'ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഒരു പേജ് മൊത്തം എന്നെക്കുറിച്ച്, മഞ്ജുവിനായി ഗൂഢാലോചന', പ്രതികരിച്ച് ശ്രീകുമാർ
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ തന്നെ കുടുക്കിയതാണ് എന്നാണ് എട്ടാം പ്രതിയായ നടൻ ദിലീപ് ആരോപിക്കുന്നത്. മഞ്ജു വാര്യരും ശ്രീകുമാർ മേനോനും അടക്കമുളളവർ ഗൂഢാലോചന നടത്തിയാണ് ദിലീപിനെ കേസിൽ പെടുത്തിയത് എന്നാണ് പ്രതിഭാഗം വാദിക്കുന്നത്. ഇതിന്റെ പേരിൽ ദിലീപ് അനുകൂലികൾ സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർക്കും ശ്രീകുമാർ മേനോനും എതിരെ തിരിഞ്ഞു.
നടിയെ ആക്രമിച്ച കേസുമായി മഞ്ജു വാര്യർക്കോ ശ്രീകുമാർ മേനോനോ ബന്ധമില്ലെന്നാണ് ഒന്നാം പ്രതിയായ പൾസർ സുനി റിപ്പോർട്ടർ ടിവിയുടെ സ്റ്റിംഗ് ഓപറേഷനിൽ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സംഭവത്തിന്റെ പേരിലാണ് താൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഒടിയൻ തകർക്കാൻ ആസൂത്രിത ശ്രമം നടന്നത് എന്ന് ശ്രീകുമാർ മേനോൻ ആരോപിക്കുന്നു. റിപ്പോർട്ടർ ടിവിയോടാണ് പ്രതികരണം.

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ ആശ്വാസകരവും സന്തോഷകരവും ആണെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ഈ കാര്യത്തിലേക്ക് തന്റെ പേര് വലിച്ചിഴക്കപ്പെട്ടതാണ്. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഒരു പേജ് മുഴുവന്‍ എഴുതിയിരിക്കുന്നത് തന്നെ കുറിച്ചാണ്, താന്‍ നടത്തിയ ഗൂഢാലോചനയെ കുറിച്ചാണ്. അതെല്ലാം ഒരു കാലത്ത് ഒരുപാട് മാധ്യമങ്ങളില്‍ വാര്‍ത്തകളായും ചര്‍ച്ചകളായുമെല്ലാം വന്നിട്ടുണ്ട്. തന്നെ മാനസികമായും കരിയറിനേയും ബാധിച്ച വിഷയമാണെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
ഒരു അഭിമുഖത്തില്‍ ദിലീപ് തന്നെപ്പറ്റി വ്യക്തമായ സൂചനയോടെ സംസാരിച്ചിരുന്നു. താന്‍ മുംബൈയില്‍ പത്രമാഫിയയുമായി ബന്ധപ്പെട്ടാണ് ഈ ഗൂഢാലോചന നടത്തിയത് എന്നും മഞ്ജു വാര്യര്‍ക്ക് വേണ്ടിയാണ് ഈ ഗൂഢാലോചന നടത്തിയത് എന്നെല്ലാം ദിലീപ് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇങ്ങനെയൊരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ വലിയ ആശ്വാസം ഉണ്ടെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.
ഇതിന്റെ പേരില്‍ തന്നെയാണ് തന്റെ സിനിമ പോലും ആക്രമിക്കപ്പെട്ടത്. ഇന്ന് ആസൂത്രിതമായ ഡീഗ്രേഡിംഗ് സിനിമകള്‍ക്ക് എതിരെ നടക്കുന്നുണ്ട് എന്നുളളത് സിനിമയിലെ പ്രമുഖരും പ്രേക്ഷകരും പത്രമാധ്യമങ്ങളും എല്ലാം സമ്മതിക്കുന്ന കാര്യമാണ്. പക്ഷേ അതിന്റെ ആദ്യത്തെ ഇരയായിരുന്നു താന്‍. ഒടിയന്‍ റിലീസ് ചെയ്ത് ആദ്യത്തെ 15 മിനുട്ട് കഴിയുമ്പോള്‍ തന്നെ ക്ലൈമാക്‌സ് മോശം എന്ന് പറഞ്ഞ് കമന്റുകള്‍ വന്നിരുന്നു.
ആദ്യത്തെ ഷോ കഴിഞ്ഞപ്പോള്‍ പതിനായിരക്കണക്കിന് കമന്‌റുകള്‍ ആണ് ഫേസ്ബുക്കില്‍ വന്ന് നിറഞ്ഞത്. താന്‍ അന്വേഷണത്തില്‍ മനസ്സിലാക്കിയത് പത്ത് മുപ്പത് പേര്‍ ഒരു ലാപ്‌ടോപുമായി വിവിധ സ്ഥലങ്ങളിലിരുന്ന് സിനിമയെ സംഘടിതമായി ഡീഗ്രേഡ് ചെയ്യുകയായിരുന്നു. ആദ്യത്തെ ദിവസത്തെ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ ഒടിയന് എതിരെ വന്നത് മോശമെന്ന് പറഞ്ഞ് കൊണ്ടുളള ഏകദേശം എഴുപത്തിയാറായിരം കമന്റുകള്‍ ആയിരുന്നു. എന്നിട്ടും അതിനെ ഫലപ്രദമായി അതിജീവിച്ചിട്ടാണ് ഒടിയന്‍ 100 ദിവസം തികച്ചത്.
ദിലീപിനെ ആരാണ് പറഞ്ഞ് വിശ്വസിപ്പിച്ചത്, എന്തുകൊണ്ടാണ് തനിക്കെതിരെ നിലപാട് സ്വീകരിച്ചത് എന്ന് അറിയില്ല.ഒരുപക്ഷേ മഞ്ജു വാര്യരുടെ കരിയറില്‍ താന്‍ ഉണ്ടാക്കിയ ഇംപാക്ടോ അല്ലെങ്കില്‍ അവരുടെ പ്രൊഫഷനില്‍ കൂടെ നിന്നതിന്റെ കാര്യമാണോ എന്ന് അറിയില്ല. പക്ഷേ അതിന്റെ പേരില്‍ ഇത്രയും കൊല്ലം താന്‍ കേട്ടപഴിക്ക് ഇപ്പോള്‍ ഇങ്ങനെയൊരു ക്ലാരിറ്റി വന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.












Click it and Unblock the Notifications