒരാളെ ശിക്ഷിക്കാന്‍ ഒരു സാക്ഷി മതി. ഈ കേസില്‍ ഇത്രയും സാക്ഷികളും ഇത്രയും ശാസ്ത്രീയ തെളിവുകളും ഉണ്ട്. അതില്‍ തന്നെ ഒരു ദുരൂഹത മണക്കുന്നുണ്ട്.

തന്റെ വിശ്വാസം ദിലീപ് ഈ കേസില്‍ നൂറ്റൊന്ന് ശതമാനം നിരപരാധിയാണ് എന്ന് വിധി വരും. അന്ന് താന്‍ ചാനലില്‍ വരും. ചില കാര്യങ്ങള്‍ പറയും. ഉഗ്രന്‍ സാധനങ്ങളാണ്.. ഇത്രയും നാള്‍ ചില കാര്യങ്ങള്‍ പൊതുമധ്യത്തില്‍ പറയാന്‍ ചില പരിമിതികളുണ്ട്. കോടതിയില്‍ നിക്കുന്ന കാര്യങ്ങള്‍ പറയുമ്പോള്‍ പരിമിതികളുണ്ട്. മാത്രമല്ല സ്ത്രീകള്‍ക്ക് എതിരെയുളള കാര്യങ്ങള്‍ പറയുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ നമ്മള്‍ കുരുങ്ങും. വിധി വരുന്ന അന്ന് പറയും എന്തുകൊണ്ടാണ് ദിലീപ് ഈ കേസില്‍ എങ്ങനെ അകപ്പെട്ടു എന്നത്.
എറണാകുളത്ത് വെച്ച് നിര്‍മ്മാതാക്കളും വിതരണക്കാരും ഒക്കെയുളള യോഗത്തില്‍വെച്ചാണ് യഥാര്‍ത്ഥ സംഭവം എന്താണെന്ന് മനസ്സിലായത്. അന്ന് ഈ സംഭവം കത്തി നില്‍ക്കുകയാണ്. യോഗം ചേരുന്ന ഹാളിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ കാത്ത് നില്‍ക്കുന്നുണ്ട്. താന്‍ പുറത്തേക്ക് ചെന്ന് പൊട്ടിത്തെറിച്ച് കാര്യങ്ങള്‍ പറഞ്ഞു. അന്ന് വൈകിട്ട് തന്നെ ചാനലുകള്‍ ചര്‍ച്ചയ്ക്ക് വിൡു. അതിന് ശേഷം ഒരു യാത്ര ആയിരുന്നു. ദിവസം 8 മണിക്കൂറോളമൊക്കെ ആയിരുന്നു ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് കൊണ്ടിരുന്നത്.
ദിലീപ് അറസ്റ്റിലായ ദിവസം തനിക്ക് ഉറക്കം വന്നില്ല. കാരണം അത് വരെ ഈ വിഷയത്തില്‍ തനിക്കൊപ്പം നില്‍ക്കണോ വേണ്ടയോ എന്ന് സംശയിച്ച് നിന്ന വീട്ടുകാര്‍ അന്ന് തന്നെ തള്ളിപ്പറഞ്ഞു. തന്റെ രണ്ട് ആണ്‍ മക്കള്‍ ഒരാഴ്ച കോളേജില്‍ പോയില്ല. കാരണം സജി നന്ത്യാട്ടിന്റെ മക്കളല്ലേ എന്ന ചോദ്യം കാരണം. അന്ന് വൈകിട്ട് ചാനലുകാര്‍ മൊത്തം തന്നെ വാരി അലക്കുകയായിരുന്നു. അലുമിനിക്കലത്തിന്റെ മേലെ പാണ്ടിലോറി കയറിയ അവസ്ഥ ആയിരുന്നു തന്റെത്.
തന്റെ വ്യക്തിപരമായ ഒരു പ്രശ്‌നം അല്ലാതിരുന്നിട്ട് കൂടി അത് തന്നിലേക്ക് ആവാഹിച്ചു. അന്ന് തനിക്ക് ഉറക്കം വന്നില്ല.ദിലീപിന് പോലും അത്ര പ്രശ്‌നം ഉണ്ടായിട്ടുണ്ടാവില്ല. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട രാത്രി ഭയങ്കരം ആയിരുന്നു. പക്ഷേ ഇക്കാര്യം ദിലീപിനോട് പോലും പറഞ്ഞിട്ടില്ല. ഇടയ്ക്ക് കാണാറുണ്ട്, അടുത്ത് നില്‍ക്കാറുണ്ട്. പക്ഷേ ഇതുവരെ ഇതൊന്നും പറഞ്ഞിട്ടില്ല. പറയേണ്ട കാര്യമില്ല. പറയുന്നത് എന്തെങ്കിലും കിട്ടാനായിരിക്കണം. അതിന്റെ ആവശ്യമില്ല. അദ്ദേഹം മനസ്സിലാക്കുന്നെങ്കില്‍ മനസ്സിലാക്കട്ടെ. ആരില്‍ നിന്നും നമുക്ക് നന്ദിയൊന്നും പ്രതീക്ഷിക്കാനില്ല.
ദിലീപിന്റെ ഹോട്ടലുകള്‍ അടിച്ച് പൊട്ടിച്ചത് പോലെ തന്റെ കോളേജിന്റെ പരസ്യ ബോര്‍ഡുകള്‍ നശിപ്പിച്ച് കളഞ്ഞു. ഇതൊന്നും ആരോടും പറഞ്ഞിട്ടില്ല. ആരുടെ സഹതാപവും ആവശ്യമില്ല. നമ്മളുടെ ജീവിതം ചെറുതാണ്. അതില്‍ ഒന്ന് അടയാളപ്പെടുത്തിപ്പോകുക എന്നതാണ്, സത്യം പറയുക എന്നതാണ്'', സജി നന്ത്യാട്ട് പറഞ്ഞു.












Click it and Unblock the Notifications