സാമ്പത്തികമായി ലാഭം കിട്ടിയില്ല; ലഭിച്ചത് ചില സന്തോഷങ്ങള്‍: ആടുജീവിതത്തെക്കുറിച്ച് ബ്ലെസി
പോയ വര്‍ഷം മലയാള സിനിമ കണ്ട ഏറ്റവും വലിയ ചിത്രമായിരുന്നു ആടുജീവിതം. പ്രവാസിയായ നജീബിന്റെ അസാധാരണമായ ജീവിതം ബെന്യാമിന്റെ നോവലില്‍ നിന്ന് ബ്ലെസി അഭ്രപാളിയില്‍ പകര്‍ത്തിയപ്പോള്‍ വലിയ നിരൂപക പ്രശംസ നേടാന്‍ ചിത്രത്തിനു കഴിഞ്ഞു. നോവലിന്റെ കാമ്പ് ചോരാതെയാണ് സംവിധായകനായ ബ്ലെസി ചിത്രമൊരുക്കിയത്. ചിത്രീകരണ മികവു കൂടിയായപ്പോള്‍ ഓസ്‌കാര്‍ പ്രതീക്ഷകള്‍ വരെ ചിത്രം വച്ചുപുലര്‍ത്തിയിരുന്നു.
പത്ത് വര്‍ഷത്തോളമെടുത്താണ് ബ്ലെസി ആടുജീവിതത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. കോവിഡ് മഹാമാരി ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ആറ് വര്‍ഷത്തോളം ചിത്രത്തിന്റെ ഷൂട്ട് നീണ്ടുപോയി. ഈ ചിത്രത്തിനായി പൃഥ്വിരാജ് നല്‍കിയ സമര്‍പ്പണവും ശരീരത്തില്‍ വരുത്തിയ മാറ്റങ്ങളും രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ മരുഭൂമിയിലെ ചിത്രത്തിന്റെ ഷൂട്ടിങ്ങും മറ്റു പ്രവര്‍ത്തനങ്ങളും കനത്ത വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. എങ്കിലും പ്രേക്ഷകന് അസാധാരണമായ സിനിമാ അനുഭവം നല്‍കാന്‍ ചിത്രത്തിന് കഴിഞ്ഞു എന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം മികച്ച നടനുള്‍പ്പെടെ പത്ത് സംസ്ഥാന പുരസ്‌കാരങ്ങള്‍ ചിത്രം നേടിയിരുന്നു. ബോക്സ് ഓഫീസില്‍ നിന്ന് 150 കോടിയോളം കളക്ഷന്‍ സ്വന്തമാക്കാനും ആടുജീവിതത്തിന് സാധിച്ചു. എന്നാല്‍ ചിത്രം സാമ്പത്തികമായി ലാഭമുണ്ടാക്കിയില്ലെന്ന് സംവിധായകന്‍ ബ്ലെസി ഒരു സ്വകാര്യ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 82 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.
ചിത്രത്തിന്റെ ബജറ്റ് വളരെ ഭീമമായിരുന്നു. അതിനനുസരിച്ചുള്ള കളക്ഷന്‍ കിട്ടിയില്ലെന്ന് ബ്ലെസി പറഞ്ഞു. ബ്രേക്ക് ഈവനായെന്ന് പറയാന്‍ കഴിയുമെങ്കിലും പ്രതീക്ഷിച്ച ലാഭം ആടുജീവിതത്തിന് ബോക്സ് ഓഫീസില്‍ നിന്ന് ലഭിച്ചില്ല. കിട്ടിയ കളക്ഷന്‍ നോക്കുമ്പോള്‍ ആടുജീവിതം സാമ്പത്തിക ലാഭം തന്നെന്ന് പലര്‍ക്കും തോന്നാം. പക്ഷേ, അത് കഷ്ടിച്ച് ബ്രേക്ക് ഈവനായതേയുള്ളൂ. എന്നാല്‍ ആ സിനിമ കാരണം വേറെ ചില നല്ല കാര്യങ്ങള്‍ സംഭവിച്ചു - ബ്ലെസി കൂട്ടിച്ചേര്‍ത്തു.
ഒരു മലയാള സിനിമയ്ക്ക് കിട്ടാവുന്നതില്‍ ഏറ്റവും നല്ല റീച്ചാണ് ആടുജീവിതത്തിന് ലഭിച്ചത്. ഒരുപാട് സ്ഥലങ്ങളില്‍ ചിത്രം ചര്‍ച്ച ചെയ്യപ്പെട്ടു. ഒരുപാട് പുരസ്‌കാരങ്ങള്‍ ആടുജീവിതത്തിന് കിട്ടിയതാണ് ഏറ്റവും സന്തോഷം നല്‍കിയ കാര്യം. അതെല്ലാം സിനിമ കൊണ്ടുണ്ടായ നല്ല കാര്യങ്ങളായി താന്‍ കണക്കാക്കുന്നുണ്ടെന്ന് ബ്ലെസി പറഞ്ഞു.












Click it and Unblock the Notifications