Get Updates
Get notified of breaking news, exclusive insights, and must-see stories!

ബേസിലിന് കൃത്യമായ മറുപടി നല്‍കി മുഖ്യമന്ത്രി: വിവാദ വിഷയം നേരിട്ട് ചോദിച്ച് അനശ്വര രാജനും

യുവജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ ആദ്യ ചോദ്യവുമായെത്തിയത് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. പക്വതയുള്ള രാഷ്ട്രീയബോധം വെച്ചുപുലർത്തുന്ന യുവതലമുറയെ എങ്ങനെ സൃഷ്ടിക്കാനാവും എന്നായിരുന്നു ബേസിലിന്റെ ചോദ്യം. കോളേജിൽ ചേർന്നപ്പോൾ രക്ഷിതാക്കൾ ഉപദേശിച്ചത് ഒരു കാരണവശാലും രാഷ്ട്രീയത്തിൽ ചേരരുത്, ചേർന്നാൽ വഴിപിഴച്ചുപോകും എന്നാണ്. എന്നാൽ രാഷ്ടീയത്തിൽ ചേർന്ന താൻ കൂടുതൽ മെച്ചപ്പെട്ട വ്യക്തിയായി മാറുകയാണ് ചെയ്തതെന്നും ബേസിൽ പറഞ്ഞു.

തുടർന്ന് ഈ ഒരു സാഹചര്യത്തിൽ യുവാക്കളെ രാഷ്ട്രീയബോധമുള്ളവരാക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയായിരുന്നു മുഖ്യമന്ത്രിയോടുള്ള അദ്ദേഹത്തിന്റെ ചോദ്യം. രാഷ്ട്രീയത്തിലൂടെയാണ് നല്ല യുവതയെ സമൂഹത്തിന് സംഭാവന ചെയ്യാൻ സാധിക്കുകയെന്ന് മുഖ്യമന്ത്രി മുറുപടി നൽകി.

basil-anaswar

രാഷ്ട്രീയത്തിലും ജീർണതകൾ ബാധിച്ചവരുണ്ട്, അതിനാലാണ് രാഷ്ട്രീയമാകെ മോശമാണ് എന്ന ചിന്ത ആളുകളിലുണ്ടാവുന്നത്. വിദ്യാർഥി രാഷ്ട്രീയമില്ലാത്ത കലാലയങ്ങളിൽ പല ദൂഷ്യങ്ങളുമുണ്ടാകും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുമ്പോൾ നല്ല വ്യക്തികളാവാനാണ് എല്ലാവരും ശ്രമിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐഎഫ്എഫ്കെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കാൻ സാധിക്കുമോ എന്നതായിരുന്നു അനശ്വരയുടെ ചോദ്യം. ഈ ഒരു ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നെങ്കിലും വലിയ വിവാദങ്ങളും അന്ന് തന്നെ ഉണ്ടായിരുന്നു. എങ്കിലും അത്തരമൊരു ചോദ്യം അനശ്വര ചോദിച്ചുവെന്നതാണ് ശ്രദ്ധേയം. നിർദേശം നല്ലതാണെങ്കിലും ചില പ്രായോഗിക പ്രശ്നങ്ങളുണ്ട്. അതിനാൽ സമഗ്രമായ പരിശോധനകൾക്ക് ശേഷം വിഷയത്തിൽ തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം യുവാക്കൾ നാടിന്റെ മുഖമാണെന്നും അവരുടെ മുഖം വാടാതെ നോക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുവാക്കളുടെ മുഖം വാടിയാൽ വരും തലമുറകളുടെ കാര്യമാകെ ഇരുളിലാകും. അതു സഹിക്കാൻ കഴിയുന്നതല്ല. അതുകൊണ്ടുതന്നെ യുവാക്കൾക്ക് ഏറ്റവും വലിയ കരുതൽ സർക്കാരിൽ നിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുമായി നന്നായി ഇടപഴുകുന്നവരാണ് ഇന്നു സർക്കാരിലുള്ളതെന്നും യുവാക്കൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഏകദേശ ധാരണ സർക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അവയൊക്കെ മനസ്സിൽ വെച്ചുകൊണ്ടു തന്നെയാണ് സർക്കാർ നീങ്ങുന്നത്. ഒരു വിഭാഗത്തെയും കൈവിടില്ല. എല്ലാ വിഭാഗത്തെയും ഉൾച്ചേർത്തുള്ള മുന്നോട്ടുപോക്കാണ് സർക്കാരിന്റെ മനസിലുള്ളത്.

യുവജനങ്ങളുടെ അഭിപ്രായങ്ങൾ ഇനിയുള്ള ഘട്ടങ്ങളിൽ സർക്കാർ നയങ്ങളിലും നിലപാടുകളിലും പ്രതിഫലിക്കുക തന്നെ ചെയ്യും. ചരിത്രത്തെത്തന്നെ മാറ്റിമറിക്കാൻ കഴിയുന്നവരാണു യുവജനങ്ങൾ. ഇന്നത്തെ കാലത്തിന് അനുസൃതമായ സാധ്യതകൾ യുവാക്കൾക്ക് ഒരുക്കിക്കൊടുക്കാനാണു സർക്കാർ ശ്രമിക്കുന്നത്. ഈ ശ്രമത്തിനു കേരളത്തിലെ യുവജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പ്രധാനമാണ്. അവ ഉൾക്കൊണ്ടു മുന്നോട്ടുപോകണമെന്നാണു സർക്കാർ കരുതുന്നത്.

കേരളത്തിന്റെ നേട്ടങ്ങളെ ശക്തിപ്പെടുത്തണമെങ്കിൽ അതിന് അനുവദിക്കുന്ന സാമൂഹിക സാഹചര്യം ശക്തിപ്പെടണം. കേരളത്തിന്റെ മതനിരപേക്ഷ സമൂഹം രാജ്യത്തിനും ലോകത്തിനാകെയും മാതൃകയാണ്. അത്തരമൊരു സമൂഹത്തിലേ ജനങ്ങൾക്ക് ഒരുപോലെ പ്രാപ്യമാകുന്ന നേട്ടങ്ങളുണ്ടാക്കാനാകൂ. അതുകൊണ്ടു കേരളത്തിന്റെ ഈ സവിശേഷ സാമൂഹ്യ സാഹചര്യത്തെ സംരക്ഷിക്കണം. അതു തകർന്നാൽ ഒന്നും നേടാനാവില്ല. അതുകൊണ്ടു ജാതിരഹിതമായും മതാതീതമായും ചിന്തിക്കാനും പ്രവർത്തിക്കാനും യുവജനങ്ങൾ മുന്നോട്ടുവരണം.

നവോത്ഥാന പ്രസ്ഥാനങ്ങളും അവ ഉയർത്തിപ്പിടിച്ച മൂല്യങ്ങളും പകരുന്ന ഊർജ്ജം ഉൾക്കൊണ്ടു സമൂഹത്തിന്റെ ഒരുമ നിലനിർത്തുന്നതും ശക്തിപ്പെടുത്തുന്നതുമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. സമൂഹത്തിന്റെ പുരോഗമനപരമായ മുന്നോട്ടുപോക്കിന് അത്യന്താപേക്ഷിതമായ ശാസ്ത്രാവബോധവും യുക്തിചിന്തയും വളർത്താനുള്ള പ്രവർത്തനങ്ങളുടെ മുൻപന്തിയിൽ കേരളത്തിലെ യുവജനങ്ങളുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+