സംയുക്ത വർമ്മയോടുള്ള പ്രണയം സമ്മതിക്കാന്‍ ബിജു മേനോന് മടി; പക്ഷെ ഞാന്‍ ഒരു കാര്യം പറഞ്ഞു: കമല്‍
മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. സിനിമ അഭിനയത്തിനിടെ പ്രണയത്തിലായ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം സംയുക്ത വർമ്മ അഭിനയ മേഖലയില്‍ നിന്നും പിന്‍വാങ്ങി. ഇപ്പോഴിതാ ബിജു മേനോനും സംയുക്തയും പ്രണയത്തിലായതിനെക്കുറിച്ച് കൂടുതല്‍ തുറന്ന പറച്ചിലുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ കമല്‍.
ടെലി സിനിമ എന്ന രീതിയിലായിരുന്നു മേഘമല്‍ഹാർ എന്ന ചിത്രം ആദ്യം ആലോചിച്ചിരുന്നത്. ജയറാമിനേയും സംയുക്ത വർമ്മയേയും പ്രധാന കഥാപാത്രങ്ങളായി നിശ്ചയിച്ചു. എന്നാല്‍ ടെലി ഫിലിം ആയതുകൊണ്ട് ജയറാം പിന്മാറി. അങ്ങനെയാണ് ബിജു മേനോനെ ആ വേഷത്തിലേക്ക് കൊണ്ടുവരുന്നതെന്നും കൗമുദി മൂവീസിന്റെ പ്രത്യേക പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് കമല്‍ പറയുന്നു.

മേഘമല്‍ഹാർ എന്ന ചിത്രത്തിന് മുമ്പ് ചെയ്തത് മധുരനൊമ്പരക്കാറ്റായിരുന്നു. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് സംയുക്തയുടേയും ബിജു മേനോന്റേയും പ്രണയം ആരഭിക്കുന്നത്. ഞാനും ക്യാമറമാന്‍ പി സുകുമാറുമൊക്കെ അന്ന് ആ പ്രണയം കണ്ടുപിടിക്കുകയായിരുന്നു. ഒരു അർത്ഥത്തില്‍ അത് മണത്ത് കണ്ടുപിടിക്കുകയായിരുന്നു. എന്നാല്‍ ബിജു മേനോനും സംയുക്തയും ഒരു കാരണവശാലും അത് അംഗീകരിച്ചിരുന്നില്ല.
മേഘമല്‍ഹാറിലൂടെ ഇക്കാര്യത്തില്‍ ഒരു തീരുമാനമാക്കണമെന്ന് ഞാനും സുകുമാറും തീരുമാനിച്ചിരുന്നു. അങ്ങനെ ലൊക്കേഷനില്‍ വന്നപ്പോഴാണ് ബിജു മോനോനോട് മുഴുവന്‍ തിരക്കഥയും പറയുന്നത്. അതോടെ അവന്‍ വല്ലാതായി. ലവ് സ്റ്റോറി ആണല്ലോ എന്നതായിരുന്നു ആ വല്ലായ്കയ്ക്ക് കാരണം. കാര്യങ്ങളൊക്കെ എനിക്ക് മനസ്സിലായെന്നും, കണ്ണടച്ച് പാല് കുടിക്കുന്നത് മറ്റാരും അറിയുന്നില്ലെന്ന് വിചാരിക്കണ്ട എന്ന് പറഞ്ഞുവെന്നും കമല്‍ വ്യക്തമാക്കുന്നു.
ഇതേ ടെന്‍ഷന്‍ സംയുക്തയ്ക്കും ഉണ്ടായിരുന്നു. ലൊക്കേഷനില്‍ ഇതേക്കുറിച്ച് ആരും സംസാരിക്കില്ലെന്നും. പുറത്ത് നിങ്ങള്‍ എന്താണ് എന്നതൊന്നും ഞങ്ങള്‍ക്ക് അറിയേണ്ടതില്ല. ഇവിടെ നിങ്ങള്‍ രാജീവും നന്ദിതയും മാത്രമാണ്. ആ കഥാപാത്രങ്ങളായി നിങ്ങള്‍ എങ്ങനെ സക്രീനില്‍ ഉണ്ടാകുമോ അത് മാത്രമേ ഞങ്ങള്‍ കാണുകയുള്ളു. ക്യാമറയുടെ ബാക്കിലുള്ളതൊക്കെ നിങ്ങളുടെ വ്യക്തിപരമായ കാര്യമാണെന്നും ഇരുവരോടും പറഞ്ഞു.
മേഘമല്‍ഹാർ എന്ന് പറയുന്ന സിനിമ ഉണ്ടാക്കിയ ഇംപാക്ട് എന്ന് പറയുന്നത് അവർ ഒരുമിച്ച് ജീവിതം തുടങ്ങി എന്നുള്ളതാണ്. ഈ സിനിമ എങ്ങനെ പ്രേക്ഷകർ സ്വീകരിക്കും എന്ന കാര്യത്തില്‍ എനിക്ക് സംശയം ഉണ്ടായിരുന്നു. ഒരാള്‍ക്ക് ഭാര്യയും മറ്റേയാള്‍ക്ക് ഭർത്താവുമുണ്ട്. അതേസമയം തന്നെ ആ പ്രണയത്തിന്റെ പരിശുദ്ധി നിലനിർത്തുകയും വേണം.
പ്രണയത്തിന്റെ പരിശുദ്ധിയൊക്കെ ആളുകള്‍ക്ക് തമാശയായി തോന്നുന്ന കാലമാണല്ലോ ഇത്. പക്ഷെ അന്ന് അതായിരുന്നില്ല. പ്രണയത്തിന്റെ ഒരു ഘട്ടത്തില്‍ ഇനി നമ്മള്‍ കാണണ്ട എന്ന് പറഞ്ഞ് അവർ പിരിയുകയാണ്. പിന്നീട് വർഷങ്ങള്‍ക്ക് ശേഷം ഇരുവരും കണ്ടുമുട്ടുമ്പോള്‍ അപരിചതരെപ്പോലെ ഹലോ, ഹലോ എന്ന് പറയുന്ന രീതിയിലാണ് ക്ലൈമാക്സ് ചിത്രീകരിച്ചത്. ഇവർ തമ്മില്‍ ശാരീരികമായ യാതൊരു ബന്ധപ്പെടലും ഇല്ലാതെ അവരെ പിരിയാനായി അനുവദിച്ചതെന്ന് അന്ന് പലരും ചോദിച്ചിരുന്നുവെന്നും കമല്‍ പറയുന്നു.












Click it and Unblock the Notifications