ആര്‍ക്കുമറിയാത്ത ഷൈന്‍ ടോം ചാക്കോ... 'അവന്റെ ആ ചോദ്യം കണ്ണ് നിറയിച്ചു, ആദ്യമായിട്ടാണ്'
വ്യത്യസ്തമായ സംസാര ശൈലി കൊണ്ടും വീക്ഷണം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഷൈന്‍ ടോം ചാക്കോ. ഏറെ കാലം സിനമാ രംഗത്തെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം നായക വേഷത്തിലേക്ക് ചുവടുമാറ്റുന്നത്. അത്ഭുതപ്പെടുത്തുന്ന മാറ്റമാണ് ഷൈനുണ്ടായതെന്ന് അദ്ദേഹത്തെ അറിയുന്നവരെല്ലാം സമ്മതിക്കുന്നു.
ജോലിയോട് വളരെ ആത്മാര്‍ഥത കാണിക്കുന്ന വ്യക്തിയായിട്ടാണ് ഷൈന്‍ ടോം ചാക്കോയെ പലരും വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ അഭിമുഖങ്ങളില്‍ അദ്ദേഹം നടത്തുന്ന അഭിപ്രായ പ്രകടനവും ശൈലിയും വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിട്ടുണ്ട്. താരത്തെ കുറിച്ച് വളരെ വ്യത്യസ്തമായ അഭിപ്രായമാണ് സംവിധായകന്‍ ജി മാര്‍ത്താണ്ഡന് പറയാനുള്ളത്. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തില്‍ പ്രധാന വേഷം ഷൈന്‍ ചെയ്യുന്നുണ്ട്.

മഹാറാണിയാണ് മാര്‍ത്താണ്ഡന്റെ പുതിയ ചിത്രം. നമ്മള്‍ ഇപ്പോള്‍ കാണുന്ന ഷൈന്‍ ടോം തന്നെയാകും തന്റെ പുതിയ ചിത്രത്തിലും എന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, കുറുപ്പ് പോലുള്ള ചിത്രത്തില്‍ നിന്ന് വ്യത്യസ്തമായ വേഷമാകുമിതെന്നും അദ്ദേഹം സൂചിപ്പിച്ചു. നല്ല നടന്‍ എന്നതിലുപരി നല്ല മനുഷ്യനാണ് ഷൈന്‍ എന്ന് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മാര്‍ത്താണ്ഡന്‍ എടുത്തുപറയുന്നു.
തന്നെ വലിയ തോതില്‍ ടച്ച് ചെയ്ത കാര്യം എന്ന് സൂചിപ്പിച്ചാണ് മാര്‍ത്താണ്ഡന്‍ ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട ഒരു സംഭവം വിശദീകരിച്ചത്. തന്റെ ചേച്ചിക്ക് ക്യാന്‍സര്‍ ബാധിച്ചു. ലൊക്കേഷന്‍ സന്ദര്‍ശിച്ച് തിരിച്ചുപോയി ദിവസങ്ങള്‍ കഴിയുമ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. മറ്റൊരു സര്‍ജറിക്ക് വേണ്ടി ആശുപത്രിയില്‍ എത്തിയപ്പോഴാണിത് അറിഞ്ഞത്...
രണ്ടാഴ്ച കൂടി ഷൂട്ടിങ് ബാക്കിയുണ്ട്. നീ പ്രയാസപ്പെട്ട് കാണാന്‍ വരേണ്ടെന്ന് ചേച്ചി വിളിച്ചുപറഞ്ഞു. ഷൂട്ടിങ് കഴിഞ്ഞ് വന്നാല്‍ മതിയെന്നും പറഞ്ഞു. മേജര്‍ സര്‍ജറി നടന്നു. ഇക്കാര്യം ഷൈന്‍ അറിഞ്ഞിരുന്നു. ഡബ്ബിങ് കഴിഞ്ഞ് പോകാനിരിക്കെ, ഷൈന്‍ വേഗം തന്റെ അടുത്ത് വന്ന് ചേച്ചിയുടെ അസുഖ വിവരങ്ങള്‍ ചോദിച്ചു. സര്‍ജറി കഴിഞ്ഞിട്ട് ഇപ്പോള്‍ എങ്ങനെയുണ്ടെന്ന് അന്വേഷിച്ചു.
പൈസയ്ക്ക് വല്ല ആവശ്യവുമുണ്ടോ എന്ന് ഷൈന്‍ ചോദിച്ചു. ഉണ്ടെങ്കില്‍ പറയണമെന്നും പറഞ്ഞു. ജീവിതത്തില്‍ ആദ്യമായിട്ടാണ് തന്നോട് ഒരാള്‍ അങ്ങനെ ചോദിക്കുന്നതെന്ന് മാര്‍ത്താണ്ഡന്‍ പറയുന്നു. തന്റെ കണ്ണ് നിറഞ്ഞ് വല്ലാതായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. ചേച്ചിയുടെ അസുഖം ഭേദമായി. ഷൈന്‍ നല്ല മനുഷ്യനാണെന്നും മാര്‍ത്താണ്ഡന്‍ വികാരഭരിതനായി.












Click it and Unblock the Notifications