ഇന്നും പലരും പറഞ്ഞ് ചിരിക്കുന്ന ആ ഹിറ്റ് ഡയലോഗ് മോഹന്‍ലാലിന്റെ സൃഷ്ടി: തിരക്കഥയിലുണ്ടായിരുന്നില്ലെന്ന് കമല്‍
മോഹന്‍ലാല്‍ - നെടുമുടി വേണു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് ഓർക്കാപുറത്ത്. 1988 ല്‍ പുറത്തിറങ്ങിയ ചിത്രം 150 ദിവസത്തിലേറെയാണ് തിയേറ്ററുകളില്‍ ഓടിയത്. രഞ്ജിത്തിന്റെ കഥയിൽ നിന്ന് ഷിബു ചക്രവർത്തിതിരക്കഥയും സംഭാഷണവും എഴുതിയ ചിത്രമെന്ന പ്രത്യേകതയും ഓർക്കാപുറത്തിനുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ താര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് സംവിധായകന്‍ കമല്‍.
ഒരു പണിയുമില്ലാതെ തരികട കളിച്ച് നടക്കുന്ന ആംഗ്ലോ ഇന്ത്യന്‍സ് ആയിട്ടുള്ള അച്ഛന്റേയും മകന്റേയും കഥയായിരുന്നു രഞ്ജിത്ത് വന്ന് പറഞ്ഞത്. മോഹന്‍ലാലിന് ആ കഥ ഇഷ്ടമായിരുന്നു. എനിക്കും കഥ നല്ല രസകരമായി തോന്നി. രഞ്ജിത്ത് അതിന് മുമ്പ് തിരക്കഥയൊന്നും എഴുതിയിരുന്നില്ല. അന്ന് ഷിബു ചക്രവർത്തിയുമായി ഞാന്‍ നല്ല അടുപ്പമാണ്. അങ്ങനെ അദ്ദേഹത്തെക്കൊണ്ട് എഴുതിക്കാമെന്ന് തീരുമാനിച്ചെന്നും കൌമുദി മൂവീസിലെ പ്രത്യേക പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് കമല്‍ പറയുന്നു.

മോഹന്‍ലാലും കൊച്ചുമോനും ചേർന്നാണ് ഓർക്കാപ്പുറത്ത് നിർമ്മിക്കുന്നത്. ആംഗ്ലോ ഇന്ത്യന്‍ ശൈലികള്‍ പരിചയപ്പെടാനായി ഞാനും രഞ്ജിത്തും ഷിബു ചക്രവർത്തിയും ഫോർട്ട് കൊച്ചിയിലെത്തി. ഇന്നത്തെ പോലുള്ള ഫോർട്ട് കൊച്ചിയല്ല, അന്നത്തേത്. ആംഗ്ലോ ഇന്ത്യനായ ഒരു സ്ത്രീ നടത്തുന്ന ബാർ ഉണ്ടായിരുന്നു. അതിന് പുറത്തായി ആളുകള്‍ പഞ്ച പിടിക്കും. അങ്ങനെയാണ് മോഹന്‍ലാലിനെ പഞ്ച് പിടിക്കുന്ന ആളാക്കി മാറ്റുന്നത്.
സെക്കന്‍ഡ് ഹാഫിലെ ട്രഷർ ഹണ്ട് എനിക്ക് കുറച്ച് പ്രശ്നം ഉള്ള കാര്യമായിരുന്നു. അതുവരെ നല്ല രസകരമായിട്ടാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ ഒരു സ്ഥലത്ത് എത്തിയപ്പോള്‍ കഥ ബ്ലോക്ക് ആയി. എഴുത്തുകാർക്ക് ഈ ഘട്ടത്തില്‍ ഒരു വഴിത്തിരിവ് സൃഷ്ടിക്കാൻ കഴിയാതിരുന്നപ്പോൾ സംവിധായകൻ പ്രിയദർശനാണ് ഒരു ട്വിസ്റ്റ് സംഭാവന ചെയ്യുന്നത്.
രഞ്ജിത്ത് പ്രിയദർശനോട് കാര്യ പറഞ്ഞപ്പോൾ പിയാനോയ്ക്കുള്ളിലാണ് നിധിയുടെ മാപ്പ് ഉണ്ടാകുന്നതെങ്കിലോ എന്ന് ചോദിച്ചു. ഞങ്ങള്‍ ആലോചിക്കാത്ത ഒരു ഐഡിയ ആയിരുന്നു. പിന്നീട് പിയാനോ അന്വേഷിച്ച് പോകുന്നത് ഉള്‍പ്പെടേയുള്ള സീനുകള്‍ ലഭിക്കുന്നത് അങ്ങനെയാണ്. കഥയില്‍ കുനിഷ്ടുകള്‍ ഉണ്ടാക്കാന്‍ മിടുക്കനാണ് അദ്ദേഹം. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നുവെന്നും സംവിധായകന്‍ പറയുന്നു.
ലെന്‍സ് വെച്ചതുകൊണ്ട് തന്നെ രണ്ടാം ദിവസം ലാലിന്റെ കണ്ണിന് ഇന്‍ഫക്ഷന്‍ വന്നു. ഇതോടെ ആ ബ്ലൂ ഐ മാറ്റിയാലോയെന്ന് ലാല്‍ ചോദിച്ചു. ക്ലോസ് ആയിട്ടുള്ള ഷോട്ട് എടുക്കുമ്പോള്‍ മാത്രമായിരുന്നു കുറച്ച് ദിവസം ബ്ലൂ ഐ വെച്ചിരുന്നത്. ഇടക്ക് ലെന്‍സ് എടുത്ത് മാറ്റാനായി ഒരു നഴ്സിങ് അസിസ്റ്റന്റ് സെറ്റിലുണ്ടായിരുന്നു. പക്ഷെ പിന്നീട് ലാല്‍ അതുമായി ഓക്കെയായി.
നെടുമുടി വേണുവും ലാലും തമ്മില്‍ ഒരു കെമിസ്ട്രിയുണ്ട്. ഡയലോഗ് ഒക്കെ അവർ ഒരുപാട് ഇംപ്രവൈസ് ചെയ്യും. സ്വന്തമായി കുറെ ഡയലോഗ് അവർ ഉണ്ടാക്കി. ഇപ്പോഴും ആളുകള്‍ പറഞ്ഞ് ചിരിക്കുകയും പല ഓഫീസുകളിലും സ്ഥിരമായി പറയുകയും ചെയ്യുന്ന ഒരു ഡയലോഗാണ് " എന്തെങ്കിലും ഒരു ജോലി കിട്ടിയിട്ട് വേണം ലീവെടുത്ത് കുറച്ച് ദിവസം വീട്ടില്‍ വെറുതെ ഇരിക്കാന്‍" എന്നുള്ളത്. സത്യത്തില്‍ അത് തിരക്കഥയില്‍ ഉണ്ടായിരുന്നില്ല. ഷൂട്ടിങ് സമയത്ത് ലാല്‍ സ്വന്തമായി പറഞ്ഞ ഡയലോഗാണ് അതെന്നും കമല്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications