'അഡ്വാന്‍സില്‍ പകുതി ഷെയ്ന്‍ തിരിച്ചുതന്നിട്ടില്ല, പിണക്കമില്ല.. കളിച്ചത് വേറെ ചിലര്‍'; സാജിദ് യഹിയ
തന്റെ ഏറ്റവും പുതിയ ചിത്രമായ ഖല്‍ബില്‍ നിന്ന് ഷെയ്ന്‍ നിഗം പിന്‍മാറിയത് സംബന്ധിച്ച വിവാദങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ സാജിദ് യഹിയ. ഷെയ്ന്‍ നിഗത്തോട് അതിന്റെ പേരില്‍ പിണക്കമില്ലെന്നും ഇപ്പോഴും തങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണ് എന്നും സാജിദ് യഹിയ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സാജിദ് യഹിയയുടെ പ്രതികരണം.
ഒരുപാട് പ്രതിസന്ധികള്‍ കാരണം മുടങ്ങിപ്പോയ ചിത്രമാണ് ഖല്‍ബ് എന്ന് സാജിദ് പറഞ്ഞു. അഡ്വാന്‍സ് നല്‍കിയതില്‍ പകുതി തുക ഷെയ്ന്‍ തിരിച്ച് നല്‍കിയിട്ടില്ല എന്നും താന്‍ അത് ചോദിക്കാന്‍ പോയിട്ടില്ല എന്നും സാജിദ് യഹിയ കൂട്ടിച്ചേര്‍ത്തു. ഷെയ്ന്‍ നിഗം നല്ല അഭിനേതാവാണ് എന്നും സോഷ്യല്‍ മീഡിയയില്‍ കാണുന്ന വിഡിയോകളിലൂടെയോ അഭിമുഖങ്ങളിലൂടെയോ വിലയിരുത്തേണ്ട നടനോ വ്യക്തിയോ അല്ല ഷെയ്ന്‍ എന്നും അദ്ദേഹം പറഞ്ഞു.

ഖല്‍ബുമായി ബന്ധപ്പെട്ട പ്രശ്‌നം ഷെയ്‌നോ താനോ കാരണം സംഭവിച്ചതല്ല എന്നും സാജിദ് വ്യക്തമാക്കി. ആദ്യം നിര്‍മാതാവിന് ചില പ്രശ്‌നങ്ങള്‍ വന്ന് ബ്ലോക്കായി. പിന്നീട് ക്യാമറാമാന് അപകടം സംഭവിച്ചു. അവിടേയും സിനിമ നിന്നു. പിന്നീട് കൊറോണ കൂടി വന്നതോടെ വലിയ ഗ്യാപ് വന്നു, സാജിദ് യഹിയ പറയുന്നു. അതിനിടെ പലരും പല അഭിപ്രായങ്ങള്‍ പറയാന്‍ തുടങ്ങി.
അത്തരം അഭിപ്രായങ്ങളോട് അഡ്ജസ്റ്റ് ചെയ്യാന്‍ തനിക്ക് സാധിക്കില്ല എന്നും സാജിദ് വ്യക്തമാക്കി. അഡ്വാന്‍സ് കൊടുത്ത മുഴുവന്‍ പണവും തിരിച്ച് തന്നിട്ടില്ല എന്നും എന്നാല്‍ അതിന് ആരോടും പരാതിയില്ലെന്നും സാജിദ് യഹിയ പറയുന്നു. ഷെയ്ന്‍ പകുതി കാശാണ് തിരികെ തന്നത്. അതിന്റെ പേരില്‍ താന്‍ പരാതിക്കൊന്നും പോയിട്ടില്ല എന്നും അഡ്വാന്‍സിന്റെ കാര്യമൊക്കെ രണ്ടാമത്തെ കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
'പൈസയൊക്കെ എപ്പോള്‍ വേണമെങ്കിലും കിട്ടും. എന്റെ ജീവിതത്തില്‍ ഞാന്‍ പണത്തിന് രണ്ടാം സ്ഥാനമേ കൊടുത്തിട്ടുള്ളൂ. കോടികളൊന്നും ഞാന്‍ ഉണ്ടാക്കിയിട്ടില്ല. എന്റെ ബാപ്പ യഹിയ ഉണ്ടാക്കിയ പാരമ്പര്യം എന്റെ ജീവിതത്തില്‍ ഉടനീളം പിന്തുടരുന്നുണ്ട്. പണം ഒക്കെ എനിക്ക് ആരോഗ്യമുള്ളിടത്തോളം കാലം ഉണ്ടാക്കാന്‍ കഴിയും,' സാജിദ് യഹിയ കൂട്ടിച്ചേര്‍ത്തു. ഈ സിനിമയില്‍ അഭിനയിച്ചില്ല എന്ന് കരുതി ഷെയ്‌നുമായി പിണക്കമില്ല എന്നും അദ്ദേഹം പറഞ്ഞു.
ഷെയ്‌നും കുടുംബവും വ്യക്തിപരമായി നല്ല ആളുകളാണ്. ഞാന്‍ എപ്പോഴും അവരോടൊപ്പമാണ് നിന്നത്. ഇതൊരിക്കലും ഷെയ്‌നോ അവരുടെ വീട്ടുകാരോ ഉണ്ടാക്കിയ പ്രശ്‌നങ്ങളല്ല. ഇടയില്‍ വേറെ ചിലര്‍ കളിച്ചതാണ്. തന്നെ പിന്തുണയ്ക്കാനും സഹായിക്കാനും ഒരുപാട് പേര്‍ നില്‍പ്പുണ്ട് എന്നും വിജയ് ബാബു എന്ന മനുഷ്യന്‍ തന്നെ സഹായിക്കാന്‍ മുന്നോട്ടുവന്നത് പറയാതിരിക്കാന്‍ കഴിയില്ല എന്നും സാജിദ് പറഞ്ഞു.












Click it and Unblock the Notifications