'വാതിൽ തുറന്നത് ബിജു മേനോൻ, ചമ്മി മുഖമൊക്കെ മാറി', ബിജു-സംയുക്ത പ്രണയം കയ്യോടെ പൊക്കിയെന്ന് കമൽ
മലയാള സിനിമാരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ബിജു മേനോനും സംയുക്താ വര്‍മ്മയും. വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയ നായികയായി മാറിയ നടിയാണ് സംയുക്ത. ബിജു മേനോനുമായി പ്രണയത്തിലായി വിവാഹിതയായതോടെ സംയുക്ത അഭിനയരംഗം വിട്ടു.
മഴ, മേഘമല്‍ഹാര്‍, മധുര നൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങളില്‍ സംയുക്തയും ബിജു മേനോനും നായികാ-നായകന്മാരായി വേഷമിട്ടിട്ടുണ്ട്. ഈ സിനിമാ സെറ്റുകളില്‍ വെച്ചാണ് ഇരുവരും തമ്മിലുളള പ്രണയം മൊട്ടിട്ടതും. ഇരുവരുടേയും പ്രണയം കയ്യോടെ പൊക്കിയതിനെ തുറിച്ച് തുറന്ന് പറയുകയാണ് സംവിധായകന്‍ കമല്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചത്.

പ്രണയത്തെ കുറിച്ച് സംയുക്തയോ ബിജു മേനോനോ തന്നോട് പറഞ്ഞത് അല്ലെന്നും പക്ഷേ ഷൂട്ടിംഗിനിടെയുളള ഇരുവരുടേയും പെരുമാറ്റത്തിലൂടെ താനടക്കമുളളവര്‍ അക്കാര്യം കണ്ട് പിടിക്കുകയായിരുന്നുവെന്ന് കമല്‍ പറയുന്നു. മധുരനൊമ്പരക്കാറ്റും മേഘമല്‍ഹാറും സംവിധാനം ചെയ്തത് കമല്‍ ആണ്.
വളരെ പെട്ടെന്നാണ് സംയുക്തയും ബിജുവും തമ്മിലുളള പ്രണയം തങ്ങള്‍ കണ്ട് പിടിച്ചത്. മധുരനൊമ്പരക്കാറ്റിലായിരുന്നു തുടക്കം. അത് കഴിഞ്ഞ് മേഘമല്‍ഹാറില്‍ അഭിനയിക്കാന്‍ വന്നപ്പോഴും അവര്‍ നല്ല പ്രണയത്തിലായിരുന്നു. അത് ആ സിനിമയ്ക്കും ഗുണം ചെയ്തു. പ്രണയ സിനിമകള്‍ കൂടുതല്‍ ചെയ്തിട്ടുളളത് കൊണ്ട് അത്തരം കഥാപാത്രങ്ങള്‍ അവരെ സ്വാധീനിക്കുന്നുണ്ടായിരിക്കാം. പ്രണയം കണ്ട് പിടിച്ചപ്പോള്‍ ബിജു ചമ്മി. ബിജു ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
മധുരനൊമ്പരക്കാറ്റില്‍ ഇവര്‍ ബസ്സില്‍ പോകുന്ന ഒരു സീനുണ്ട്. ബിജു മേനോനും സംയുക്തയും ഒരുമിച്ച് ഇരിക്കുകയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഒക്കെ ബസ്സില്‍ നിന്ന് ഇറങ്ങി. ഇവര്‍ ഇറങ്ങിയില്ല. ആദ്യത്തെ കുറച്ച് ഷോട്ടുകള്‍ എടുത്ത ശേഷം ബസ് വരുന്നതിന്റെ കുറച്ച് ലോംഗ് ഷോട്ടുകള്‍ എടുക്കാന്‍ ക്യാമറാ മാന്‍ സൂം ഒക്കെ സെറ്റ് ചെയ്ത് വെച്ചിരിക്കുകയാണ്.
അസിസ്റ്റന്റ് ഡയറക്ടര്‍ ചെന്ന് പറഞ്ഞു, 10 മിനുറ്റാവും ഷോട്ട് റെഡിയാകാന്‍ എന്ന്. അപ്പോള്‍ ബിജു മേനോന്‍ പറഞ്ഞു, കുഴപ്പമില്ല ഞങ്ങള്‍ ഇവിടെ ഇരുന്നോളാം എന്ന്. അപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് സംശയം തോന്നി. നല്ല ചൂടുണ്ട്, അപ്പോള്‍ ബസ്സില്‍ തന്നെ ഇരിക്കേണ്ട കാര്യം ഇല്ല. ക്യാമറാമാന്‍ പി സുകുമാര്‍ സൂം ചെയ്ത് നോക്കിയപ്പോള്‍ ഇവര്‍ തമ്മിലുളള സംസാരം കണ്ട് തന്നെ വിളിച്ചിട്ട് പറഞ്ഞു, സര്‍ ഒന്ന് ക്യാമറയിലൂടെ നോക്കിയേ എന്ന്.
അങ്ങനെ നോക്കിയപ്പോള്‍ തന്നെ തോന്നി, അതൊരു സാധാരണ സംസാരമല്ല, ഇവര്‍ തമ്മില്‍ എന്തോ ഉണ്ട് എന്ന്. പക്ഷേ തങ്ങള്‍ അപ്പോള്‍ ഒന്നും പറഞ്ഞില്ല. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ സിനിമയിലെ ക്ലൈമാക്‌സില്‍ കാറ്റടിക്കുന്ന സീന്‍ ഷൂട്ട് ചെയ്യുകയായിരുന്നു. സംയുക്തയ്ക്ക് ശ്വാസം മുട്ടലിന്റെ പ്രശ്‌നമുണ്ട്. പൊടി അടിച്ചിട്ട് സംയുക്തയ്ക്ക് ശ്വാസം കിട്ടാതെയായി. എല്ലാവരും പേടിച്ചു. സെറ്റിലുണ്ടായിരുന്ന ഒരു പയ്യന്റെ ഇന്‍ഹേലര്‍ തല്‍ക്കാലും അടിച്ച് കൊടുത്തു. കുറച്ച് ശ്വാസം കിട്ടി. സംയുക്തയുടെ അമ്മ വന്ന് ആശുപത്രിയില്‍ കൊണ്ട് പോയി.
സംയുക്ത ഇല്ലാത്തത് കൊണ്ട് 4 മണിയോടെ ഷൂട്ട് നിര്‍ത്തി. ഞങ്ങള്‍ ഹോട്ടലിലേക്ക് പോയി. ബിജു ഒരു അര മണിക്കൂര്‍ മുന്‍പേ പോയിരുന്നു. താനും സുകുമാറും പോകുന്ന വഴിക്ക് സംയുക്തയെ കണ്ടിട്ട് പോകാമെന്ന് കരുതി ചെന്നു. കോളിംഗ് ബെല്‍ അടിച്ചപ്പോള്‍ വാതില്‍ തുറന്നത് ബിജു മേനോന്‍. ചമ്മേണ്ട ഒരു കാര്യവും ഇല്ല. കാരണം ബിജുവിന് സംയുക്തയെ ചെന്ന് കാണാം, ഒരു കുഴപ്പവും ഇല്ല. പക്ഷേ ബിജു ആകെ ചമ്മി മുഖമൊക്കെ മാറി. അങ്ങനെയാണ് ഞങ്ങള്‍ പിടിച്ചത്. സംയുക്തയ്ക്ക് വയ്യാത്തത് കൊണ്ട് വന്ന് കണ്ടെന്നേ ഉളളൂ എന്നൊക്കെ ബിജു ന്യായീകരിക്കാന്‍ നോക്കി. സുകു പറഞ്ഞു ഞങ്ങള്‍ക്ക് ഇത് കുറച്ച് ദിവസമായി അറിയാം, ഇനി ആരോടും പറയാനൊന്നും പോകുന്നില്ല എന്ന്. പക്ഷേ ബാക്കി എല്ലാവരും കുറേശ്ശെയായി കണ്ട് പിടിച്ചു, കമല്‍ പറഞ്ഞു.












Click it and Unblock the Notifications